കവിതകൾ - ഗീത തോട്ടം
**********,*
1.
മറ്റാരുടെയോ ജീവിതം
ജീവിക്കുന്ന ഒരുവൾ
സ്വന്തം ജീവിതത്തെ കണ്ടുമുട്ടുമ്പോൾ......
**********
ഒരിക്കലുമത്
പ്രഭാതസവാരിക്കിടയിൽ
ആയിരിക്കില്ല
പുലർച്ചകളിൽ അവൾക്ക്
തിരക്കോട് തിരക്കായ
കാക്കജീവിതമാണ്
ജീവിക്കേണ്ടത്.
അത് ഇടനേരത്തെ
ചായസമയങ്ങളിലും ആയിരിക്കില്ല
അവൾ അപ്പോൾ
തൊഴിലിടത്തിലെ
ആതിഥേയയുടെ തിരക്കുകളിൽ
ഓട്ടപ്രദക്ഷിണം തികയ്ക്കുകയായിരിക്കും.
ഉച്ചമണിയടിക്കുമ്പോഴും ആവുകയില്ല
അപ്പോഴവൾ
ഊട്ടാനും ഉണ്ണാനും
നേരം തികയാതെ
കാറ്റുപോലെ പായുകയാവും
വൈകുന്നേരങ്ങളിൽ
ആധികളും സങ്കടങ്ങളും
ശകാരങ്ങളും,
ദുർലഭമായി വന്നു ചേർന്ന ഒരു പുഞ്ചിരിയും മാറാപ്പിൽക്കെട്ടി
വീടു പറ്റാൻ ഓടുന്ന
പിച്ചക്കാരിയാകുമവൾ.
രാത്രികാലങ്ങളിൽ
അവൾ തട്ടുകടക്കാരിയും
രാവേറെ ചെല്ലുവോളം
മറ്റൊന്നിനും സമയമില്ലാത്ത
നാണം മറന്ന
തേവിടിശ്ശിയും ആവണം.
പാതിരാക്കോഴി
കൂവിക്കഴിയുമ്പോൾ
പകൽ മുഴുവൻ
സുഖിച്ചു മടുത്തവരെല്ലാം
കൂരിരുട്ടു പുതച്ചുറങ്ങുമ്പോൾ
തന്റെ ശരീരത്തെ
കിടക്കയിൽ അഴിച്ചുവച്ച്
അവൾ ഇറങ്ങി നടക്കും.
ആ പാതിരാ നടത്തത്തിൽ
അവളെക്കാത്ത്,
പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട ജീവിതം
ഉണർവ്വിനും ഉറക്കത്തിനുമിടയിൽ
കാലുറയ്ക്കാതെ നിൽപ്പുണ്ടാവും.
ഒരു കടൽപ്പാലത്തിന്റെ
കൈവരിയിൽ ചാരിയോ
റെയിൽപ്പാളം മുറിച്ചുകടക്കാനരുതാതെ
കുഴങ്ങിയോ
നിലാവത്ത് കരയിലിരുന്ന്
കഴുത്ത് നീട്ടി
കുളത്തിലെ നിഴലു നോക്കിയോ
വിജന വീഥിയിലെ മരച്ചുവട്ടിൽ
ഉറപ്പുള്ള ശിഖരം നോക്കിയോ
അത്
മടുത്തിരിക്കുന്നുണ്ടാവും.
പരസ്പരം കണ്ടു മതിവരാതെതന്നെ
ഒന്നു പുണരാനായുമ്പോഴേക്കും
പുലർച്ചയിലേക്ക്
കാക്കക്കൂട്ടം കരഞ്ഞുണർന്നിട്ടുണ്ടാവും.
2.
പുതപ്പ്
****
ഏറെ പ്രിയപ്പെട്ടവർക്ക്
കനം കുറഞ്ഞ കമ്പിളിപ്പുതപ്പുകൾ സമ്മാനമായി കൊടുത്തിരുന്നു ഞാൻ.
ഇടവഴി കവിയുന്ന ഇടവപ്പാതിത്തണുപ്പിൽ
ഒട്ടൊന്നു കൂട്ടിപ്പിടിക്കാൻ.
കുളിരുന്ന മകരപ്പുലരികളിൽ
തള്ളച്ചിറകിനടിയിലേക്ക്
കിളിക്കുഞ്ഞെന്ന പോൽ
നൂണ്ടു കയറി
കള്ളയുറക്കത്തിലൊളിക്കാൻ
ഹൃദയത്തിന്റെ നാലറകൾ
അഴിച്ചെടുത്താണ്
ഈ വേനലറുതിയിൽ
ഞാനവനെയ്തെടുത്ത്.
ഉണങ്ങാത്ത
മുറിപ്പാടുകൾ ഓരോ ദീർഘനിശ്വാസത്തിലും നോവിക്കുന്നുണ്ടെന്നെ
വാത്സല്യവും സ്നേഹവും
മക്കൾക്കെന്നു മടക്കി മാറ്റി.
കരുതലും
പ്രണയവുമായിരുന്നു ശേഷിച്ചവ
കരുതലിന്റെ പുതപ്പിന്
ഇളം ചുവപ്പ് നിറമായിരുന്നു
എന്റെ
അടിവയറിന്റെ നിറം
എത്ര കുടഞ്ഞിട്ടും നിവരാത്ത ചുളിവുകളുള്ളത്
പനിക്കുളിരിന്റെ നിരാലംബതയിൽ
മക്കൾ ആ ചുളിവുകളെ സ്വന്തമാക്കി,
ഇടയിൽ മുഖം പൂഴ്ത്തി
ശാന്തരായുറങ്ങി.
ആകാശനീലയിൽ
നക്ഷത്രങ്ങൾ വിതറിയ പോലെ
ശുഭ്ര വർണ്ണപ്പൂക്കൾ ചിതറിയ പ്രണയത്തിന്റെ നേർത്ത പുതപ്പ്
ഞാൻ നിനക്കായി മാറ്റിവച്ചു.
വിഷാദം മൂടൽമഞ്ഞായി കനക്കുന്ന ത്രിസന്ധ്യകളിലും
ഏകാന്തത വിറപൂണ്ടു വിതുമ്പുന്ന
പാതിരാകളിലും
അഭിലാഷവും അലസതയും
ഒളിച്ചു കളിക്കുന്ന
കോടമഞ്ഞിൽ പൊതിഞ്ഞ പുലർച്ചകളിലും
ഞാനുറങ്ങിയിരുന്നത് നിന്നെപ്പുതച്ച്.
പ്രണയത്താൽ നനഞ്ഞ് നനഞ്ഞ്
അത് കനത്തു പോയി.
അവസാനത്തെ പച്ചപ്പും വരട്ടിയുണക്കിയ
പിന്നത്തെ
വേനലറുതിയിൽ
കാതങ്ങൾ താണ്ടി
വരണ്ടതൊണ്ടയുമായി
നീ തീപ്പിടിച്ചു വരുമ്പോൾ
ഇറ്റുന്ന പ്രണയത്തുള്ളികളുമായി
അത്
നിന്നെ തൃപ്തനാക്കും.
*********
ഗീത തോട്ടം;
തൊഴിലു കൊണ്ട് അധ്യാപിക
മാനവികതയാണ് മതം
സോഷ്യൽ മീഡിയ എഴുത്തുകളിൽ സജീവമായി പ്രവർത്തിക്കുന്നു.
ജനിച്ചത് എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ
മൗനത്തിൻ്റെ പെണ്ണർത്ഥങ്ങൾ എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്
*******