കവിതകൾ - കവിതാ ബാലകൃഷ്ണൻ
************
1.
നദിക്കരയില്‍
(ടി.കെ.പത്മിനിയോട്)
*******
ജന്മാന്തര സോദരീ
ഇന്ന് നമ്മള്‍ കാണുമീ നദിക്കര,
ഒരു മറവിയുടെ മഹാഭൂപടം
ഇവിടം, നീയൊരുനാള്‍ വരച്ചത്,
ഏതു ലോകക്രമത്തിന്‍ കല്‍വിളക്കുകളിവ
ഏതു നാഗക്കുട വിടര്‍ത്തിയ പ്രകാശമിത്
നിന്നെ മറന്നതും, നീ മറി കടന്നതും
ഏതു കട്ടിളപ്പടി, ഏതുമ്മറം,
ഏതു സര്‍ഗ്ഗജീവിതവിജയാനന്ദം,
ആ ലഹരിയതങ്ങനെയുറയും മുന്‍പേ
നിന്നെക്കൊത്തിയെടുത്തകന്നതേതു
മെയ്മാസറാഞ്ചിപ്പക്ഷി,
നമ്മള്‍ കണ്ടുമുട്ടുമീ നദിക്കരയിലിന്ന്‍
മരണത്തിന്‍ വേവുമണം മാത്രം!
ജീവനെയൊന്നൊന്നായടര്‍ത്തി
പ്പിരിച്ചെടുത്തെഴുതിയോരറിവിന്‍ ബ്രഹ്മാണ്ഡത്തില്‍ പൂണ്ടുപോയല്ലോ നമ്മുടെയലിവുകള്‍
നഷ്ടപ്രതാപത്തിന്‍ പൊഴിയും തോരണമായ്
ഭാഷതന്‍ ചുടലക്കാട്ടില്‍, മ്യൂസിയങ്ങളില്‍
അലഞ്ഞങ്ങനെ നടപ്പൂ നമ്മുടെ പൊരുളുകള്‍;
ഒപ്പമുണ്ടവയെല്ലാമൊരുനാള്‍ പെരുപ്പിച്ച പുരുഷരും !
നോക്കുവിന്‍, നീയെണ്ണ ചാലിച്ചോരാ
കൊടുംനീല ദേഹം പൂണ്ട ഭഗവതിമാര്‍
ഉടുത്തവര്‍ ഉരിഞ്ഞവര്‍
വിതച്ചവര്‍ മെതിച്ചവര്‍
കൊയ്തവര്‍ കുഴഞ്ഞവര്‍
ഒരു കാടു തന്നെയങ്ങനെ മേലൊഴുക്കിയിട്ടോര്‍
ഇറക്കാലില്‍ വെറുതേ സ്വപ്നം കണ്ടിരുന്നോര്‍
മുലകളാല്‍ മാനം നോക്കിയോര്‍
പക്ഷിപാതാളങ്ങളില്‍ കാല്‍ വിടര്‍ത്തിയ യക്ഷികള്‍
അത്ര മേല്‍ മുഖം പൂണ്ടവര്‍, ചിരിച്ചവര്‍
എവിടെപ്പോയവരെല്ലാം
ആര്‍ത്തിതന്നധരവ്യായാമങ്ങളിലോ
പടുകെട്ടിടം പൊതിയും
പ്ലാസ്ടിക്കുതുണികളിലോ
തരിശുപാടപ്പച്ചയിലോ
എങ്ങെല്ലാം വീണുകിടപ്പൂ,
ആ മനുഷ്യര്‍ ക്ഷീണിതർ
അങ്ങതാ പ്രേതത്തിന്റെ തലപ്പാവിട്ടു വരുന്നുണ്ട്
സര്‍ഗ്ഗാത്മകരുടെ പുതിയ പുരുഷാരം;
ഇവരെ നിനക്ക് പരിചയം കാണില്ല
അതിലെന്‍റെ വായനക്കാരനെ നോക്കൂ
പുസ്തകം തലകീഴായ് പിടിച്ച്
ആ താമര വിടര്‍ത്തുന്നു
അതിലെന്‍റെ കാഴ്ചക്കാരനുമുണ്ടല്ലോ
പര്‍വ്വതമായി മാറിയ കൊടുംതേളിനോടു
ചേര്‍ന്ന്നിന്ന് സ്വന്തം ഫോട്ടോയെടുക്കുന്നോന്‍
‘ഗോസ്റ്റ് ട്രാന്‍സ് മെമോയര്‍’ എന്നുതിരുന്നൂ
ആരുടെയോ അതിജീവനം, അശരീരി;
എതിരേ വരുന്നൂ മറ്റൊരു പുരുഷാരം
ആരുടെയോ പ്രതിഷേധം, അതാണിന്ന്‍ കവര്‍സ്റ്റോറിയും!
