ഉടൽ പൂക്കൾ നിറയുന്ന ഉൻമാദം
(വി .എം ഗിരിജയുടെ കവിതകളെക്കുറിച്ച്)
***********
പഠനം - സിമിത ലെനീഷ്
*******
തൊണ്ണൂറുകൾക്ക് ശേഷം മലയാള കവിതയിൽ സ്വന്തമായ സ്ഥാനത്തെ ഉറപ്പിച്ച കവിയാണ് വി.എം ഗിരിജ. പ്രകൃതിയുടെ വിവിധ ഭാവങ്ങളും സ്ത്രൈണതയുടെ പുതിയ മാനങ്ങളും ശരീരത്തിൻ്റെ കാഴ്ചവട്ടങ്ങളുമൊരുക്കി ജൈവികത പ്രകടമാക്കുന്ന ഗിരിജയുടെ കവിതകൾ, വാർപ്പുമാതൃകളോട് പടവെട്ടി ലിംഗപരമായ പുതിയൊരു ഭാവുകത്വത്തിലേക്ക് കൂടി നമ്മെ നയിക്കുന്നു .
ഗിരിജയുടെ കവിതകൾ കാമനകളെ സ്വതന്ത്രമായി ആവിഷ്ക്കരിക്കുമ്പോൾ പെണ്ണും പ്രകൃതിയും ഉടലുകളായി തന്നെ ജ്വലിക്കുന്നു. ശരീരത്തെ എവിടെയും മാറ്റിവെക്കുന്നില്ല. ശരീരത്തിൻ്റെ ഓരോ ഭാഗങ്ങളും അതായി തന്നെ കവിതയിൽ പ്രത്യക്ഷപ്പെടുന്നു. ചുണ്ട്, മുല ഇവയെല്ലാം നാം സാധാരണ ഉപയോഗിക്കുന്ന വാക്കുകൾ പോലെ കടന്നു വരുന്നു. പെൺ പ്രണയം ശരീരത്തിൻ്റെ അനന്ത സാധ്യതകളിലൂടെ കവിതകളിൽ നിറയുന്നു. പെണ്ണ് എന്താണെന്ന് അവൾ തന്നെ വിളിച്ച് പറയുമ്പോൾ ആൺ ആഘോഷങ്ങളാൽ സമൃദ്ധമായ പെൺബിംബങ്ങൾ ഇല്ലാതാകുന്നു. ഗിരിജയുടെ കവിത ആർഭാടങ്ങളും വളച്ച് കെട്ടുമില്ലാതെ ജീവിതത്തെ ചേർത്ത് വെയ്ക്കുമ്പോൾ ഒരു കാലം എഴുതി വച്ച ചില പാരമ്പര്യധാരണകളോട് ഭംഗിയായി തന്നെ കലഹിക്കുന്നുണ്ട്.
"അവൻ്റെ ലിംഗം ചിറക് മുളച്ചുയരുന്ന
ഒരപൂർവ്വ പറവയായി അവളെ
ആകാശത്തിലേക്കുയർത്തുന്നു"
രതിയില്ലാതെ എന്ത് പ്രണയം. ജീവിതത്തിൻ്റെ രസക്കൂട്ട് രതിയിൽ
തന്നെയാണ് നിറയുന്നത്. അവൻ നൽകുന്ന ആനന്ദം അവളെയും അവൾ പകരുന്ന സാന്ത്വനം അവനേയും ആകാശത്തിലേക്ക് ഉയർത്തുന്നുണ്ട്. ശരീരമില്ലാതെ ജീവിതത്തെ മാത്രമായി കവിതയിൽ നിറയ്ക്കാൻ കവി തയ്യാറല്ല. പ്രണയം പോലും മറിച്ച് നോക്കി ആനന്ദിക്കാനുള്ള ഒരു ആൽബമാണ് .പ്രണയവും രതിയും നിറയുന്ന ജീവിതത്തെ അതായി തന്നെ ആവിഷ്ക്കരിക്കുന്ന കവിതകളാണ്
കവിയുടെ പ്രത്യേകത.
ജീവിതമെന്ന ഏറ്റവും വലിയ സത്യത്തെ മൃതിയോട് തന്നെയാണ് കവി ചേർക്കുന്നത്. അത് അവസാനിക്കാത്ത യാത്ര പോലെ തന്നെ അവസാനിക്കാത്ത ഭയവുമാണ്.
"ചുളിക്കയ്യ് തപ്പി നോക്കീട്ടെൻ്റെ
ഭംഗി, യഭംഗിയായി തോന്നീ"(പേടി)
ശരീരത്തിൻ്റെ മിനുപ്പ് നൽകുന്ന സന്തോഷം പോലെ തന്നെ അതിൻ്റെ ചുളിവ് നൽകുന്ന ഭയവും കൂടിയതാണ് ജീവിതം.കവിത നൽകുന്ന ആനന്ദം പോലെ തന്നെ പ്രധാനമാണ് അത് പകരുന്ന ആഴമേറിയ ചിന്തയും.ഗിരിജയുടെ കവിതകൾ അനന്ദവും ചിന്തയും ഒരേ സമയം ജനിപ്പിച്ച് ജീവിതത്തിൻ്റെ പല വഴികളിലേക്ക് നമ്മുടെ കൈ പിടിക്കുന്നു
"പല നേരങ്ങളിൽ
പല ലോകങ്ങളിൽ
പല പച്ച
പല ജലവിതാനങ്ങൾ
പല ഭാഷ, ചിരി
പല രസം, രുചി, നിറം
പറയുന്നതെങ്ങനെ ഞാൻ എൻ
ജ്വലിക്കുന്ന പരമാർത്ഥം
(പലയിടങ്ങൾ )
എങ്ങനെയാണ് ഞാനെന്ന പരമാർത്ഥത്തെ നിങ്ങളിലേക്ക് പകരേണ്ടത് എന്ന് കവി ചോദിക്കുന്നു. പലതായി നിറയുന്ന ,കവിയുന്ന, അനുഭവങ്ങളിൽ രൂപപ്പെടുന്ന മനുഷ്യരെ ഒറ്റ ചരടിൽ കെട്ടുന്നവരോട് എങ്ങനെയാണ് ഈ വൈവിധ്യങ്ങളെ ഒറ്റയായി അടയാളപ്പെടുത്തുകയെന്ന ചോദ്യം പ്രസക്തമാണ്.
