കവിതകൾ - സ്റ്റാലിന
************************
1.
കവികൾ
*************
രാവിലെ എഴുതിയിട്ട ഓരോ വരീന്നും
മണ്ണിരകൾ ഏഴുന്നേറ്റ് വന്ന്
കെളേക്കാരൻ കൊച്ചയ്യപ്പൻ ചേട്ടന്
കൈ കൊടുത്തു
ഉറുമ്പുകൾ ഓടിനടന്നു
പണിയെടുക്കുമ്പൊളാ കവിയുടെ
കാലുകളിൽ ഉമ്മവെയ്ക്കുക മാത്രം ചെയ്തു.
പത്തരയ്ക്ക് കാപ്പി കുടിക്കാനിരിക്കുന്നതും നോക്കിയൊരു കാക്കച്ചി ക്ഷമയോടെ
കാത്തിരുന്നു
കൊച്ചയ്യപ്പൻ ചേട്ടനന്നെഴുതിയ
കവിതേന്നൊത്തിരി
കവിതകൾക്ക് മുളപൊട്ടി.
അയ്യപ്പൻ ചേട്ടൻ്റെ വീട്ടിൽ
കുഞ്ഞമ്മിണി ചേച്ചിയും ഒട്ടും
മോശമായിരുന്നില്ല അയ്യപ്പൻ ചേട്ടനെപ്പോലെ
മുറിച്ചുമുറിച്ചുള്ള കവിതയല്ലേലും
ഉശിരത്തി ചൊൽക്കവിതക്കാരത്തി
ആശാട്ടി
പശൂനെ കറക്കുമ്പൊഴും
കോഴീടെ കൂട് തൊറക്കുമ്പൊഴും
പുളളിക്കാരി ഈണത്തിൽ
നല്ല താളത്തിൽ കവിത ചൊല്ലി
പശുക്കൾക്ക് പാല് കൂടുതൽ
കോഴികളുഷാറായി ഇണചേർന്ന്
ഒത്തിരി മുട്ടകൾ
മുട്ടമോട്ടിക്കാൻ വന്ന
പട്ടിയെ ഓട്ടിക്കാൻ മാത്രം
അവര് മൂർച്ചയുള്ള തെറിക്കവിതയെടുത്തു
അല്ലാത്തപ്പോ പട്ടിക്ക്
പഴങ്കഞ്ഞീം മീങ്കറീം കാത്തു വെച്ചു
അവർക്ക് രണ്ടാൾക്കും
കവിത മുട്ടണ നേരത്ത്
കുഞ്ഞൊരാ വീട്
നക്ഷത്രങ്ങൾക്കു താഴെ
മണ്ണ് വാരിക്കളിച്ചോണ്ട്
ഒരു കവിത വരയ്ക്കും .
കവിത വറ്റണ
നേരമൊന്നേയുള്ളു
കുഞ്ഞമ്മിണി ചേച്ചിക്ക്
പ്രാന്തെളകണ കാലത്ത്
ആണ്ടറുതികളിലന്നേരത്ത്
കുഞ്ഞമ്മിണി ചേച്ചി
ചൊല്ലാതെ പോയ
കവിതകളെല്ലാമെടുത്ത്
അയ്യപ്പൻ ചേട്ടൻ
മുറ്റമടിക്കും
അടുപ്പ് കത്തിക്കും
നല്ലൊന്നാന്തരം കൂട്ടാനും വെയ്ക്കും
കറിമണമുള്ള പൊക പൊങ്ങുമ്പൊ
ആകാശം അതിലൊള്ള
കവിതയെടുത്ത് നെഞ്ചത്ത്
വിരിച്ചിടും
……………………………… (08.05.2021)
2.
ഇരുപുഴകളും മിന്നൽക്കൊടിയും
***********************
ഒരു പുഴയുടെ തീരത്ത്
പിണഞ്ഞു കിതയ്ക്കും വേരുകൾ
മറുപുഴയുടെ തീരത്ത്
പുതഞ്ഞു വിടരും വിത്തുകൾ
ഇരുപുഴകൾക്കുമിടയിൽ
മണൽപ്പാലത്തിൽ കൈകൾ വീശി
കാലുകളാട്ടിയിരിക്കുന്നൊരു
മിന്നൽപ്പെൺകൊടി
ഒരു പുഴയിൽ
വഴിയറ്റൊരു വീടിന്നിരുവശവും
കയങ്ങളവയിൽ നിന്നും
കൈ നീട്ടുന്നു
പലനാളുകൾ മുന്നേ
മറുതീരം തേടിപ്പോയോൻ
മറുതീരത്തെത്തും മുന്നേ
മണൽച്ചുഴിയിൽ താന്നോൾ
മറുപുഴയിൽ
മുഖം പൊത്തിത്തിരിയും
കാറ്റിൽ മുടിയിഴകൾ
കുടുങ്ങിപ്പോയോർ
മിന്നൽക്കൊടിയുടെ
കാലുകളിൽ പിണയുന്നുണ്ടവരുടെ
വിളറിയ വിരലുകൾ-
മീനുകളില്ലാവെള്ളത്തിൽ
മീൻകൊത്തുകളെന്തേയെന്നോർത്തവൾ
കാൽ കുടയും നേരം
കാൽപ്പാദങ്ങളിലവരുടെ
കൈനഖക്കോറലുകൾ കാണുമ്പോളവൾ
കൈ നീട്ടുന്നവരുടെ നേരെ
കയറിപ്പോന്നിരുവർ
കൈകോർത്തു പിടിച്ചേ പോകുന്നവർ
ഇരുപുഴയും ചേരുമിടത്തിനുമപ്പുറ-
- മക്കരെയക്കരെയെങ്ങോട്ടോ...
പിന്നെയുമേതോ നിലവിളികൾ
കേട്ടിട്ടവളുടെ ചേലയഴിച്ചു
നീട്ടുമ്പോൾ
ഇഴഞ്ഞുകയറിപ്പോരുകയാണ്
പണ്ടവരുടെ പിറകേ
പോയോരമ്മാവന്മാർ
മച്ചുനന്മാർ പിന്നെ
പിന്നിൽ നിന്നാദ്യം
വെട്ടാൻ പൊന്തിയ
മഴുവിൻ കൈയും
തന്തത്തലയും
പൂണൂലും
തുണിയഴിച്ചെറിഞ്ഞു തന്നോളേ നോക്കി
നാവുനുണഞ്ഞിട്ടലറിക്കൊണ്ട വരവളുടെ
മുടിപിടിച്ചിട്ടിഴയ്ക്കുമ്പോൾ
മണൽപ്പാലമിടിച്ചിട്ടിരുപുഴകളുമൊന്നായുയരുന്നു
ചുഴികൾ മൂടുന്നാ പഴയ പിശാചുകളെ
കാറ്റവരെ കുഴിയിൽ താഴ്ത്തുന്നു .
വഴിയറ്റൊരു വീടിന്നിറയത്ത്
വെയിൽ നിറയും കണ്ണുകളുള്ളൊരു മുത്തശ്ശിയുടെ
തള്ളവിരലോളം തൊട്ടു
മടങ്ങുന്നു ഇരുപുഴകളുമൊഴുകുന്നു
മിന്നൽക്കൊടിയോചേലയുടുക്കാതങ്ങനെ
ചേലിലിരുട്ടത്തുയരുന്നു.