ജീവിതത്തിൻ്റെ മറുപിറവി തിരയുന്ന കവിതകൾ
(മ്യൂസ് മേരി കവിതകൾ ഒരു പ0നം)
************
- സിമിത ലെനീഷ്
********
സ്ത്രീയുടെ അസ്വാതന്ത്ര്യം മുഴുവൻ സമൂഹത്തെയും ജീർണതയിലേക്ക് നയിക്കുമെന്ന് സോഷ്യലിസ്റ്റ് ചിന്തകനായ ഫൂറിയേ പറയുന്നുണ്ട്. സ്ത്രീയുടെ അസ്വാതന്ത്ര്യങ്ങളുടെ തുറന്നെഴുത്താകുന്നുണ്ട് ഇന്നത്തെ മലയാള കവിത.ഈ കാലഘട്ടത്തിൽ ലിംഗാധികാര വ്യവസ്ഥിതിയിൽ തളച്ചിടേണ്ട ഒരുവളല്ല പെണ്ണെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട് മ്യൂസ് മേരിയുടെ കവിതകൾ . മ്യൂസ്മേരിക്കവിതകളെ ആത്മാവിൻ്റെ ആഴങ്ങളിലെ തിരിച്ചറിവുകളെന്ന് ഒറ്റവാക്കിൽ വിളിക്കാം. കാഴ്ചവട്ടങ്ങളുടെ പതിവു രീതികളിൽ നിന്ന് മാറി പുതിയ ലോകത്തിൻ്റെ കാഴ്ചകളാൽ ജ്ഞാനസ്നാനപ്പെട്ട ജീവിതത്തിൻ്റെ മറുപിറവിയാണത്. കണ്ട കാഴ്ചകളിൽ നിന്ന് മാറി കവിതകളിൽ ജീവിതത്തിൻ്റെ യഥാർത്ഥ്യങ്ങളെ ചേർത്ത് വയ്ക്കുമ്പോൾ കവി എന്നതിനപ്പുറം ശരിതെറ്റുകൾക്കിടയിൽ പുതുക്കപ്പെടുന്ന പുതു ജീവനുള്ള ,കവിതാമണമുള്ള അനുഭവങ്ങളുള്ള പെണ്ണൊരുത്തിയായി, കവി മാറുന്നു. കാഴ്ചയും, ഓർമയും, ജീവിതവും ഒരുവളെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് കവി കനപ്പെട്ട ശബ്ദത്തിൽ ഉറക്കെ പറയുന്നുണ്ട്. കാഴ്ചയിലും കാലത്തിലും മാറിയ ചങ്കൂറ്റമുള്ള ഒരുവളായി കവി മാറുന്നതിൻ്റെ വിവിധ ഘട്ടങ്ങൾ കവിതകൾ കാണിച്ചുതരുന്നു. കവിതകൾ കാലത്തിൻ്റെ ഓരോ മാറ്റങ്ങളെ ഓരോ തിരിച്ചറിവുകളായി അടയാളപ്പെടുത്തുന്നു.
"മുളച്ചെണീക്കുന്നുണ്ടൊരു
പൂവാങ്കുറുന്നിൽ
കല്ലു കെട്ടിയ മുറ്റ-
ത്തിന്നിടയിലൂടിത്തിരി
വിടവിലൂടെ
ഞെരുങ്ങി
നിവർന്നു
പറയുന്നുണ്ടു
പോലും
കേൾക്കൂ
എന്നിലുണ്ടാ ചങ്കൂറ്റം"
ചങ്കൂറ്റം എന്ന കവിത പങ്ക് വെയ്ക്കുന്ന ആശയം ഏത് കടുത്ത പ്രതിസന്ധിയിലും ഉയർത്തെണീക്കുന്ന ആത്മബോധമാണ്.
