കാരണം
- സുധ പയ്യന്നൂർ
എന്താണ് കാര്യമെന്ന് നോക്കും നാക്കും!!
സാരിച്ചുറ്റിനുള്ളിൽ
അവൾ സിന്ദൂരമിട്ടുനിന്നു..
സ്വർണ്ണത്തിനൊപ്പം തൂക്കത്തിൽ
വേച്ചു നിന്നു..
എന്നിട്ടും എന്തിനാണ്?
മീശ പിരിച്ചു നിന്ന കോലായിൽ കാൽകേറ്റിയിരുന്നിരുന്നോ?
അല്ല, പച്ചവെളിച്ചം കൊണ്ട് രാവു വെളുപ്പിച്ചോ?
കവിതയെഴുതിയോ?
പിന്നെന്താണ്?
ചെവി പൊത്തില്ലെങ്കിൽ പറയാം..
വാ പൊത്തിപ്പിടിച്ചതാണ്..
തികട്ടിത്തികട്ടി വന്നതൊന്നും പുറത്തേക്കു വരാതിരിക്കാൻ .. ചെവിയിൽ കേട്ട ദുഷിപ്പുകളൊക്കെ
അടിഞ്ഞുകൂടിയതാണ്..
കൂട്ടത്തിൽ പല തവണ പുറത്തേക്കാഞ്ഞഛർദ്ദിലും..
ഒടുവിൽ,
ശബ്ദഘോഷത്തോടതങ്ങ് പോയി..
കാരണവൻമാരുടെ ചാരുകസേര
പൂമുഖത്ത് വിറകൊണ്ടു..
ഏമ്പക്കം കേട്ടു തഴമ്പിച്ച ഊണുമുറിയുടെ
വാതിൽ നാണിച്ചടഞ്ഞു
അതെ... അതായിരുന്നു കാരണം കുപ്പിവള പൊട്ടിയ പോലത്തെ
ഒരു കീഴ്ശ്വാസം..
പോയപ്പോൾ കിട്ടിയ ആശ്വാസത്തിൽ മതിമറന്നിരുന്നു പോയി..
അന്ധാളിച്ചു നിന്നവൻ പറയാനായും മുമ്പേ അവൾ അവനെ ഉപേക്ഷിക്കുകയായിരുന്നു..
സുധ പയ്യന്നൂർ :
സാമൂഹിക മാദ്ധ്യമങ്ങളിൽ എഴുതാറുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ താമസം.
വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്ക്.