ഹേ ചിത്രകാരീ
ഇരുട്ടിന്‍റെ തിടമ്പേറ്റിയ കാലത്തെ കൊയ്ത്തുകാരീ
ഒരു നാളൊരു നഗരവസന്തത്തില്‍
നീ വരച്ചതെല്ലാമേതു മാതൃക്രമത്തിന്‍ കല്‍വിളക്കുകള്‍
ഏതു മിന്നാമിന്നി ചൂട്ടു പിടിച്ച നാട്ടുതെളിച്ചം
അവയില്‍ ഇണങ്ങും ആണുപെണ്ണുങ്ങള്‍
പക്ഷീമൃഗാദികള്‍, ജനനമരണമണങ്ങള്‍
മലയിടുക്കുകള്‍, നാഭീമുഖങ്ങള്‍
ഇരുളുകുമിഞ്ഞുവരുന്നതിവയെല്ലാ,
മേതു പെണ്ണിന്റെ മഹാമനുഷ്യപ്പൊരുളില്‍നിന്നും ?
എന്റെ സ്നേഹിതേ, ജന്മാന്തരെ
മഹാമറവിയുടെ ചിത്രമായി
ത്തീര്‍ന്നോരീ നദിക്കരയിലെവിടെയാണ്
നമുക്ക് മുഖം നോക്കാനൊരു
പൊരുളാര്‍ന്ന കല്ല്
ലോകം തിങ്ങിവിങ്ങും
മഹിമയാര്‍ന്നൊരു കണ്ണാടി
---------------------------------------------
2.
അല്‍പം
****
ഗോതമ്പ് വാങ്ങാന്‍ പോയതത്രേ
രാത്രിയെന്നും പകലെന്നുമില്ലാതെ
വെളിച്ചം വമിക്കുന്ന കെട്ടിടത്തില്‍
നിഴലറിയാത്ത സ്ഫടികലോകത്തില്‍
എല്ലായിടവും തെരഞ്ഞെന്കിലും
രാത്രിയെന്നും പകലെന്നുമില്ലാത്ത
വെളിച്ചം വമിക്കുന്ന കെട്ടിടത്തില്‍
അല്‍പ്പം ഗോതമ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല
അന്വേഷിപ്പിന്‍ കണ്ടെത്തും എന്നോര്‍ത്ത്
കിളികളോടും കൂജനങ്ങളോടുമൊത്ത്
ശേഷിച്ച കൃഷിയിടങ്ങളിലേക്ക്
തിരികെപ്പോന്നു
രാത്രിയും പകലും തിരിച്ചറിയാവുന്ന ഭൂമിയില്‍
കാറ്റത്തിരുന്നു മഴയത്തിരുന്നു വരമ്പത്തിരുന്നു'
വീണ്ടും വീണ്ടും കുഴിച്ചു
വിത്തിട്ട് മുളപൊട്ടി ചെടിയായി
വയലായി, പിന്നെ
തുഞ്ചത്തും തലപ്പത്തും
മണിയിട്ടു മണിയിട്ടു
ഇപ്പൊ വരും
ഇപ്പൊ വരും
ഹായ് കണ്ണഞ്ചിപ്പോയ്
എപ്പോഴോ വന്നു നിന്നുകളഞ്ഞില്ലേ
തലങ്ങനെയും വിലങ്ങനെയും
രാത്രിയെന്നും പകലെന്നുമില്ലാതെ
വെളിച്ചം വമിക്കുന്ന കെട്ടിടം
നിഴലറിയാത്ത സ്ഫടികലോകം
വെറും ഒരല്‍പം
ഗോതമ്പ് മതിയായിരുന്നു
തീറ്റപ്പണ്ടാരത്തിന്
-----------------------------------------------
3.
കുഞ്ഞിഷ്ണനും പരമേശ്വരനും
**********
കൂട്ടിലെ കിളി
കൊക്ക് തുറന്നടച്ചപോലെ,
തുടയിടുക്കില്‍ ഒരു ചെറുചലനം
അല്ലെങ്കില്‍ മാളത്തില്
മറ്റൊരു പാമ്പെന്ന പോലെ,
അലസമായ് ഒരു ചെറുചുരുള്‍ !