സ്നേഹത്തിൻ്റെയും പ്രണയത്തിൻ്റെയും പാരായണമാണ് മ്യൂസ് മേരിയുടെ കവിതകൾ. സ്നേഹം കൊണ്ട് തോറ്റ് പോയ ഹൃദയം സ്നേഹത്തിൽ ശരി തെറ്റുകൾ ഇല്ലെന്ന് ഉറക്കെ വിളിച്ച് പറയുന്നു. സ്നേഹത്തിൻ്റെ ആഴങ്ങളിൽ ഇനിയും ഉറവകളുണ്ടെന്ന് ഓർമപ്പെടുത്തി ഉടൽ വഴികളുടെ അപൂർവ്വ ചാരുത പകരുന്ന ലോകങ്ങൾ സമ്മാനിച്ച് നമ്മുടെ ഹൃദയത്തെ പ്രാർത്ഥന പോലെ ശുദ്ധമാക്കുന്നു .സ്നേഹമെന്നാൽ ,ജീവിതമെന്നാൽ കല്ലുപ്പ് പോലെ അലിഞ്ഞു ചേർന്ന രസതന്ത്രമാകുന്നുണ്ട് പലപ്പോഴുമെന്ന് കല്ലുപ്പ് എന്ന കവിത ഓർമിപ്പിക്കുന്നു.
"വാരിപ്പിടിച്ചിട്ടൊരു
ചട്ടിയിലലിഞ്ഞ്
നമ്മൾ രുചികളായി
തമ്മിലില്ലാതെയായി" എന്ന് പറയുമ്പോൾ തമ്മിലലിഞ്ഞ് ചേർന്നൊരു ജീവിതത്തിന് കല്ലുപ്പ് പോലെ നാം മെരുങ്ങേണ്ടിയിരിക്കുന്നു. സ്നേഹത്തിൻ്റെ രസതന്ത്രം ഞാനും നീയുമില്ലാത്ത നമ്മളാം ലോകമെന്ന് ആദർശം ചമച്ച് സ്നേഹമെന്ന അത്ഭുത ഖനിയിലേക്ക് കവി നമ്മെ തള്ളിയിടുന്നു.
പ്രണയമൊരു അനന്ത സാധ്യതയായി ജീവിതത്തിൽ നിറയുന്ന സത്യമാണെന്ന് കവി ഓർമപ്പെടുത്തുന്നു. ജീവിതത്തെ ആകെയൊന്നു പ്രണയത്താൽ മുക്കിയെടുത്ത് കവിതയുടെ അഴയിൽ പിഴിഞ്ഞ് തൂക്കി ഉണക്കാനിട്ട് കവി കാവലിരിക്കുന്നത് ഉണങ്ങി മൊരിയുന്ന ജീവിതത്തിലും പ്രണയം കൊരുക്കുന്ന ആർദ്രത അനുഭവിപ്പിക്കാനാണ്.
"നീയെന്നെ പേരുചൊല്ലി
വിളിച്ച നിമിഷം
എല്ലാപേരും എൻ്റെ പേരായി
പിന്നെ എല്ലാപേരും ഇല്ലാതായി "
"നമ്മെ നനച്ച മഴകൾ
ഇനിയൊരാളേയും
കുട
ചൂടിക്കില്ല"
"അഗ്നി അഗ്നിയെ തലോടുമ്പോൾ
പൊള്ളുന്നതു പോലെ
കടൽ കടലിനെ
പകരാത്തതുപോലെ
എന്നെ നിനക്ക് പകരാനാവുന്നില്ലല്ലോ
തുറന്നോ അടഞ്ഞോ
ഇനി ഒരു വാതിലും നമുക്കിടയിലില്ല"
"ഏത് മഷിത്തണ്ടിലും നിൻ്റെ വിരൽതുമ്പിൻ്റെ
നനവ് ഞാനറിയുമ്പോൾ
ഇരു കണ്ണാടികളായി മുഖം നോക്കിയും
ജലമിടിപ്പുകൾ തോർന്ന്
പോകാതെയും നമ്മൾ"
ഈ വരികളെല്ലാം പ്രണയമെന്ന അനുഭൂതിയുടെ തുറന്ന് വെച്ച ഉയിർപ്പുകളാണ് .പ്രണയം നിറഞ്ഞ് തൂവുന്ന ലോകത്തിലെ ശലഭം പോലെ കവി പ്രണയത്താൽ വാചാലയാകുന്നു. പ്രണയം കൊണ്ട് ശുദ്ധമാകുന്ന ജീവിതത്തിനെ കവി അനുഭവിക്കുന്നു. പ്രണയമെന്നാൽ ശരീരം കൊണ്ടല്ലാതെ ആത്മാവ് കൊണ്ടടയാളപ്പെടുത്തുന്ന അനുഭൂതിയാണെന്ന് ഓരോ വരികളും ഓർമപ്പെടുത്തുമ്പോൾ
"ഓരോ മറവിയും
മരണമാണെന്ന് കൂടി" കവി പറയാൻ മടിക്കുന്നില്ല. പ്രണയത്തിൻ്റെ സാധ്യതകളിൽ ഉടലിനെ ചേർത്ത് കെട്ടി കവിതകളിലെ സൗന്ദര്യത്തെ കവി മറ്റൊന്നാക്കി മാറ്റുന്നുമുണ്ട്.
