കവിത - ആര്യ ടി.
*******
ജലസമാധി
******
പച്ചക്കാടിൻെറ ഒരരുകിലെ
കുളക്കരയിലെ
പായലിൻെറ വഴുക്കൽ പോലുള്ള
ഒരാളെ എനിക്കറിയാം.
കരയിലെ മരങ്ങളുടെ
നീട്ടിപ്പിടുത്തങ്ങൾ പോലുള്ള
വേരുകളും, പിന്നെ
പേരറിയാത്ത
എണ്ണിയാൽ തീരാത്ത
ചെടിപ്പടർപ്പുകളും
മഷിത്തണ്ടുകളും
കാണുമ്പോൾ മാത്രം
ഓർത്തെടുക്കുന്ന ഒരാൾ.
കുളത്തിൻെറ മൺഭിത്തിയിലെ
തവളക്കോളനികളിൽ നിന്ന്
ഊളിയിടുന്ന ചാട്ടങ്ങൾക്ക്
ഞങ്ങളുടെയൊക്കെ
ചെറുപ്പത്തിൻെറ ഛായയുണ്ട്.
കുളത്തിൻെറ ഒരറ്റത്തു
നിന്ന് നീന്തലറിയാത്ത
നടത്തം തുടരുമ്പോൾ
അയാൾ ജലസമാധിയിലായിരിക്കണം.
ഒരു വേനലിന്റെ ഇടവേളയ്ക്കപ്പുറം
ഇലച്ച ചെടിത്തലപ്പുകളെ
പിന്നോട്ടുതള്ളി
അയാൾ വന്നതേയില്ല..
അതിൽ പിന്നൊരിക്കലും
കുളത്തിന്റെ
നടുവിൽ നിന്ന്
വരാലുപോലെ
ഉയർന്നതുമില്ല..
നട്ടുച്ചയിൽ
കരിങ്കൽക്കെട്ടിനകത്തെ
മൂർത്തി കയറിയ
ചുഴലി പിടിച്ചവൻ
ഭയം കെട്ടിപ്പൊതിഞ്ഞ
കുടത്തിലെ കഥയായി...
ഞങ്ങളുടെ ഉറക്കങ്ങളെ
കൊന്നു തുടങ്ങി..
ഒരു വഴുക്കൽ പോലെ
അപരിചിതത്വം കൊണ്ട്
എനിക്കിപ്പുറം
കിതപ്പാറ്റുന്നൊരാൾ...
*******
ആര്യ ടി :
മലപ്പുറം ജില്ലയിൽ താമസം.
കോഴിക്കോട് ഗവ. ആർട്സ് സയൻസ് കോളേജിൽ മലയാളത്തിൽ Ph D ചെയ്യുന്നു.
******