കവിത - രമ പിഷാരടി
********
പെണ്ണെഴുതുമ്പോൾ
******
പെണ്ണെഴുതുമ്പോൾ
പെരുങ്കടൽ വന്നലയ്ക്കുന്നു
പെണ്ണെഴുതുമ്പോൾ
മഴക്കാറാണ് ആകാശത്ത്
കണ്ണുകളീറൻ മാറ്റി
ചുറ്റുന്ന ചേലയ്ക്കുള്ളിൽ
മിന്നി നിൽക്കുന്നു ചോന്ന-
ഗുൽമോഹർ പൂക്കൾ,
അതേ! പെണ്ണെഴുതുമ്പോൾ
കേൾക്കാം പാതി-
വാതിലിൽ വന്ന്
മിന്നലാട്ടങ്ങൾ
അടുത്തടുപ്പിൻ
അഗ്നിജ്വാല
പെണ്ണെഴുതാനായൊരു
തൂലികയെടുക്കുമ്പോൾ
കണ്ട് നിൽക്കുകയാണ്
സർവ്വതും, പ്രപഞ്ചവും
മിന്നുന്ന സൂര്യൻ
നിലാവലിയും രാവ്
പിന്നെ മുന്നിലെ ഭൂമി!
സർവ്വം സഹിച്ചു
നിൽക്കുന്നുണ്ട്
അരികത്തിരിപ്പുണ്ട്
ആധിയും, അങ്കത്തട്ടും
അകലത്തരിപ്പുണ്ട്
സ്വപ്നവും, സ്വരങ്ങളും
ചിമിഴിൽ മാലാഖമാർ
കാവലായിരിപ്പുണ്ട്
ചിലമ്പിന്നുള്ളിൽ
നിന്ന് മധുര കത്തുന്നുണ്ട്
നിർഭയം നടന്നേറി
പ്പോയൊരു വഴിക്കുള്ളിൽ
നിശ്ചലം നിൽക്കുന്നുണ്ട്
നഭസ്സും, ശിശിരവും
രക്തമിറ്റിക്കുന്നുണ്ട്
സർപ്പഭാഷകൾ
മദം പൊട്ടിയ ദിക്കിന്നുള്ളിൽ
ദ്യൂതമോ യുഗാന്ത്യമോ?
പെണ്ണെഴുതുമ്പോൾ
വീട്ടിൽ പലതും
സഥാനം തെറ്റി
നിന്നു പോകുന്നു
അതറിഞ്ഞു തന്നെ അവൾ
മുന്നിലെ ലോകത്തിനെ
ചുരുക്കാൻ ശ്രമിക്കുന്നു
ഒരു കാൽ മുന്നോട്ടെങ്കിൽ
രണ്ട് കാൽ പിന്നോട്ടെന്ന്
പലതും അവളെ പിൻ
വിളിയാൽ ചുറ്റുന്നുണ്ട്
ചിറക് നീർത്താനൊരു
ചില്ല തേടുമ്പോൾ കൂട്
കരയുന്നതും കേട്ട്
തിരികെ പറക്കുന്നു
മക്കൾ തൻ പരീക്ഷകൾ
ഉച്ചഭക്ഷണം രാവിൽ
പിറ്റേന്ന് നിറക്കേണ്ട
ജീവൻ്റെ പ്രത്യാശകൾ
പെണ്ണിനിന്നെഴുതു-
വാനാകുന്നു പക്ഷെ അത്
പെണ്ണിനെപ്പോലെ തന്നെ
പുഴ- പോലൊഴുകുന്നു.
ഒഴുക്കിന്നിടക്കിടെ തിരിവും
വളവും ചേർന്നൊഴുകി
കല്ലിൽ തലതല്ലിയും കയങ്ങളിൽ
മുങ്ങിയും താണും പൊങ്ങി
പെണ്ണെഴുതുകയാണ്.
ഉള്ളിലുണ്ടെഴുതാത്ത
വൻ സമുദ്രങ്ങൾ
അതേ പെണ്ണെഴുതുകയാണ്
പലതും മറച്ചുകൊണ്ടുള്ളിലെ
സന്ത്രാസത്തെയടക്കി
ചുമരിനെ വെള്ളപൂശിയും
അടർന്നുടഞ്ഞ ഭൂപാളത്തിൽ
പിന്നെയും സ്വരങ്ങളെ
വിളക്കിചേർത്തും
വീണ്ടും പെണ്ണെഴുതുകയാണ്
ഈറനാം മഴക്കാറ്റ്
തൊട്ടൊരു തൂണിൽ ചാരി
ഋതുക്കൾ പോലെ
കുടമാറ്റുന്നുവെന്നാകിലും
പർവതങ്ങൾക്കും മീതേ
മേഘങ്ങൾ പറക്കുമ്പോൾ
ഉള്ളിലെ നീറ്റൽ മാറ്റാൻ
പെണ്ണെഴുതുകയാണ്
പ്രപഞ്ചം വീണ്ടും വീണ്ടും
മിഴാവ് കൊട്ടുന്നുണ്ട്
വിടർന്ന് വരുന്നുണ്ട്
ചെമ്പനീർപ്പൂക്കാലങ്ങൾ
അടർന്ന് പോകുന്നുണ്ട്
പ്രാണൻ്റെ ഇലപ്പച്ച..
