കവിത - സാഹിറ കിഴക്കേപീടിക

കവിത - സാഹിറ കിഴക്കേപീടിക

കവിത - സാഹിറ കിഴക്കേപീടിക         **********

ആലിസിന്റെ അത്ഭുതലോകം
***********
ഏപ്രിൽ__

ഏപ്രിലിലെ നട്ടുച്ചയിലേക്കിറങ്ങി,
ആളുകൾ 
ഏത് നിഗൂഢമാളങ്ങളിലേക്കാണ് ഇറങ്ങിപ്പോകുന്നതെന്ന് നോക്കാനാവണം,
ആലിസ് ആദ്യമായി അത്ഭുതലോകമുണ്ടാക്കിയത്

കടുത്ത നിരാശകൾ ചുടുകല്ലുകളുടെ ചൂളയിലെന്നപോലെ വിളഞ്ഞ് പാകമായി
സ്വയമൊരു മുയലായി
അതിന്റെ പൊത്തായി
ആലിസ് അതിലേക്കിറങ്ങുന്ന ഉടുപ്പുകളഴിച്ചു വെച്ച പെൺകുട്ടിയായി

ഏപ്രിലിലെ കൊടും ചൂട്
ചതുപ്പുകൾ ഉണക്കിയെടുക്കുകയും 
വരണ്ടപ്രതലങ്ങളിലൂടെ മരങ്ങൾ പൊട്ടിമുളക്കുകയും ചെയ്തു കൊണ്ടിരിക്കും. 

പകൽ മുഴുവൻ വീടുകൾക്കുള്ളിൽ
പെണ്ണുങ്ങൾ,
ജനിച്ചതും ഇനിയും ജനിക്കാനിരിക്കുന്നതുമായ  കുഞ്ഞുങ്ങളെ ഊട്ടിയുറക്കി, 
പ്രാകി
ഏപ്രിലെന്നാൽ വെറുമൊരു മാസം മാത്രമാണെന്ന് അറിയിച്ചുകൊണ്ടിരിക്കും.

മുയൽ__

ഏത് നേരവും മിണ്ടിക്കൊണ്ടിരിക്കുന്ന
മുയലുകളെയാണ്, 
പെൺകുട്ടികൾ മുടികൾക്കുള്ളിൽ ഒളിച്ചുവെച്ചിരിക്കുന്നതെന്ന് ആരെങ്കിലും കണ്ടുപിടിക്കുമോ?

എന്നാലും ആലിസിന്റെ 
അഴിക്കും മുൻപുള്ള 
ഉടുപ്പിനുള്ളിലൂടെ 
മുയൽ വേട്ടക്കാർ 
അരിച്ചു നടന്ന വഴികൾ
ആമയും മുയലുമായുള്ള ഓട്ടപ്പന്തയങ്ങൾ ഓർത്തു വെച്ച് ഇക്കിളിപ്പെടുത്തും

തോറ്റുപോകുന്ന മുയലുകളെയോർത്ത്
ആലിസ്, 
ഉറക്കത്തിൽ കരയും.
ഒരായിരം മുയൽപറ്റങ്ങൾ ആകാശത്ത് മേഘംപോൽ കുനുകുനാ നിറഞ്ഞ്
പിന്നാലെക്കൂടും

ഓടിയോടി കിതപ്പുമാത്രമായിത്തീരുന്നയിടത്ത്
ലോകാവസാനമെന്നപോൽ
സ്വപ്നം തീരും.

ആലിസ്,
ആളുകൾ ഒളിച്ചു വെച്ച മുയൽ മാളങ്ങൾ 
തേടിയിറങ്ങും

അത്ഭുത ലോകം___

പെട്ടെന്ന് മുതിർന്നു പോയവരാണ്
ഉടുപ്പുകളഴിച്ചുവെച്ച കുട്ടികളെന്ന്
അത്ഭുതലോകമാണ് ആലിസിനോട് പറഞ്ഞത്

മരങ്ങൾ പൊടുന്നനെ 
ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് 
വളരും പോലെ
താൻ, അലസമായൊരു കാടാകുന്നതും
ഉള്ളിൽ ചിതറിയോടുന്ന 
ഒരു പറ്റം മുയൽക്കുഞ്ഞുങ്ങളുണ്ടാകുന്നതും
ആലിസ് അറിയും

'ഏപ്രിൽ ഏറ്റവും ക്രൂരമായൊരു മാസമായിത്തീരും'*
മുയലിറച്ചി പാകമായ മണം
അടുക്കളകളിൽ നിന്നുയരും

മുരടിച്ചുപോയൊരു മുതുക്കൻ 
മുയലിറച്ചി തിന്ന്,
ആലിസ്
കൈകൾ വായിലിട്ട് ഓക്കാനിച്ച്
ഒരു നട്ടുച്ച മുഴുവൻ ഛർദിച്ച് കളയും.

* "April is the cruelest month.."
ടി. എസ്. എലിയറ്റിന്റെ 'ദ വെയ്സ്റ്റ് ലാൻഡി'ലെ ആദ്യവരി.

***********
സാഹിറ കിഴക്കേപീടിക :
മലപ്പുറം സ്വദേശിനിയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം ചെയ്യുന്നു.
***********

Comments

(Not more than 100 words.)