സുഗതകുമാരിയുടെ കാളിയമർദ്ദനം
*************
പഠനം - ഇ.എം. സുരജ
*********
കുനിയാത്ത ശിരസ്സും കുലുങ്ങാത്ത കരളും അഭിമാനചിഹ്നങ്ങളാണെന്നല്ലേ? എന്നാൽ, അഹന്തയുടെ പടമുടഞ്ഞ മനസ്സിൽ നിന്നുണരുന്ന പൂർണ്ണതയുടെ സംഗീതവും ദുഃഖത്തിൻ്റെ ആഴത്തിൽ നിന്ന് ഉറന്നൊഴുകുന്ന ആഹ്ലാദവും അതിലേറെ അഭിലഷണീയമാണെന്ന തിരിച്ചറിവാണ്, സുഗതകുമാരിയുടെ 'കാളിയമർദ്ദന'ത്തിൽ കാണുക. ഒറ്റ വായനയിൽത്തന്നെ, ഇവിടുത്തെ കാളിയൻ, കവിയുടെ (സ്വന്തം അഹന്ത തിരിച്ചറിയുന്ന ഏതൊരാളുടേയും) മനസ്സാണെന്ന് വെളിച്ചപ്പെടും; വിഷം മുഴുവൻ വമിച്ചു കളഞ്ഞാൽ മാത്രം ലഭിക്കുന്ന അലൗകികാഹ്ലാദത്തെക്കുറിച്ച് തെളിച്ചമുണ്ടാകും. അതിനാൽത്തന്നെ, പത്തികൾ കുഴഞ്ഞു കുഴഞ്ഞു പോകുമ്പോഴും പിന്നെയും അഭ്യർത്ഥിക്കും: കണ്ണാ, നീ നിൻ്റെ നൃത്തം നിറുത്തരുതേ!
ഝണൽ ഝണൽ നാദമുയർത്തി കൃഷ്ണൻ്റെ കുഞ്ഞിക്കാലുകൾ, കാളിയൻ്റെ ശിരസ്സിലമരുമ്പോൾ, പത്തികൾ ചതയും; മിഴികൾ കത്തും; രക്തം തെറിയ്ക്കും; ഓളമടിയ്ക്കുന്ന സമുദ്രം പോലെ കാളിന്ദി ഉയർന്നു പൊങ്ങും. എന്നാലും, കാളിയൻ മസ്തകമുയർത്തിത്തന്നെ നില്ക്കും: കൃഷ്ണൻ നൃത്തമാടുന്ന വേദിയല്ലേ, അതുലഞ്ഞു എന്നു വരാൻ പാടില്ലല്ലോ. കൃഷ്ണൻ്റെ നൃത്തം അനാദിയായ ചലനം തന്നെ. അതിൽ, വിരിഞ്ഞ പീലികൾ താളത്തിലിളകി മിന്നുന്നുണ്ട്, നനവാർന്ന നെറ്റിയിൽ കുറുനിര മുത്തമിടുന്നുണ്ട്, കാളിന്ദിയിലുണ്ടായ ചുഴികളിൽ ദേവന്മാർ ചൊരിഞ്ഞ പൂക്കൾ ചുറ്റിച്ചുറ്റിക്കറങ്ങുന്നുണ്ട്. കാളിയനോ, ഉടൽ തകരുമ്പോഴും ഉയിരിൽ നിർവൃതിയാണ്. എന്തിനാണ് ഇത്രയും സഹനമെന്നാവും: മദാന്ധകാരം ഇനിയും മാഞ്ഞിട്ടില്ല, മിഴികൾ പൂർണ്ണതയറിഞ്ഞില്ല, ലൗകികതയോടു ചേർത്തു കെട്ടുന്ന അന്ധതയുടെ ബന്ധനം മാഞ്ഞിട്ടുമില്ല. അപ്പോൾ, പിന്നെന്തു പ്രാർത്ഥിയ്ക്കാനാണ്, അഹന്തയുടെ ശിരസ്സ് അല്പമെങ്കിലും ഉയർന്നു നില്ക്കുന്നിടത്തോളം, വിഷം മുഴുവൻ കണ്ണീരായി പെയ്തു തോരുവോളം, ഉയർന്നെരിയുന്ന അഭിമാനം കുറയുവോളം, നിൻ്റെ കാലുകളമർന്നമർന്ന് ദുഃഖമെല്ലാമൊഴിയുവോളം, നിൻ്റെ മണിച്ചിലങ്കകളുടെ താളത്തിൽ ഉടഞ്ഞു തകർന്ന് ദൃഷ്കൃതങ്ങൾ അകലുവോളം നീ നൃത്തം തുടരൂ എന്നല്ലാതെ? നിൻ്റെ പുഞ്ചിരിയിൽ ലോകം കുളിർക്കട്ടെ എന്നല്ലാതെ?
