കവിത - പ്രജീഷ ജയരാജ് ********
അമ്മ, അടുക്കള
*********
അടുക്കളയിലേക്ക്
നോക്കുന്നവർക്കായ് ..
നോക്കാത്തവർക്കുമായ്...
നോക്കൂ.. ആകാശം അതിന്റ കാർമേഘങ്ങളെ
മുഴുവൻ നിക്ഷേപിച്ച ഒരു മൂലയുണ്ട്...
അവിടെ എപ്പോൾ വേണമെങ്കിലും പെയ്യാൻ വെമ്പി നില്കും..
ഗദ്ഗദം ചുമരുകളിൽ തിങ്ങിവിങ്ങും.
പുലരിയെ ഉണർത്തുന്നവൾ
ആവർത്തനത്തിൻ അസ്വാരസ്യങ്ങളിൽ പിറുപിറുക്കുന്നവൾ...
അവൾ ..
അവളുടെ സമ്മർദ്ദമാണോ ഇടയ്ക്ക് ഒരു പാത്രത്തിലൂടെ അലമുറയിടുന്നത് .....?
അല്ല അവൾ മൗനിയായി തന്നെയാണ്
ഇട്ടാവട്ടത്തെ പെരുപ്പിക്കാൻ ഓട്ടമാണ്
പലകുറിയെങ്കിലും, അവളുടെ ആകാശം എന്നും അവൾക് അന്യമായിരിക്കും..
സ്വന്തമാകാശത്തിന്റെ സൗന്ദര്യം ഒരിക്കലുമറിയാത്തവൾ
ജനാലയിലൂടെ പോവുന്ന വേവുമണങ്ങളിൽ പോലും കലരില്ല...കലർത്തില്ല
ഉള്ളു വേവുന്ന കനലിൻ ചൂര്. അങ്ങിനെയൊരുവൾ അടുക്കളയായി മാറുന്നു ..
********