'രാത്രിയെ തിളപ്പിച്ച് നക്ഷത്രങ്ങളെ  വറുത്തു കോരുന്നവൾ' ക്ക്.   പ്രസന്ന ആര്യന്

'രാത്രിയെ തിളപ്പിച്ച് നക്ഷത്രങ്ങളെ വറുത്തു കോരുന്നവൾ' ക്ക്. പ്രസന്ന ആര്യന്

(പ്രസന്ന ആര്യന്റെ  "അഴിച്ചുവച്ചിടങ്ങളിൽ നിന്നും" എന്ന കവിതാ സമാഹാരം വായിച്ച വിധം)  

അവനവനെ അഴിച്ചുവയ്ക്കലല്ലാതെ മറ്റെന്താണ് കവിതയെന്ന് ഓർത്തുകൊണ്ടാണ് പ്രസന്നയുടെ പുസ്തകം വായിച്ചു തുടങ്ങിയത്. "അഴിച്ചു വച്ചിടങ്ങളിൽ നിന്നും" എന്ന പേര് അത്തരമൊരു ധാരണയിലേക്ക് പുസ്തകത്തിൽ പ്രവേശിക്കും മുൻപേ കൊണ്ടുപോയിരുന്നു.വായിച്ചുതുടങ്ങിയപ്പോൾ ആദ്യം കണ്ണുടക്കി നിന്നതാവട്ടെ "അപ്പപ്പോൾ പൂട്ടി വലിച്ചെറിഞ്ഞ താക്കോൽ"എന്ന വരിയിലും. ആദ്യത്തെ കവിതയുടെ ഏതാണ്ടവസാനത്തിന് തൊട്ടു മുൻപ് ആ വരി വായിക്കും വരെ ഞാൻ എന്നോട് പറഞ്ഞതൊന്നുമായിരുന്നില്ല പിന്നീട് പറയാനുണ്ടായിരുന്നത്.കവിയാണ് അഴിച്ചു വച്ചതെങ്കിലും,ഒക്കെയും അപ്പപ്പോൾ പൂട്ടി താക്കോൽ വലിച്ചെറിഞ്ഞിരുന്നെങ്കിലും വായനക്കാരന് ചെന്നെടുക്കാൻ പാകത്തിന് കവിതയിൽ പലതുമുണ്ടെന്ന് അന്നേരം മുതൽ തോന്നാൻ തുടങ്ങി.
                  പുഴയിലിറങ്ങിയപ്പോഴൊന്നും തോന്നാതിരിക്കുകയും ഒരു കവിതയിൽ മുഴുകിയപ്പോൾ പൊടുന്നനെ ഉദ്ഭവിക്കുകയും ചെയ്ത ചോദ്യമാണ് ഒരു പുഴയെ എങ്ങനെയെല്ലാം അളക്കാമെന്നത്.ഇരു കരകളും തമ്മിലുള്ള അകലമാണോ ,കടലിലേയ്ക്കുള്ള ദൂരമാണോ ഒഴുകിപ്പോകുന്ന ജലത്തിന്റെ ഘനസെന്റീമീറ്റർ കണക്കണോ പുഴയെ അളക്കാൻ ഉചിതമെന്ന് ഉള്ളിലൊരു വായന കവിതയ്ക്ക് സമാന്തരമായി നടന്നുകൊണ്ടിരിക്കെ "ഏതോ ഒരു നിമിഷത്തിലേയ്ക്ക് ഒഴുകി മറയുന്ന വെള്ളം" എന്ന് പ്രസന്ന പുഴയെ അളക്കുന്നു. ഞാൻ അത്ഭുതപ്പെടുന്നു.
     "ഇനിയും കണ്ടെത്തിയിട്ടില്ലാത്തതുകൊണ്ട് പേരിടാത്ത മഹാനദികൾ" എന്ന് കവി ഓർമ്മകളെ വിശേഷിപ്പിക്കുമ്പോൾ അവ ഓർമ്മകൾക്ക് മാത്രമല്ലല്ലോ ബാധകമെന്ന ആശങ്കയാൽ ഒരു ഞെട്ടലോടെ ഞാൻ സ്വന്തം അസ്തിത്വത്തിലേയ്ക്ക് പാഞ്ഞു പോകുന്നു.ജീവിതത്തിലെ സകല അജ്ഞതകളോടും ഒരു നിമിഷം ഞെട്ടി പ്രതികരിക്കാനാവുന്നു.
              പ്രസന്നാ, ഒരു കടുകിന്റെ പൊട്ടിത്തെറിയിൽ ഇത്രയൊക്കെ ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ? "പല അടുക്കളകളുടെ വാതിൽ തുറപ്പിക്കുന്ന "ഒരുഗ്ര സ്ഫോടനം ആ കടുകു മണിയിൽ കണ്ടെത്തിയ കേഴ്‌വിയെ ഞാനും ഒപ്പം വന്ന് തൊടുകയാണ്. ലോകത്തെ സകല അടുക്കള വാതിലും കൂട്ടത്തോടെ ഞരങ്ങുന്ന ശബ്ദമപ്പോൾ കേൾക്കുന്നു.
           ഒന്നോർത്തുനോക്കിയാൽ ,ജീവിച്ചിരിക്കുന്നുവെന്ന് അവനവനെത്തന്നെ ബോധ്യപ്പെടുത്തുവാനാണ് ഏറ്റവും പ്രയാസം.ഇതാ നീ എന്ന് മറ്റുള്ളവർ അദ്‌ഭുതപ്പെടുമ്പോഴും ഒന്നുമില്ലൊന്നുമില്ലെന്ന് ഉള്ളിലേയ്ക്ക് പൊള്ളയായിപ്പോയിട്ടുണ്ട് പലപ്പോഴും."ഒരില പറന്നുപോകുന്നത് കണ്ട് മിഴി നനഞ്ഞാൽ മതി" ജീവിച്ചിരിക്കുന്നു എന്ന തോന്നൽ ബലപ്പെടുത്താൻ എന്ന് പ്രസന്ന പറഞ്ഞുവയ്ക്കുമ്പോൾ എനിക്കെന്തേ ഇത്ര ലളിതമായ അറിവിലേക്ക് വളരാനായില്ല എന്ന നിസ്സാരതാബോധം പെരുകുന്നു.
     വളരെ പതുക്കേവന്നുമ്മവച്ച ഒരോർമ്മ കൂട്ടിയിടിച്ചതിന്റെ ശബ്ദത്തെ ,ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ മറ്റൊരെഞ്ചിൻ ചേർന്നപ്പോഴെന്നപോലെ ആസ്വദിച്ചിരിക്കുന്ന ഒരാളെ കാണാം മറ്റൊരു കവിതയിൽ. ആ ആൾ ആരായാലെന്ത്? ട്രെയിൻ ഏതായാലെന്ത് ?പോകുന്നത് എവിടേക്കായാലെന്ത് ? ആ ട്രെയിനിൽ ഞാനും കയറിയിട്ടുണ്ട്. ടിക്കറ്റെടുക്കാത്ത വായനക്കിടയിൽ നിന്ന് പാളം തെറ്റിച്ച്‌ വീഴ്‌ത്തുന്ന കവിയുടെ വിദ്യയിൽ അറിയാതെ പെട്ടുപോയതാണ്.

Comments

(Not more than 100 words.)
Prasnna Aryan
Sep 18, 2022

thank u