മ്യൂസ്മേരിക്കവിതകളിൽ ഓർമയുടെ കൈ പിടിച്ച് നടക്കുന്ന ഒരുവൾ സജീവമാണ്. അവൾക്ക് അവൾ ജീവിച്ച നാടും ആ നാട്ടിലെ ജീവിതങ്ങളും മനുഷ്യരും നാട്ടുവഴികളിൽ നിറയുന്ന പച്ചിലകളുടെ മണവുമെല്ലാം ഒഴിവാക്കാനാവാത്ത നേരുകളാണ്.കവിതകൾ പറയുന്ന ആ നേര് മക്കൾക്ക് അന്യമാണെന്ന തിരിച്ചറിവ് കവി വേദനയോടെ ഓർമിക്കുന്നു
"മക്കളേ നിങ്ങൾക്കിനി
യൊരയൽക്കാരൻ്റെ
ചാരു ബെഞ്ച്
കാത്തിരിപ്പില്ലയെന്നോ
തിരക്കത്തി മധുര
മില്ലാതുരുകിപ്പോയോ"
എന്ന് ചോദിക്കുന്നത് നന്മ നഷ്ടമായ ,ബന്ധങ്ങൾ നഷ്ടമായ കാലത്തിൽ നിന്ന് കൊണ്ടാണ്.
ഗൃഹാതുരത്വം നിറഞ്ഞ വഴികളും ,കണ്ട് മറഞ്ഞ മനുഷ്യരും ,പഴയ ഓർമകളും കവിതകളിൽ പുതിയ ഓർമയായി നിറഞ്ഞ് തൂവുന്നു. അമ്മച്ചിമാരെ ഓർക്കുന്ന കവിത നെഞ്ച് നീറുന്ന ഓർമ്മകൂടിയാണ്. എത്ര നാടുകളിൽ എത്ര കാലങ്ങളിൽ എത്ര അമ്മച്ചിമാരിങ്ങനെ പേരില്ലാതെ ഊരില്ലാതെ ഓർമകളില്ലാതെ മരിച്ച് പോയിരിക്കുന്നു. തൻ്റെ നാട്ടിലെ അമ്മച്ചിമാരെ ഓർക്കുന്ന കവിക്ക് ഓരോ അമ്മച്ചിയും ഓരോ അനുഭവ പാഠമാണ്.
"വെച്ചുവിളമ്പി
വെന്തു വെന്തു
തിളയാറ്റിം
ഞങ്ങടമ്മച്ചി
കെട്ടുപോയിട്ടും
കനലിരുന്നു
വേകുന്നു നെഞ്ചിൽ
മിഴി ചേർത്തടച്ചു
കണ്ണീർ വാർത്തു കളയുന്നു
അനുസരണംകെട്ട കുട്ടി".
ബൈബിൾ കഥകളുടെ പുനരാഖ്യാനം ശക്തമായി കവി സ്വീകരിക്കുന്നുണ്ട്. കർത്താവും മറിയയുമൊക്കെ സാധാരണ മനുഷ്യരായി നമ്മുടെ നീതിബോധത്തെ ചോദ്യം ചെയ്യുന്നു.പുരാണാഖ്യാനങ്ങളിലെ വൈരുധ്യങ്ങളെ കവി അടയാളപ്പെടുത്തുന്നു.
"മറിയ
മാനസാന്തരങ്ങളിൽ
മുങ്ങി നിവരാതെന്നും
പ്രണയപ്പെരുവഴിയിൽ
ഉപ്പു തൂണായുറങ്ങുന്നു"
"ഉയിർപ്പുകളില്ലാത്ത
രക്ത ബലികളിലൂടെ
ഗോൽഗോഥ
കയറുമ്പോൾ
മനുഷ്യപുത്രർ
തനിച്ചാണ്."
