എഴുത്തുകാരിയും, കവയിത്രിയും, വിവർത്തകയും, സാമൂഹ്യ ശാസ്ത്രജ്ഞയുമാണ് ഡോ. ശ്രീകല ശിവശങ്കരൻ. 1970-ൽ, കേരളത്തിൽ കോട്ടയം ജില്ലയിലെ ചാന്നാനിക്കാട് ഗ്രാമത്തിൽ ജനിച്ചു. അമ്മ പാറപ്പറമ്പിൽ കല്യാണിയമ്മ ജഗദമ്മ. അച്ഛൻ പത്മനാഭൻ ശിവശങ്കരൻ. 1993-നു ശേഷം ഡൽഹിയിലാണ് ഉപരിപഠനത്തിന്റെയും വിവിധ തുറകളിൽ ഔദ്യോഗിക ജീവിതത്തിന്റെയും ഭൂരിഭാഗവും നയിച്ചിട്ടുള്ളത്. ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് എടുത്തു. ഇന്ത്യയിൽ നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ യഹൂദരെക്കുറിച്ച് പഠിക്കാൻ ആ രാജ്യം സന്ദർശിക്കുകയും ഹീബ്രു യൂണിവേഴ്സിറ്റിയിൽ ഭാഷാ-സാംസ്കാരിക മേഖലകളിൽ പരിശീലനം നേടുകയും ചെയ്തു. ചത്തീസ്ഗഡിൽ ഹിദായത്തുള്ള നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്തിട്ടുണ്ട്. 2005-2008-ൽ തീൻമൂർത്തി നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ ഫെല്ലോ ആയിരുന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സിൽ അസോസിയേറ്റ് പ്രൊഫസർ ആയിരിക്കെ 2017-ൽ ജോലി രാജിവെച്ച് കേരളത്തിൽ വന്നു. കലാസാഹിത്യ പ്രവർത്തനങ്ങൾ തുടരുന്നു. ജൈവ കൃഷിയിലും പരിസ്ഥിതി സംരക്ഷണത്തിലും പ്രത്യേകം തൽപരയാണ്.
ഇംഗ്ലീഷിലും മലയാളത്തിലും മുഖ്യമായും, കൂടാതെ ഹീബ്രുവിലും എഴുതുന്നു. "സമയത്തിന്റെ മണൽത്തരികൾ", "You Walk with Me", "Dream of the Butterflies", "Stranded" എന്നീ കവിതാസമാഹാരങ്ങളും, "Pink Mothers and the White Monk", "Two Stories", "Amaltas Spring" എന്നീ കഥകളും, Alei Stav - Autumn Leaves എന്ന ഹീബ്രു-ഇംഗ്ളീഷ് ഹൈക്കു പോക്കറ്റ് ബുക്കും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ ലിറ്ററേച്ചർ മാഗസിൻ, മ്യൂസ് ഇന്ത്യ, wtp live, ട്രൂ കോപ്പി തിങ്ക്, റൗണ്ട് ടേബിൾ ഇന്ത്യ, പോയട്രിയ, സമകാലീന മലയാളം എന്നിവയിൽ കവിതകളും, വിവർത്തനങ്ങളും, ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.