സുഗതകുമാരിക്കവിതയിലെ കൃഷ്ണ സങ്കല്പവുമായിണക്കി വായിക്കുമ്പോൾ, ഈ കാളിയമർദ്ദനചിത്രം രതിയെക്കൂടി പ്രതീകവൽക്കരിക്കുന്നുണ്ട് എന്നു കാണാം. ഞാനെന്നും നീയെന്നുമായി പിരിഞ്ഞിരിയ്ക്കുന്ന സത്തയുടെ സമ്പൂർണ്ണ ലയനം, ശക്തിയുടെ ലയം, ഊർജ്ജം, വേദന. എന്നാലും തൻ്റെ ഉടൽ വേദിയാക്കി നടത്തുന്ന നൃത്തം അവസാനിക്കാതിരിക്കണേ എന്നാണ് അർത്ഥന. ശിരസ്സിൽ പിന്നെയും പിന്നെയും ചുവടുവെയ്ക്കുന്ന പ്രണയത്തോട്, ദുഃഖത്തോട് കവി പറയുന്നതിങ്ങനെയാവാം: ആഹ്ലാദമേ നിൻ്റെ അലകൾ എന്നിലേയ്ക്കൊഴുക്കൂ! സ്നേഹമേ, ഉപാധികളേതുമില്ലാതെ എന്നെ നീയാക്കി മാറ്റൂ! വിരിഞ്ഞ വാർമാലകൾ പൊട്ടിത്തകർന്ന് വീണു മയങ്ങുന്നതു പോലെ, ഒരു നിർവൃതിയിലേയ്ക്ക് ഞാനുമെത്തട്ടെ! വേദനയിലൂടെ മാത്രം എത്തിച്ചേരാവുന്ന പൂർണ്ണതയുടെ നിമിഷത്തിൽ സ്വയം ആഹ്ലാദമായി പരിണമിയ്ക്കുകയാണ് ദുഃഖം. ആത്മപീഡനപരമായ (മസോക്കിസ്റ്റ്) ഇത്തരം സ്നേഹങ്ങൾ സുഗതകുമാരിയുടെ മറ്റു കവിതകളിലും കാണാവുന്നതാണല്ലോ.
മറ്റൊരു തരത്തിൽ നോക്കിയാൽ, ഈ വേദനയും സമർപ്പണവുമൊക്കെ ദുഃഖത്തെ പരാജയപ്പെടുത്താനുള്ള ശ്രമത്തിൻ്റെ തന്നെ ഭാഗമാണെന്നു കാണാം. അഹന്തയുടെ പൂർണ്ണനാശമെന്നാൽ ആത്മനാശം എന്നുതന്നെയാണ് അർത്ഥം. അതംഗീകരിയ്ക്കാനാവുമോ, മനുഷ്യമനസ്സിന്? തകർന്നു തരിപ്പണമായാലും, ശേഷിയ്ക്കുന്ന അഹന്തയുടെ കനലൂതി തീയുണ്ടാക്കി, സ്വയം പുനഃസൃഷ്ടിക്കാനാണ് അതിന് വാസന. ഇവിടെ നോക്കൂ: ശിരസ്സുയർത്താനുള്ള ഓരോ ശ്രമവും പരാജയപ്പെടുകയാണ്. അപ്പോഴെന്തു ചെയ്യും? ശിരസ്സിൽ ചുവടുവെയ്ക്കുന്നത് ആനന്ദം തന്നെയാണെന്നു സങ്കല്പിയ്ക്കും, ക്ഷതങ്ങൾ അതിനുള്ള ഉപാസനയാണെന്നും (ഗജേന്ദ്രമോക്ഷവും ഈ സന്ദർഭത്തിൽ ഓർമ്മിയ്ക്കാം). പിന്നെ പരാജയമെവിടെ? ഈ തോന്നലിൽ നിന്ന് കരുത്തു നേടി പിന്നെയും ശിരസ്സുയർത്താം.
ആത്മസമർപ്പണമാണ് കവിതയുടെ ഭാവം. അത് ഏകമുഖമല്ല എന്നതാണ് ഈ കവിതയെ വ്യത്യസ്തമാക്കുന്നത്. പ്രണയവും രതിയും അഹന്തയും ആത്മപീഡയും മോക്ഷാകാംക്ഷയുമെല്ലാം ചേർന്ന പല ഇഴകൾ ഇതിനകത്തുണ്ട്. അമർത്തി വെച്ച ജീവിതോർജ്ജത്തിൻ്റെ മുഴക്കവും!
************
ഡോ.ഇ.എം.സൂരജ :
മലപ്പുറം ജില്ലയിലെ ആലങ്കോട് സ്വദേശി. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും മലയാളസാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും. ഓണം മലയാള കവിതയിൽ- വൈലോപ്പിളളി, ഇടശ്ശേരി,പി കുഞ്ഞിരാമൻ നായർ എന്നിവരെ മുൻനിർത്തി ഒരു പoനം എന്ന വിഷയത്തിൽ എം.ജി.യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി. ഇപ്പോൾ ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ അദ്ധ്യാപിക. 'വൈലോപ്പിള്ളി കവിതാ പുരസ്ക്കാരം', 'അങ്കണം അവാർഡ്', വള്ളത്തോൾ വിദ്യാപീഠം 'സാഹിത്യമഞ്ജരിപുരസ്ക്കാരം' ,മാതൃഭൂമിയുടെ വിദ്യാർത്ഥികൾക്കായുള്ള പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
'കവിതയിലെ കാലവും കാല്പാടുകളും' (ഒലിവ്, കോഴിക്കോട്), 'മാരാരുടെ നിരൂപണം വഴിയും പൊരുളും', 'മലയാള കാവ്യ പരിണാമം - വള്ളത്തോളിന്റെ സംഭാവന' (രണ്ടും വള്ളത്തോൾ വിദ്യാപീഠം, ശുകപുരം) എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'കവിതയുടെ കാലാതീത സഞ്ചാരങ്ങൾ' എന്ന ലേഖന സമാഹാരം (ലാൽ ബുക്സ്, തൃശൂർ) എഡിറ്റു ചെയ്തു. മാതൃഭൂമി ആഴ്ച്ചപതിപ്പ്, സമകാലിക മലയാളം, മാധ്യമം ആഴ്ചപ്പതിപ്പ്, ദേശാഭിമാനി വാരിക തുടങ്ങിയവയിൽ കവിതകളും സാഹിത്യലോകം, വിജ്ഞാനകൈരളി, കവനകൗമുദി തുടങ്ങിയവയിൽ ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്.
********