"പേടിയാവുന്നു കൂട്ടുകാരാ
യുക്തി ചരിത്രം രാഷ്ട്രീയം
ലോകം മനുഷ്യൻ സത്യം
എന്നിങ്ങനെ ഉറച്ചു നീ പടുക്കുന്നു
ലോകത്തിൻ്റെ താക്കോലുകൾ"( പടവുകൾ)
തീ തന്നെ പടുക്കുന്ന ലോകത്തിൽ ഞാൻ അപ്രത്യക്ഷമാകുന്നല്ലോ എന്ന ചോദ്യം കണ്ടില്ലെന്ന് നടിക്കാനാവുന്നതല്ല. ലോകം പുരുഷൻ്റെ മാത്രമായി ചുരുങ്ങി പോകുമ്പോൾ ഒരോ സ്ത്രീയും ഈ ചോദ്യം ചോദിക്കുന്നുണ്ടാകാം. ഉടൽ കുരുക്കുകളിൽ പെട്ടുഴറി സ്വന്തം സ്വത്വത്തെ നഷ്ടപ്പെടുത്തിയ ഓരോ സ്ത്രീയും ഇത് അനുഭവിക്കുന്നവരാണ്. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉന്നത തലത്തിലെത്തിയ സ്ത്രീ തന്നെ നിഷേധിക്കുന്നവയെ ചോദ്യം ചെയ്യുന്നു. ആ ചോദ്യം കാലങ്ങൾക്കിപ്പുറത്തേക്കും ഉയരുമെന്നത് ഉറപ്പാണ്.
"നിനക്കുള്ളിൽ സുഖമാണോ നിലനിൽപ്
അതോ പുറത്താണോ?
എൻ്റെയുടൽ ചോദിക്കുമ്പോൾ
എന്തുത്തരം പറയും ഞാൻ"( പലയിടങ്ങൾ )
സ്ത്രീയായിരിക്കുന്നിടത്തോളം അവൾ എവിടെയാണ് സ്വസ്ഥയാവുന്നത്.കുടുംബത്തിനുള്ളിലോ അതോ പുറത്തോ? ഉത്തരം നൽകേണ്ട സമൂഹം ഇപ്പോഴും ഇരട്ടത്താപ്പ് കളിക്കുന്നുണ്ട്. ഉടൽ പൊള്ളിച്ചകളുമായി ഓരോ പെണ്ണും കരയുമ്പോൾ ഈ വരികൾ ഉയർന്ന് നിൽക്കുന്ന
ചോദ്യമാകുന്നു. ലിംഗനീതി എന്നത് വാക്കുകളിൽ ഒതുങ്ങുന്ന ഒന്നായി മാറുമ്പോൾ ഈ ചോദ്യം ഉയരുക തന്നെ ചെയ്യും. 'പെണ്ണുങ്ങൾ കാണാത്ത പാതിരാ നേരങ്ങൾ'
ഉണ്ടായത് മുതൽ ഒളിച്ചുകളി നടത്തുന്ന സമൂഹത്തോട് കവിതകളിലൂടെ പ്രതികരിക്കുകയാണ് കവി.
ഗിരിജയുടെ കവിതകൾ ഓരോ ചോദ്യങ്ങളാണ്. ജീവിതത്തിൽ ആനന്ദവും വേദനയും നിറയുമ്പോൾ ഉടലുകൾ കൊണ്ട് തൊട്ടറിഞ്ഞ് മനുഷ്യർ മനുഷ്യരാകുന്നു. ജീവിതമെന്ന പായ നീട്ടി ഇരിക്കൂ ഒന്ന് രുചി നോക്കൂ എന്ന് പറയും പോലെ ഗിരിജയുടെ കവിതകൾ ചിലപ്പോൾ കാൽപ്പനികമാകുന്നുണ്ട്. അതിനുമപ്പുറം ചുട്ടുപൊള്ളിച്ച് നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. ജീവിക്കുന്ന കാലത്തിൻ്റെ അനീതികളെ വരഞ്ഞിട്ട് പ്രതിഷേധിച്ച് കൊണ്ട് അതൊരു ഓർമപ്പെടുത്തലാകുന്നുണ്ട്.ലിംഗസമത്വവും ശരീര സമത്വവും ഉണ്ടാകേണ്ട ആവശ്യകതയെ കുറിച്ചുള്ള തിരിച്ചറിവുകളുണ്ട്. കവിത കാൽപനികമാകുമ്പോഴും നിഷേധവും പ്രതിഷേധവും തിരിച്ചറിവുമാകുമ്പോൾ മലയാള സാഹിത്യത്തിൻ്റെ മാറ്റിവെയ്ക്കാനാവാത്ത ഒരധ്യായത്തിൽ ഗിരിജയും ഒരു
ജ്വലിക്കുന്ന പരമാർത്ഥമാവുന്നു.