കവിതകൾ - വിജില

കവിതകൾ - വിജില

വിജിലയുടെ കവിതകൾ 
************************

1

ഒരൊറ്റചുംബനത്താൽ
***********************

നിന്നെ
നിന്നെ മാത്രം ഓർത്തിരിക്കേ 
എന്റെ ഉടുപ്പുകൾ ചിറകുകളായി

അതുവരെ നിരാശ പടർന്ന്
വിഷാദിച്ച ചില്ലകളായിരുന്നു
കരിംപച്ചവിരലുകൾ കാട്ടി
മുദ്രകൾ കാട്ടി
പല പൂക്കളാൽ 
ഓരോ സ്വപ്നങ്ങളാൽ 
അകലമെല്ലാം മറന്ന് 
നിന്നെ മഴയെന്ന് കരുതി
വരവേൽക്കുന്നു

ഏകാന്തതേ
കിനാരഹിതമായ നിന്നെ
ഞാൻ കൈവീശി
യാത്രയാക്കുമ്പോഴും
നിന്നെ കുഴിച്ചിട്ടാലും
വിത്തായി കൊഴിയാതെ
മഴ കാത്ത് മഴ കാത്ത്
ഒരു നാൾ
കുന്നിൻചെരുവിൽ 
നീ തകരത്തളിരിലകളാകുന്നതും
ഞാനറിഞ്ഞു

നിന്നെ മറന്നു മറന്നിരിക്കെ
കൽപ്പടവുകളിൽ ഒറ്റയ്ക്ക് നിൽക്കുന്ന നിന്നെ സ്വപ്നത്തിൽ കണ്ടു
ദൂരങ്ങളിൽനിന്നും മുഖം തിരിച്ച
നീയൊരു കൽപ്രതിമ
തൊട്ടടുത്ത് ഞാനും
എന്നെ തന്നെ നോക്കി
പ്രത്യാശകളെ പരതി പരതി
നിന്റെ ഹൃദയപാതിയാവുന്നു

ഇന്നേതോ
ഒരു ചിത്രകാരിയുടെ
ക്യാൻവാസിൽ 
ഒരൊറ്റചുംബനത്താൽ
ഒരൊറ്റരക്തവർണപ്പക്ഷിയായി
ചുമരിൽ തൂങ്ങി 
ചിറകുകൾ
വീശുന്നതും നമ്മൾ തന്നെ

2.

തല കുത്തനെ 
***************
നെഞ്ചിൽ ഒരു കുറ്റിപ്പെൻസിൽ
തല കുത്തനെ നിൽക്കാറുണ്ട്.

ഉള്ളിൽ കുടുങ്ങിയ
മുള്ളുകളെ ഒടിക്കാൻ
സ്വയം പൊടിഞ്ഞുപൊടിഞ്ഞ്
കാർമേഘമായി 
കണ്ണിലേക്കുള്ള വഴി തേടി
ഓടിയോടി നടക്കും
അപ്പോഴായിരിക്കും 
അരുതെന്ന് പറഞ്ഞൊരു
പൊട്ടു വെളിച്ചം
ഒരു പാട്ടിന്നീണം
എന്റെ മുഖമുയർത്തുക

നിഷ്കളങ്കതയേക്കാൾ
കുഞ്ഞായി
സൗമ്യതയേക്കാൾ
പൂവായി
ഏന്റെയുള്ളിലെ കുറ്റിപ്പെൻസിൽ
നീ ഇളക്കിയെടുക്കുന്നു

കടുകടുകട്ടിയായ
ഒരു മഷിത്തുള്ളിയാണമാവാസി എന്ന്
നിഴലുടുപ്പുകളഴിച്ച
എന്റെ ഉടലിനെ നോക്കി
നീ 
കടലോളം
പിടി തരാതെ  
ഒന്നും ഉരിയാടാതെ
പതിയെ അകലുന്നു

നോവുകൾ കൂട്ടിത്തുന്നിയ
എന്റെ നെഞ്ചിണ തന്നെ
എന്റെ തടയണ, 
അത് സ്വയം പൊടിഞ്ഞുകൊണ്ടിരിക്കേ
ഞാൻ തല കുത്തനെ നിന്ന്
പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു
കുറ്റിപ്പെൻസിൽ തലകുത്തനെ നിന്ന്
പൊട്ടിപ്പൊട്ടി വിതുമ്പുന്നു

3.
ബുദ്ധകൂണിമ
**************

നിറുകയിൽ മുടി കെട്ടി
ആട്ടം മറന്നവൾ
അർത്ഥം സിദ്ധിച്ചവന്റെ ഓർമയിൽ
ശിൽപമായവൾ
ധൃതിപിടിച്ചോടാൻ തുനിഞ്ഞവളെ
കരിയടുപ്പ് ഇടിമിന്നലിന് ദാനം നൽകിയവൾ

തലയിൽ കിനാക്കളെ തിരുകി
കാറ്റിലും മഴയിലും പാർപ്പുറപ്പിപ്പിച്ചവൾ 
ചാരക്കൂനകൾ അവളുടെ ഉടൽനിറയ
ചാർത്താൻ തുനിഞ്ഞിട്ടും
കാർവർണമിതെന്ന്
തിരുത്തി വിതുമ്പലത്രയും
ഈർപ്പമാക്കി ഉടയാടയാക്കി
കൂണെന്ന പേരിനെ കൂസാതെ
തലയുയർത്തിപ്പിടിച്ചവൾ
പനിക്കനലുകളില്‍ 
നര്‍ത്തകിക്കുമിൾ 
മുറുക്കി  നീട്ടിത്തുപ്പാൻ 
മുഖം  തിരിച്ചവൾ 
ഭുജശാഖ വിട്ടവൾ 
ബുദ്ധകൂണിമ

************************************

Comments

(Not more than 100 words.)