കവിതകൾ - സുനിത തോപ്പിൽ

കവിതകൾ - സുനിത തോപ്പിൽ

കവിതകൾ - സുനിത തോപ്പിൽ 
************
1.
ക്വാറൻഡീൻ 
*******
ആൾക്കൂട്ടങ്ങളിൽ നിന്നെല്ലാം
അകന്നകന്ന് നിൽക്കണം
അകത്തളങ്ങളിൽ താഴിട്ടുപൂട്ടി
ഒതുങ്ങി ഒതുങ്ങിക്കൂടിക്കൊള്ളണം
ഒട്ടും തന്നെ പുറത്തിറങ്ങരുത്...
ക്വാറൻഡീൻ നിയമങ്ങൾ
ഇന്നാട്ടിൽ ഏതൊരു 
സ്ത്രീലിംഗത്തിനും
പുതിയതാകുന്നതേയില്ല
ഏതൊരാളിൽ നിന്നും
വൈറസ് പകർന്ന്
ജീവിതം മരണക്കളിയിലേയ്ക്ക്
എത്തിപ്പെടാമെന്നും
മൂർച്ഛിച്ചാൽ
മൈനസാക്കാൻ 
മരുന്നൊന്നുമില്ലന്നും
വീട്ടുഭരണകൂടത്തിന്റെ 
നിത്യശാസനങ്ങൾ .

ഹോസ്റ്റലിൽ ബന്ധുവീടുകളിൽ
പള്ളിക്കൂടങ്ങളിൽ എല്ലായിടത്തുമുണ്ട്
ആകാശങ്ങൾ അടച്ചിട്ട ചുവരുകളും മേൽക്കൂരകളും.

ലോക്ക് ഡൗൺ തീരുന്നതേയില്ല എവിടെയും
അടക്കവും ഒതുക്കവുമുള്ള 
ഉരു അന്വേഷിച്ച് വന്നെത്തിയവരുടെ
വീട്ടിലെത്തിയപ്പോൾ അവിടുള്ളതോ
ട്രിപ്പിൾ ലോക്ക് ഡൗൺ...

താലിയും സിന്ദൂരപ്പൊട്ടും
അതിൻ്റെ അച്ചുകുത്തലുകൾ
പെണ്ണായിപ്പോയ ജന്മം തന്നെയാണ്
ആദ്യം ക്വാറൻഡീൻ ചെയ്തത്
അതു കഴിഞ്ഞേയുള്ളൂ ഏത് 
കൊറോണ വൈറസും.

ക്വാറൻഡീൻ നാളുകൾ നീങ്ങും
ആളുകൾ പൂട്ടുപൊളിച്ച്
തെറിച്ച് ചിന്നിച്ചിതറും എന്നാലും
അടുക്കളയിലും വീടിൻ്റെ വ്യാകരണങ്ങളിലും
മരണത്തിൻ്റെ താക്കോലിട്ട് മാത്രം
തുറക്കാവുന്ന ക്വാറൻഡീൻ കുലസ്ത്രീകൾ
പിന്നെയും ബാക്കിയാകും

മരണത്തിലും പാലിക്കപ്പെടുമെന്നുറപ്പുണ്ട്
അണുവിട തെറ്റാതെ
ക്വാറൻഡീൻ പ്രോട്ടോക്കോളുകൾ
പെണ്ണായിപ്പോയ ജന്മം തന്നെയാണ്
ആദ്യം ക്വാറൻഡീൻ ചെയ്തത്
അതു കഴിഞ്ഞുള്ളൂ എത്
കൊറോണ വൈറസും... ..

2.
അലിയാരണ്ണൻ.
********
രണ്ടുപേർ 
രണ്ട്‌ വീട്
രണ്ടു മതം
രണ്ടു നാട്
എന്നിട്ടും
എന്തുകൊണ്ടാണിത്ര
ഒന്നായിപ്പോയത് ?
രണ്ടു പേരും
വണ്ടിയോടിക്കുന്നു
ഒരേ വഴിയിലൂടെ
ഒരേ വണ്ടികൾക്ക്
സ്ഥിരം സൈഡ് കൊടുക്കുന്നു ....
ഒരേ റോട്ടിൽ
 വണ്ടിയോടിക്കുന്നവർ
എന്നാലുമിത്രയ്ക്ക്
 കൂടപ്പിറപ്പുതന്നാകുമെന്നുണ്ടോ '

