മലയാളത്തിലെ പ്രശസ്ത കവിയാണ് ബാലാമണിയമ്മ. തൃശൂര്‍ ജില്ലയിലെ നാലപ്പാട്ട് വീട്ടിൽ കൊച്ചുകുട്ടിയമ്മയും ചിറ്റഞ്ഞൂര്‍ കുഞ്ചുണ്ണിരാജയുമാണ് മാതാപിതാക്കൾ. കവിയായ നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനായിരുന്നു. ഔപചാരികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലായിരുന്നു എങ്കിലും അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും മാര്‍ഗ്ഗദര്‍ശകമായി. സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം.നായരെ വിവാഹം ചെയ്തു. പ്രശസ്ത എഴുത്തുകാരി കമല സുരയ്യ (മാധവിക്കുട്ടി),ഡോ.മോഹന്‍ദാസ്, ഡോ.ശ്യാം സുന്ദര്‍, സുലോചന നാലപ്പാട്ട് എന്നിവരാണ് മക്കള്‍. ആദ്യം പ്രസിദ്ധീകരിച്ച കവിത-'കൂപ്പുകൈ'. വിശാലമായ സാഹിത്യ പ്രപഞ്ചമാണ് ബാലാമണിയമ്മയുടേത്. ഒട്ടനവധി സാഹിത്യ പുരസ്ക്കാരങ്ങൾക്കർഹയായിട്ടുണ്ട്. അഞ്ചുവര്‍ഷത്തോളം നീണ്ട അല്‍ഷിമേഴ്സ് രോഗബാധയ്ക്കൊടുവില്‍ 2004 സെപ്റ്റംബര്‍ 29-ന് നിര്യാതയായി.
ബാലാമണിയമ്മയുടെ എഴുത്തിൻ്റെ വൈവിധ്യങ്ങളും വൈരുധ്യങ്ങളും വിശകലനം ചെയ്യാൻ നിൽക്കാതെ, 'മാതൃത്വത്തിൻ്റെ കവയിത്രി ' എന്ന ഒറ്റ വിശേഷണത്തിൻ്റെ മുൻവിധിയിലാണ് ബാലാമണിയമ്മക്കവിതകളെ പലരും അവതരിപ്പിക്കാറ്. അമ്മ, ഭാര്യ , കുടംബിനി എന്നീ നിലകളിലുള്ള സ്ത്രീജീവിതാവസ്ഥകളെ അദ്ദേഹം പല കവിതകളിലും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ സാധാരണയായി സ്ത്രീകൾ കടന്നു പോകേണ്ടി വരുന്ന ഉത്തരവാദിത്തങ്ങൾ ബാലാമണിയമ്മയെ അത്രയൊന്നും ബാധിച്ചിരുന്നില്ലെന്ന് മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം വായിച്ചാൽ വ്യക്തമാകും. വീട്ടിലെ ജോലികളൊന്നും ചെയ്യാതെ വായനയുടെയും എഴുത്തിൻ്റെയും ലോകത്ത് ജീവിക്കാൻ സാധിക്കുന്ന ഭൗതിക സാഹചര്യം ബാലാമണിയമ്മയ്ക്കുണ്ടായിരുന്നു. അതിനാൽ അവരുടെ സ്വത്വത്തെ നിശ്ചയിച്ചത് നാലപ്പാട്ടു തറവാട്ടുകാർ പിന്തുടർന്ന ഗാന്ധിയൻ ചിന്തകളും സ്ത്രൈണാദർശങ്ങളു (feminine mystique) മാണ് എന്ന് കരുതാം. അതേ സമയം ബാലാമണിയമ്മയുടെ കവിതകളിലൂടെ കടന്നു പോകുമ്പോൾ ഇത്തരത്തിൽ അടിച്ചുറപ്പിക്കപ്പെട്ട ഒരു സ്വത്വം മാത്രമല്ല കാണാൻ കഴിയുക.
"വിട്ടയയ്ക്കുക കൂട്ടിൽനിന്നെന്നെ, ഞാ-
നൊട്ടു വാനിൽ പറന്നു നടക്കട്ടെ!" എന്ന് "വിട്ടയയ്ക്കുക" എന്ന കവിതയിൽ ബാലാമണിയമ്മ എഴുതുമ്പോൾ അവരുടെ പ്രഖ്യാപിത സ്വത്വത്തിൽ നിന്നുള്ള കുതറൽ കാണാൻ കഴിയും. അന്തർമുഖത്വം എന്നത് ആകാശത്തോടുള്ള താത്പര്യമില്ലായ്മയല്ല വ്യവസ്ഥിതിയുടെ ഉറപ്പാലും കൗശലത്താലും രൂപപ്പെടുന്ന ശീലം കൂടിയാണെന്ന് ബോധ്യപ്പെടാൻ പറന്നു നടക്കാനുള്ള ഈ ആഗ്രഹം സാക്ഷി പറയും. ബാലാമണിയമ്മയുടെ സ്വത്വനിലയിൽ കാണുന്ന അടക്കങ്ങളും കുതറലുകളും ഏറ്റവും പ്രകടമാകുന്ന കവിതയാണ് "മഴുവിൻ്റെ കഥ".
കൃതികൾ
* കൂപ്പുകൈ (1930)
* അമ്മ (1934)
* കുടുംബിനി (1936)
* ധര്‍മ്മമാര്‍ഗ്ഗത്തില്‍ (1938)
* സ്ത്രീഹൃദയം (1939)
* പ്രഭാങ്കുരം (1942)
* ഭാവനയില്‍ (1942)
* ഊഞ്ഞാലിന്മേല്‍ (1946)
* കളിക്കൊട്ട (1949)
* വെളിച്ചത്തില്‍ (1951)
* അവര്‍ പാടുന്നു (1952)
* അമ്മയുടെ ലോകം (1952)
* പ്രണാമം (1954)
* ലോകാന്തരങ്ങളില്‍ (1955)
* സോപാനം (1958)
* മുത്തശ്ശി (1962)
* മഴുവിന്റെ കഥ (1966)
* അമ്പലത്തില്‍ (1967)
* നഗരത്തില്‍ (1968)
* ജീവിതത്തിലൂടെ (1969)
* വെയിലാറുമ്പോള്‍ (1971)
* അമൃതംഗമയ (1978)
* സന്ധ്യ (1982)
* നിവേദ്യം (1987)
* മാതൃഹൃദയം (1988)
* സഹപാഠികള്‍
* കളങ്കമറ്റ കൈ
* ബാലാമണി അമ്മയുടെ കവിതകള്‍ -സമ്പൂര്‍ണ്ണസമാഹാരം (2005)
പുരസ്കാരങ്ങള്‍
* സാഹിത്യ നിപുണ ബഹുമതി (1963)
* കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1964-മുത്തശ്ശി)
* കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1965-മുത്തശ്ശി)
* കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1979)
* സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അവാര്‍ഡ് (1981-അമൃതംഗമയ)
* പത്മഭൂഷന്‍ (1987)
* മൂലൂര്‍ അവാര്‍ഡ് (1988-നിവേദ്യം)
* സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ് (1990)
* ആശാന്‍ പുരസ്കാരം (1991)
* ലളിതാംബിക അന്തര്‍ജ്ജന പുരസ്കാരം (1993)
* വള്ളത്തോള്‍ പുരസ്കാരം (1993)
* കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994)
* എഴുത്തച്ഛന്‍ പുരസ്കാരം (1995)
* സരസ്വതീ സമ്മാനം (1996)
* എന്‍.വി.കൃഷ്ണവാരിയര്‍ പുരസ്കാരം (1997).