കവിത - പി.എസ് . ബിന്ദു മോൾ *********
ആണടുപ്പുകൾ
*******
കൈവെള്ളയിലെ അടുക്കളമുറിവിൽ
വൈറസിൻ അതിജീവന ദ്രവം പുകയുമ്പോൾ
ആരും കലഹിക്കാനില്ലാത്ത
അടുക്കളാധികാരം
ആണടുപ്പുകൾക്കു വേണ്ടി കാത്തിരുന്നു.
ചാനൽ പകർത്തിയ പാചക വാതക
സമരപ്പന്തലിൽ പോലും
കണ്ടില്ലൊരു നാളുമവ.
നിങ്ങൾ വാഴ്ത്തിക്കൊള്ളുക:
പെണ്ണടുപ്പിൻ രുചി മഹിമ
ഇനിയുമിനിയും സുഖിച്ചുണ്ണുവാൻ
അവളിടത്തിലെ തിടുക്കപ്പാച്ചിലിൽ
തൊഴിലിടത്തിലെ കിതപ്പുകൾ തോറും
പൊതിയിലന്നമായ് അമർന്നുവേവുവാൻ
തുനിഞ്ഞില്ലൊരു നാളുമാണടുപ്പുകൾ
മുറിവുകൾ പഴുത്ത തല്ലാ-
തൊരു ജീവനദ്രവം പുരണ്ടതില്ല:
പെണ്ണകങ്ങളിൽ കനൽ തിളപ്പിച്ചൊ-
രകമടുപ്പിലും ...
ഇഹത്തിലും പരത്തിലും
പുകഞ്ഞു തീരുവാൻ മാത്രം
"മുടിത്തെയ്യ "മായൊരുവൾ
ഉറഞ്ഞു തുള്ളുന്നു....
***********
പി .എസ് ബിന്ദു മോൾ
രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സത്യാനന്തര കാലത്തിൽ ( 2018)
ഉയിർത്തുടി(2021).
വടകര Goods & Service Tax Department ൽ ജോലി ചെയ്യുന്നു.
***********
gud