കാക്കി , അല്ലെന്നാൽ
ആകാശനീല നിറത്തിൽമാത്രം
 അരക്കയ്യൻ ഷർട്ട്
 രണ്ടാൾക്കും '
 'ചിലപ്പോൾ 
ബട്ടൺ നിരതെറ്റിയിട്ടത്
വെള്ള ഡബിൾമുണ്ട്'
വെള്ളനിറം തേഞ്ഞ വള്ളിച്ചെരുപ്പ്
മടിക്കുത്തിൽ
കാശ് , കണക്ക്ബുക്ക്.
കാഴ്ച്ചയിലും
സമാസമം രണ്ടുപേർ 
അലിയാരണ്ണനും അച്ചാച്ചനും .
കാശു മാത്രമല്ല 
വണ്ടീടെ ടയറും കാക്കിഷർട്ടും ഡീസലുമൊക്കെ അവർ അങ്ങുമിങ്ങും
വാങ്ങലുണ്ട് 
കൊടുക്കലുണ്ട്

ഓണത്തിനും 
ചെറിയ പെരുന്നാളിനും
 അലിയാരണ്ണന്റെ 
ചവറയിലെ നാട്ടിലേക്ക്
ഞങ്ങൾരണ്ടുവീടുകൾ 
ഒറ്റവണ്ടിയിലൊന്നിച്ച്
 മലയിറങ്ങിപ്പോയി
കടലു കണ്ടിരുന്നു.
സിനിമകൾ കണ്ടിരുന്നു.
ചൂടുനെയ്യപ്പമെന്നാണെനിക്ക്
അലിയാരണ്ണനിട്ട ചെല്ലപ്പേര്
എവിടെക്കണ്ടാലുമത്
ചൂടോടെ വാങ്ങിക്കൊണ്ടു തന്നിട്ട് ..

മലവെള്ളം പായിച്ച ഒരുപെരുമഴയിൽ 
തകർന്നുപോയ കനാൽ റോഡിൽ
നിർത്തിയിട്ട് ,
 ഇറങ്ങിമാറുംമുമ്പേ 
അണ്ണനോടിച്ചിരുന്ന 
പവർസ്റ്റേഷൻ വണ്ടി
മറിഞ്ഞതിനടിയിൽ 
പെട്ടുപോയാണ് 
പാവം അലിയാരണ്ണൻ
 മരിച്ചു പോയത് ........

കരയുന്നതായി 
 കണ്ടിട്ടേയില്ല.
പെറ്റമ്മ മരിച്ചന്നുപോലും .
ഞങ്ങടെ അച്ചാച്ചനെ ,
എന്നിട്ടും
പോസ്റ്റുമോർട്ടം കഴിഞ്ഞ്,
 പുതച്ചു കിടക്കുന്ന 
അലിയാരണ്ണനുള്ള വണ്ടിയിലവർ
 ഒരുമിച്ചതേ വഴി 
തിരിച്ചുവന്ന പെരുമഴയിൽ 
ഡ്രൈവർ സീറ്റിലിരുന്ന്
അലമുറയിട്ട് അച്ചാച്ചൻ
കരഞ്ഞ കണ്ണീരും
ചേർന്നതാണ് ഞങ്ങൾക്കിന്നും അലിയാരണ്ണൻ ......

ഞങ്ങൾ,
അന്നത്തെ,
 ഏഴുമക്കൾ
 പലവഴിക്ക്പിരിഞ്ഞു.
കാണലില്ല  മിണ്ടലില്ല
അകലങ്ങളിലാണിപ്പോൾ
പിന്നെയൊരു നാൾ
അച്ചാച്ചനും അലിയാരണ്ണൻ്റടുത്തേക്ക് കടന്നുപോയി
അവരിപ്പോൾ 
ഏങ്ങോ ഒരിടത്ത്
അടുത്തടുത്തിരുപ്പുണ്ടാവും
ഞങ്ങളുടെ അകലങ്ങൾ നോക്കി ....

************
സുനിത തോപ്പിൽ

കവി സുനിത തോപ്പിൽ ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് ജനിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ 'ദലിത് കവിതകൾ ; വ്യക്തി ,അനുഭവം ,രാഷ്ട്രീയം' എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്നു. ഇപ്പോൾ കാസർഗോഡ് ജില്ലയിലെ ബജ മോഡൽ കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസിൽ പ്രിൻസിപ്പലാണ്. 

 'പെണ്ണായിപ്പോയ ജന്മം തന്നെയാണ് ആദ്യം ക്വാറൻഡീൻ ചെയ്തത് ' എന്ന സുനിത തോപ്പിലിൻ്റെ കവിതാ സമാഹാരത്തിൻ്റെ ആമുഖത്തിൽ ദളിത് സ്ത്രീ അനുഭവങ്ങളുടെ ഭൂഖണ്ഡമാണ് സുനിതയുടെ കവിതാ ലോകം എന്ന് കവി എസ്.ജോസഫ് എഴുതുന്നു.
************

Comments

(Not more than 100 words.)