കടൽശംഖുകൾക്കിള്ളിൽ
സമുദ്രം പാടുന്നുണ്ട്
ചിരിച്ചും മഴ പോലെ
കരഞ്ഞും പൂക്കൾ പോലെ
വിരിഞ്ഞും, ഇലകളെ
പൊഴിച്ചും, ശൈത്യം
പോലെയുറഞ്ഞും
അതേ! വീണ്ടും-
പെണ്ണെഴുതുകയാണ്……..
വസന്തം വരുമെന്ന്
വരങ്ങൾ തരുമെന്ന്
പതുക്കെ പറഞ്ഞു-
കൊണ്ടൊഴുക്കിൽ
നീന്തിക്കൊണ്ട്....
*****
എൻ്റെ കവിത
(രമ പിഷാരടി തൻ്റെ കവിതകളെക്കുറിച്ച്)
********
കവിതയിലാണ് ആദ്യക്ഷരം കുറിച്ചിരിക്കുന്നത്. സ്ക്കൂളിലെ ആദ്യ കവിതാ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. പ്രവാസകാലത്ത് സാഹിത്യം മനസ്സിലുണ്ടായിരുന്നു. എഴുതാനായില്ല എന്ന ദു:ഖവുമായി
അല്പം വൈകി കവിതയുടെ വിടാതെയുള്ള ഭ്രാന്തിൽ വീണ്ടുമെഴുതിത്തുടങ്ങി. .
ഓ എൻ വി, സുഗതകുമാരിടീച്ചർ,
മഹാകവി അക്കിത്തം ഇവരുടെ അനുഗ്രഹങ്ങളുടെ അവതാരിക കവിതയ്ക്ക് ലഭിച്ചിട്ടുണ്ട്. കവിതയ്ക്ക് ഒന്നാം സമ്മാനം കിട്ടിയ സ്ക്കൂളിൽ ആദ്യകവിതാസമാഹാരം പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യവുമുണ്ടായി.
അഞ്ച് കവിതാ പുസ്ത്കങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാനത്തെ കവിതാപുസ്തകത്തിന് സച്ചിമാഷിൻ്റെ സന്ദേശം ലഭിക്കാനുള്ള ഭാഗ്യമുണ്ടായി. പുറം കേരള വനിതാ എഴുത്തുകാരുടെ ഒരു കഥ ആന്തോളജി എഡിറ്റ് ചെയ്ത് കെ പി സുധീരയുടെ അനുഗ്രഹത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബി സി കെയുടെ യുവകലാശ്രേഷ്o പുരസ്ക്കാരം, കവി അയ്യപ്പൻ പുരസ്ക്കരം, എൻ ബി അബു മെമ്മോറിയൽ പ്രൈസ്, പ്രതിലിപി പോയട്രി പ്രൈസ്, ഫഗ്മ പോയട്രി പ്രൈസ്, കൈരളി കവിതാ പുരസ്ക്കാരം, സുവർണ്ണ കേരളസമാജം പോയട്രി പ്രൈസ്, കോൺഫെഡറേഷൻ ഓഫ് ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ പോയട്രി പ്രൈസ്, ശാസ്ത്രസാഹിത്യവേദിജൂബിലി കവിതാ പ്രൈസ്, വാഗ്ദേവത പൂനെ കവിതാ പുരസക്കാരം, സർഗ്ഗഭൂമി ബുക്ക്സ് പോയട്രി പ്രൈസ്, ചെന്നൈ കവിസംഗമം സ്പെഷ്യൽ ജൂറി പ്രൈസ്, പ്രൈം ഇന്ത്യ
പോയട്രി പ്രൈസ് ഹേവൻസ് പോയട്രി പ്രൈസ് ഇങ്ങനെ കവിതയിലും ചില കഥാമൽസരങ്ങളിലും പ്രൈസ് കിട്ടിയിട്ടുണ്ട്.
മഹാകവി ടാഗോറിനെ പോലെ സാഹിത്യത്തിൽ നോബൽ കിട്ടണമെന്ന ഒരു ചെറിയ
വലിയ സ്വപ്നം ഉണ്ട്.. .
സമാഹാരങ്ങൾ:
1, നക്ഷത്രങ്ങളുടെ കവിത
2.അർദ്ധനാരീശ്വരം
3.സൂര്യകാന്തം,
4 കുചേലഹൃദയം
5കവിതയിൽ നിന്ന് കൈതൊട്ടെടുത്തിടാം
6.വെയിൽമഴക്കഥകൾ കഥ പ്രവാസി ആന്തോളജി
**********