സരിത മോഹനൻ ഭാമ (അഥവാ എം സരിത വർമ്മ ) ഒരു ബൈലിംഗ്വൽ എഴുത്തുകാരിയാണ് . ഇംഗ്ലീഷിലും മലയാളത്തിലുമായി അനേകം കവിത ആന്തോളജിപുസ്തകങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട് . കഥയ്ക്ക് സംസ്ഥാന സ്‌കൂൾയുവജനോത്സവത്തിലും , മാതൃഭൂമി വിഷുപ്പതിപ്പു മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട് . ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പോസ്റ്റ്ഗ്രാജ്വേഷനു ശേഷം ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്ന് Applied Economics ൽ MPhil എന്നിവയാണ് പ്രധാനമായും വിദ്യാഭ്യാസം. 1984 മുതൽ എഴുത്തു കൊണ്ട് മാത്രമാണ് സരിതയുടെ ഉപജീവനം. 1992 ൽ ജേര്ണലിസ്റ്റിക് എക്സലന്സിന് ജെ ഇ റ്റി നാഷണൽ ഫെലോഷിപ്പിന് അർഹയായിട്ടുണ്ട് . ദി ഫിനാൻഷ്യൽ എക്സ്പ്രസ്സ് , ദി സ്റ്റേറ്റ്സ്മാൻ , മലയാള മനോരമ ഗ്രൂപ്പ് എന്നീ മാദ്ധ്യമങ്ങളിൽ കൊൽക്കത്ത , ചെന്നൈ , മുംബൈ , കേരളം എന്നീയിടങ്ങളിൽ പ്രവർത്തിച്ചു . കാർഡിഫ്- ആസ്ഥാനമായ തോംസൺ ഫൗണ്ടേഷൻ തുടങ്ങി ഇന്ത്യക്കകത്തും വിദേശത്തുമായി നിരവധി Writers training workshopകളിൽ പങ്കെടുത്തിട്ടുണ്ട് . മ്യുസ് ഇന്ത്യ , വേർഡ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്നീ പ്രസിദ്ധീകരണങ്ങളിൽ ഇംഗ്ലീഷിലും , മാതൃഭൂമി , മാദ്ധ്യമം, ദേശാഭിമാനി , സമകാലീനമലയാളം എന്നിവയിൽ മലയാളത്തിലും കവിതകൾ വരാറുണ്ട്. 2020 നു ശേഷം എക്കണോമിക്സ് ജേർണലിസത്തിൽ നിന്ന് ഏറെക്കുറെ പൂർണ്ണമായി സാഹിത്യലേഖനങ്ങൾ , കവിത എന്നിവയിലേക്ക് തിരിഞ്ഞു . IFFK യുടെ ഫിലിം സെലക്ഷൻ ജൂറിയിലും, കേരളസർക്കാർചലച്ചിത്രഅവാർഡിന്റെ രചനാവിഭാഗം ജൂറിയിലും സരിത മോഹനൻ ഭാമ പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്കും, മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേയ്ക്കും കവിതകൾ മൊഴിമാറ്റം ചെയ്യാറുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി ബാംഗ്ലൂരുവിൽ വച്ച് നടത്തിയ വനിതായെഴുത്തുകാരുടെ സംഗമത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്ത ടീമിന്റെ ഭാഗമായി പങ്കെടുത്തു. സരിത മോഹനൻ ഭാമയുടെ "ഉപ്പുതിളക്കം" എന്ന കവിത ഫ്രഞ്ച് ഭാഷയിലേയ്ക്കും, അറബിഭാഷയിലേയ്ക്കും വിവർത്തനം ചെയ്തിട്ടുണ്ട്. "യൗ എന്ന വനത്തിൽ, അനന്തരം " എന്ന കവിതാസമാഹാരവും സാംസ്കാരികചാലകശക്തികളായി ജീവിച്ച ചില വ്യക്തികളുടെ ഓർമ്മകളടങ്ങുന്ന "സ്പന്ദിക്കുന്ന മുന്തിരിപ്പഴങ്ങൾ " എന്ന ലേഖനസമാഹാരവും 2022 ൽ പ്രസിദ്ധീകൃതമാവും.