കുഞ്ഞിഷ്ണന്‍ പാതി മയക്കത്തിലാണ്
അവനെക്കുറിച്ച് ഞാന്‍ കവിതയെഴുതുന്ന
വിവരമൊന്നും അറിഞ്ഞിട്ടില്ല
ആ ഞരമ്പുകള്‍ തിണര്‍ത്തുനില്‍പ്പത്
അവന്‍റെ സുന്ദരമായ കൊച്ചു തലപ്പാവിന്‍റെ തുടക്കമാണ്
എന്‍റെയൊരു കിലുക്കം കേട്ടാല്‍
മണം കിട്ടിയാല്‍, എന്തിന്
ഒരോര്‍മ്മയുണര്‍ന്നാല്‍പ്പോലും
ആ തലയില്‍ നീര്‍ക്കെട്ടും,
പിന്നെ ഒലിച്ചിറങ്ങും ഞങ്ങള്‍ ഒരുമിച്ചു കണ്ട
സ്വപ്നത്തിന്‍ തെളിവെള്ളം.
ഇടയ്ക്കിടെ വിജ്രുംഭിച്ച്
ആകാശം നോക്കുമെങ്കിലും
ജ്ഞാനിയെപ്പോലെ ഉണര്‍ന്നു നിന്ന്‍
എന്‍റെ മിണ്ടാട്ടം മുട്ടിക്കുമെങ്കിലും
കണ്ണോട്ടം തെറ്റിയ്ക്കുമെങ്കിലും
കുഞ്ഞിഷ്ണന്‍ ഒന്നുമറിയുന്നില്ല
അല്ലെങ്കില്‍ത്തന്നെ
പാതിയുറങ്ങിയ കുഞ്ഞിഷ്ണനല്ലേ
എന്നും എല്ലാ തത്വജ്ഞാനങ്ങളില്‍നിന്നും
എന്നെയുണര്ത്തുന്നത്
ഒന്നും വേണ്ട, അവനെ പിടിച്ചുകുലുക്കിക്കൊണ്ടു
നേരുന്ന ഒരു ‘സുപ്രഭാത’ കളിമ്പം മതി
മത്തുപിടിച്ച് മുഷിഞ്ഞ എന്‍റെ
അനേകം ദിനങ്ങള്‍ തീര്‍ത്ത് തരാന്‍
പക്ഷേ കുഞ്ഞിഷ്ണന്‍ പരമേശ്വരനായി വേഷം മാറുന്നതാണ്
എന്‍റെ ജീവിതകഥയിലെ സുന്ദരമായ ഒരേട്
അവനെ അങ്ങനെ ദൈവമാക്കിയ കണ്ണുകൊണ്ട്
ഞാന്‍ ഈ ലോകത്തെ കാണുന്നു
അവനെ കളിപ്പാട്ടമാക്കിയ വിരല്‍ത്തുമ്പുകൊണ്ട്
ഞാനീ ലോകത്തോട് മാപ്പു ചോദിക്കുന്നു
അവനെ തുഴക്കാരനാക്കിയ വഞ്ചിയിലിരുന്നുകൊണ്ട്
ഞാനീ ലോകത്തെ ചോദ്യം ചെയ്യുന്നു
അവനെ ആനന്ദത്തിലേയ്ക്ക് കോര്‍ത്തെടുത്ത കാലിലേക്ക്
മുടിയഴിച്ചിട്ട് ഞാന്‍ ഈ പ്രകൃതിയെ മറച്ചുവയ്ക്കുന്നു
കുഞ്ഞിഷ്ണന്‍ ഒന്നും അറിയുന്നില്ല
പരമേശ്വരനാണ് ലിംഗരാജന്‍
അവനെ ഈശ്വരനാക്കിയ
എന്‍റെ പഴുതില്‍
ഞാന്‍ തന്നെ പിന്നെയും ഉറവെടുക്കുന്നു
എന്നെ ഈശ്വരിയാക്കിയ
അവന്റെ തലപ്പാവ് ചിതറിച്ചീറ്റി
അവന്‍ തന്നെ പിന്നെയും ഉറക്കമുണരുന്നു
പ്രകൃതിനിയമത്തിലെ രണ്ട് ഉരുപ്പടികള്‍ !
*********
http://cargocollective.com/kavithabalakrishnan
https://upclosepersonalarticles.wordpress.com/