എന്നിങ്ങനെയുള്ള വരികളിലൂടെ ആഖ്യാനത്തിൻ്റെ പുതിയ സാധ്യതകളെ കവി തേടുന്നതിനൊപ്പം പുരാണ ഇതിഹാസങ്ങൾ ചേർത്തടച്ച് പൂട്ടുന്ന സ്ത്രീയുടെ ലോകത്തെ കവി തുറന്നിടുന്നു.ആകാശും കുന്നിൻ ചെരുവും മഴകളും നഷ്ടമായ പെണ്ണുങ്ങൾക്ക് വേണ്ടി കവി പുതിയ കാഴ്ചകൾ തേടുന്നു.
പെണ്ണിന് നഷ്ടമാവുന്ന ലോകങ്ങളുടെ ചാരുതയെ ഭംഗിയായി അടയാളപ്പെടുത്തുന്നുണ്ട് മ്യൂസ് മേരിയെന്ന തൻ്റേടിയായ പെണ്ണ്. നഷ്ടപ്പെട്ട് പോകുന്ന ഇടങ്ങളെ ചേർത്ത് വെയ്ക്കാനറിയാത്ത സത്യം പറയാൻ മടിക്കുന്ന പെണ്ണുങ്ങളോട് നീരസം പ്രകടിപ്പിക്കുന്ന കവി ഈ ലോകത്ത് കൊടിച്ചിയായി രൂപപ്പെട്ട ഓരോ പെണ്ണിനോടും, അവളെ കൊടിച്ചിയാക്കിയ സമൂഹത്തോടും കലഹിക്കുന്നുണ്ട്.
"വിരൽ ഞ്ഞൊടിക്കുമ്പോൾ
വാലാട്ടി
കാലുവിറച്ച്, കാലൂന്നി
നിവർന്ന്
കിടക്കയിൽ മലർന്ന്
കിതപ്പുകൾ മണത്ത്
കൊടിച്ചി"
ചിരിക്കാൻ പോലും സ്വാതന്ത്യം നിഷേധിക്കപ്പെട്ട പെൺവഴികളിൽ ചിരിയെ തന്നെ കവി മാറ്റിയെഴുതുന്നു.
"മനസ്സിൻ്റെ
തുറക്കാത്ത
വാതിലിൽ
വാക്കു വന്നു
മുട്ടുന്നതാണാ
ചിരിയെന്ന്
അവളാരോടും പറഞ്ഞില്ല."
അല്ലെങ്കിലും സദാചാര കണ്ണുകളും രാഷ്ട്രീയ ബോധ്യങ്ങളും തളച്ചിടാൻ ശ്രമിക്കുന്ന അവൾ എന്ന സ്വത്വത്തെ എത്ര തുറന്നെഴുതിയാലും മലയാളി അംഗീകരിക്കില്ലെന്ന് കവിക്കുമറിയാം. അതു കൊണ്ടാണ് പലതും അവൾ പറയാതിരിക്കുന്നതും.
അഴുക്ക് എന്ന കവിത തുറന്നിടുന്ന ലോകം പ്രതിഷേധത്തിൻ്റെ താണ്.ആർത്തവമെന്ന പരിശുദ്ധിയെ അഴുക്കാക്കി മാറ്റിയ ലോകത്തോടുള്ള കടുത്ത എതിർപ്പ് നീയാരെന്ന ചോദ്യത്തിന് നൽകുന്ന
"കല്ലറയ്ക്കുള്ളിലും കബറിനുള്ളിലും
ചിതയ്ക്കുള്ളിലും
പുറ്റു വളർന്നൊരു മൈതാനം
ഇരമ്പുന്നു
അഴുക്ക്, അഴുക്ക് ,അഴുക്ക്" എന്ന ഉത്തരത്തിലൂടെ കവി പ്രകടമാക്കുന്നു. എങ്ങനെയാണ് പെണ്ണൊരു അഴുക്കായത് ?ആ അഴുക്കിൻ്റെ വഴുവഴുപ്പിൽ പിറന്ന് വീഴുന്ന ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണിത്.
