കവിത - അനുശ്രീ
*******
ഉടലിൽ ചിത്രമെഴുതുന്നവൾ
**********
ഉടലിൽ ചിത്രമെഴുതുന്ന
ഒരുവളെ പരിചയപ്പെടേണ്ടി വന്നു.
അതെ, പെടേണ്ടി വന്നു.
ഞാനന്ന് നിറങ്ങളെ വെറുക്കുന്ന കാലമായിരുന്നു.
അവളെ കണ്ടതിനു ശേഷം
സർവ്വതും നിറങ്ങളോടെ കാണപ്പെട്ടു.
കാണുമ്പൊ കാണുമ്പൊ
ഉമ്മ വെയ്ക്കാൻ തോന്നുന്ന
നേർത്ത ചുണ്ടുകൾ കൊണ്ടവൾ മിണ്ടുമ്പോൾ
ഞാൻ, ആണുങ്ങളെപ്പോലെ ദുർബലപ്പെട്ടു.
നെറുക മുതൽ കാലിലെ ചെറുവിരൽ വരെ
ഓരോന്ന് വരച്ചും മായ്ച്ചും
അവളെന്നെ കാടോ കടലോ
സന്ധ്യയോ ചന്ദ്രനോ മേഘമോ ആക്കി മാറ്റി.
മടക്കുകളിൽ...
ഇടുക്കങ്ങളിൽ...
ചുഴികളിൽ...
ഇഴകളിൽ...
നിറങ്ങൾ നിറയുകയും ഒഴിയുകയും ചെയ്തു.
വൈകുന്നേരങ്ങളിൽ,
പുക കൊണ്ട്
പരസ്പരം കാണാതാവുന്നത്രയും
സിഗരറ്റ് വലിച്ചൂതി..
മഞ്ഞച്ച രാത്രികളിൽ
ആകാശം നോക്കി മലർന്നു കിടന്നു.
ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ
പെട്ടെന്ന് രണ്ട് മനുഷ്യരായി.
എങ്ങോട്ട് പറന്ന് പോയാലും
ഇടക്കിടെ കൂടണയുന്ന
പൊരുന്നപക്ഷികളെപ്പോലെ
ഞങ്ങൾ ഞങ്ങളിലേക്ക്
വീണ്ടും വീണ്ടും പറന്നിറങ്ങി.
നിറങ്ങൾ വാർന്നു പോയിരുന്ന
നാലു ചിറകുകൾക്കിപ്പൊ ഒരേ നിറമാണ്.
********