കവിതകൾ - ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ

കവിതകൾ - ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ
**********

1.
ഉണക്കമീൻ!!
*******
ഉപ്പിട്ടുണക്കി
കാറ്റ് കടക്കാതെ സൂക്ഷിച്ചിരിക്കുന്ന
ഉണക്കമീൻ ഭരണികളാണ്
ഇന്നലെയിലെ
ചില ഏടുകൾ.
പച്ച തിന്ന് മടുക്കുമ്പോൾ
ഇടയ്ക്കൊന്നെടുത്ത്
പലവട്ടം അലമ്പിക്കഴുകി
മുളകുതേച്ച്
ചുട്ടെടുക്കും
ആകെ നാറ്റമെന്ന്
ചുറ്റുമുള്ളവർ
മൂക്ക്ചുളിക്കും.
എന്നാലോ,
ശീലമായിപ്പോയി
നോക്കു,
ഇനിയീ നാറ്റം കളയാൻ ....!!

2.
പാഞ്ചാലത്തെ പെണ്ണ് 
**********
ചിരഞ്ജീവി മന്ത്രമുരുവിട്ടും,
ചിറകുകൾ പൊഴിച്ചും, ചുണ്ടുകൾ കൊഴിച്ചും
പരുന്ത്;
തപം ചെയ്ത,
പാറക്കെട്ടിനു താഴെ,
മുട്ടുകാലിൽ മുഖംപൂഴ്ത്തി
ഭൂതകാലത്തിന്നടരുകളെ
നിസ്സംഗം,
വേർപെടുത്തുകയാണവൾ,
പാഞ്ചാലത്തെ പെണ്ണ്!
അടർന്നുവീഴുന്നവയിലോരോന്നിലും വൈചിത്ര്യങ്ങളനേകമെന്ന്,
ഉറങ്ങുന്നവളെയുണർത്താതെ
അവൾക്കുള്ളിലൂടെയൊരു യാത്ര.
മഹത്തുക്കളുടെ
രുധിരഗന്ധമണിയും,
കുരുക്ഷേത്രഭൂവിലടിവെച്ച് നടക്കേ,
അനീതിയുടെ രക്തക്കറകൾ
മണ്ണോട്ചേർന്ന്, അവളുടെ കാലടികളിൽ
ഇക്കിളികൂട്ടുന്നു.
കൊട്ടാരക്കെട്ടിലെ അന്തഃപുര വാതിൽ
വരവ് കാത്തിരുന്നെന്നതുപോലെ
ഝടുതിയിൽ തുറന്ന്
"സുസ്വാഗതം പ്രിയമാനവളേ"
എന്നൊരരൂപി,  മൊഴിയാലവളെ
ആശ്ളേഷിക്കുന്നു.
മൊഴികൾ ചിലനേരം ഒറ്റുകാരാണ്!
ശൂന്യതയിലൂടൊരു മഞ്ഞൾപുടവ
അവളെ വലംവെച്ച-
ക്ഷയപാത്രത്തിലെയ-
വസാന ചീരയിതൾ രുചിച്ച്,
നെറുകയിൽ ചുംബിച്ച്,
ഗൂഢാർത്ഥങ്ങളൊളിപ്പിച്ച-
പുഞ്ചിരിയായ്, ബാസുരിയിലേക്ക്
മടങ്ങുന്നു.
"പെരിയപൊരുൾ  കിടച്ചിരുക്ക്
കൊഞ്ചം തിരുമ്പി പാര് തായേ"  എന്നൊരുവന്റെ പേച്ചും
"സമമാ പകുത്തെടുത്തിക്കോയേ" എന്ന്
പിൻപാർവയില്ലാത്ത തായിൻ മൊഴിയും,
എതിർശബ്ദമില്ലാതായവളുടെ വിധിമാറ്റവേ,
മീതാത്ത നീതിബോധം;
നഗ്നതയൊളിപ്പിക്കുവാനാവാതെ,
അവൾ,
പെരുവിരലൊടിച്ചിട്ട ഞൊട്ടച്ചത്തത്തിൽ
ഞെട്ടി
തല താഴ്ത്തി നിന്നു.
വീരനൊരുവന്റെ വിരലുകൾ പതിഞ്ഞ ബാണം
പിന്നോട്ടുനടന്ന് അവളുടെ
മിഴിയെത്താത്തിടം തിരയേ,
"കാതലെൻട്രാൽ പൊയ്
കവിതൈ പോലൈ പൊയ്" യെപ്പോവത്?
എന്ന് മൂളിക്കൊണ്ട്
നേർത്ത വിരലുകളാലവൾ
ബാണത്തിന്റെ,
നട്ടെല്ലിനുറപ്പിനെ തൊട്ടുനോക്കുന്നു.
അതുകാൺകെ,
മറ്റുമൂന്നുപേർ ഒളിവിടം തിരയുന്നു.
ഏകാകിയാം
സൗഗന്ധികത്തിന്
കാവൽനിൽക്കും യഷ്ടിയിൽ
മിഴിയുടക്കേ,
ഹിഡുംബിക്ക് സുഖമോ?
എന്നവൾ.
കിടക്കറവാതിൽ മെല്ലെ തുറന്ന്
അകത്തേയ്ക്ക്
കാലെടുത്തുവെച്ച്,
ഒരു പകുതി
തണുത്ത കിടക്കയിൽ;
വിശപ്പ് വിശപ്പെന്ന്
അലമുറയിടുന്ന
മനസ്സിന്റെ വിങ്ങിക്കരച്ചിൽ,
നഗ്നയായുറങ്ങിയതോർത്തെടുക്കേ..,
പൈതലെന്നോണമൊരു
വിതുമ്പൽ, അവളിൽ
പാതി വഴി വന്ന് തിരിഞ്ഞു പോകുന്നു.
തിരുമ്പിപ്പാക്കാത്ത പാർവ്വയും, അഞ്ചുപേരും, രാജ്യവും, പദവിയും ,കാറ്റായ്
കാൽച്ചുവട്ടിൽ
മന്നിപ്പെന്ന് തലോടിയണയുന്നതി-
നൊരുഞൊടിമുന്നേ,
പൊട്ടിച്ചിരിച്ചവൾ
അവളിലേയ്ക്ക് നൂണ്ടുകയറുന്നു!
ചിരഞ്ജീവിയായ പരുന്തവളെ വലംവെച്ച്
സൂര്യനെ തൊടുന്നു!
അവൾ;
പാഞ്ചാലത്തെ പെണ്ണ്!

**********
ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ :

ആലപ്പുഴജില്ലയിൽ പഴവീട് താമസിക്കുന്ന ജ്യോതിലക്ഷ്മി സെന്റ്: ജോസഫ് സ്ക്കൂൾ, സെന്റ്: ജോസഫ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. പാലിയേറ്റീവ് കെയറാണ് പ്രവർത്തന മേഖല.

കവിതാ സമാഹാരം -
'വേവുകളിൽ വിരൽ കുടയുമ്പോൾ വേനൽമഴയെന്ന് '   
**********

Comments

(Not more than 100 words.)