മഴ വ്യത്യസ്ത തലങ്ങളിൽ വ്യത്യസ്ത കാഴ്ചകളായി വ്യത്യസ്ത അനുഭവങ്ങളായി കവിതകളിൽ നിറയുന്നു. മഴയടയാളം, മിഥുനം തുടങ്ങി മഴ കവിതകൾ ഏറെയാണ്.മഴക്കാഴ്ചകളിലെ വൈവിധ്യം പേറുന്ന കവിതകൾ അടയാളപ്പെടുത്തുന്നത് ജീവിതത്തിൻ്റെ പല ഘട്ടങ്ങളാണ്. ഓരോ കാലവും വരുത്തുന്ന പക്വത ഓരോ മഴയനുഭവങ്ങളിലും നിറയുന്നുണ്ട്. മ്യൂസ് മേരിയെന്ന കവിയുടെ ചിന്താ ലോകവും അനുഭവ ലോകവും വ്യത്യസ്തമാവുന്നതായി നാം മനസ്സിലാക്കുന്നത് ഒരു വിഷയത്തെ തന്നെ പല കാഴ്ചക്കോണുകളിൽ അവതരിപ്പിക്കുമ്പോഴാണ്.കവിയുടെ വൈകാരിക വളർച്ച ഓരോ ഘട്ടത്തിലും പ്രകടമാണ്.ഗൗരവതരമായ സംഭാഷണങ്ങളിൽ നിന്ന് പലപ്പോഴും കവിതകൾ നർമ്മത്തിലേക്ക് കടക്കുമ്പോൾ കവിയാർജ്ജിക്കുന്ന തീഷ്ണത വായനക്കാരിൽ നിറയുന്നു.
പ്രണയം നിറഞ്ഞ നോട്ടങ്ങളുമായി കവിത കൊണ്ടൊരുവൾ ഭ്രമിപ്പിക്കുമ്പോൾ, ജീവിതം നിറയുന്ന സ്നേഹം കൊണ്ടൊരുവൾ പ്രാർത്ഥന പോലെ വഴിയൊരുക്കുന്നു. ഒട്ടും കുറക്കാത്ത ദേഷ്യത്താൽ ചങ്കൂറ്റം കൊണ്ട് ഒരുവളപ്പോൾ സമൂഹത്തിൻ്റെ അകം തുറക്കുന്നു, ഗൃഹാതുരതയും ഓർമയും നാടും കൊണ്ടൊരുവൾ തൻ്റെ നാട്ടുകാരെ തേടിയിറങ്ങി മരണം കൊണ്ടു പോലും അടയാളപ്പെടുത്താത്ത മനുഷ്യരെ കവിതയാക്കുന്നു, മഴ കൊണ്ടൊരുവൾ ജീവിതത്തെ നനക്കുന്നു. പ്രാർത്ഥനയും ധ്യാനവും പ്രണയവും ഓർമകളും മഴയും മൗനവും കൊണ്ട് മ്യൂസ്മേരിക്കവിതകൾ സ്നേഹത്താൽ നിറഞ്ഞ് കവിയുന്നു. മ്യൂസ്മേരിക്കവിതകൾ ജീവിതത്തിൻ്റെ പകർപ്പുകളും പ്രണയത്തിൻ്റെ യാത്രയുമാണ്. കവി കവിതകളെ ആത്മാവു കൊണ്ടെഴുതി ജ്ഞാനസ്നാനം ചെയ്തിരിക്കുന്നു. പൊള്ളിയടരുന്ന ഓരോ ജീവിതങ്ങളും മനുഷ്യരും ഇവിടെ പ്രാർത്ഥന പോലെ പരിശുദ്ധമാണ്. കവിത ആത്മാവ് തൊടുന്ന അനുഭവമാകുന്നതും അത് കൊണ്ടാണ്. കവിതകളിലൂടെ കവി തുറന്നിടുന്ന ലോകം വേദന കൊണ്ടും സ്നേഹം കൊണ്ടും പ്രണയം കൊണ്ടും ജീവിതം പാകപ്പെട്ട ഒരുവളുടെ സ്വന്തമായ ഇടമാണ് .അവിടെ പരുവപ്പെട്ട ഒരുവളുടെ ഉറച്ച ശബ്ദത്തിൽ കാലിടറാതെ പിടിച്ച് നിൽക്കാൻ ചങ്കൂറ്റത്തിൻ്റെ പുതുവഴി കണ്ടെത്തേണ്ടിയിരിക്കുന്നു .