കവിതകൾ - മിത്ര നീലിമ

കവിതകൾ - മിത്ര നീലിമ
************

1.
മ്യൂസിയം ഓഫ് ഇന്നസെൻസ്
**********
ചെറോണ  മൂപ്പത്തി
ഈറ്റ വെട്ടി കൊട്ടയും 
മുറോം നെയ്തു
ചന്തേലു വിറ്റു
അന്നത്തെ കഞ്ഞിക്കുള്ള
പലവഹയോടൊപ്പം 
ഷാപ്പിൽ പോയി
ഈരണ്ടു കുപ്പി 
 കള്ളടിക്കുവായിരുന്നു.
ചെറോണ  മൂപ്പത്തിക്ക്
ആരെയും പേടിക്കണ്ട
ഒറ്റാംതടി പരമസുഖം.
പെരുമ പറയാൻ മാത്രം
കുടുമ്മപ്പേരില്ലാത്തപെണ്ണുങ്ങക്ക്
ലേശം ഏനക്കേടു വരാറുണ്ട്.
ഇതിപ്പോ അങ്ങനൊന്നും
 തന്നെയില്ലാഞ്ഞിട്ട്
മൂപ്പത്തിക്ക് വെല്യഏനക്കേട്
ഇതുവരെ ഉണ്ടായില്ല.
മുറുക്കാൻ പെട്ടിക്കാത്ത് 
അരമുള്ള പിച്ചാത്തിയൊരെണ്ണം 
 ഇരിക്കുന്ന ബലത്തേല്
അവരങ്ങു ജീവിച്ചു.
നല്ല ജീവിതം.
മൂപ്പത്തിയുടെ കൊട്ടക്ക്
നല്ല ഡിമാൻഡും.
അങ്ങനെ ഒരു ദിവസം 
ചെറോണ മൂപ്പത്തിക്ക് 
പള്ളിപെരുന്നാളിന്
കറക്കാൻ കൊണ്ടന്ന 
ആകാശ തൊട്ടിയിൽ 
കേറാൻ മോഹമുണ്ടായി.
അതല്ലേലും
പറക്കാൻ മോഹമില്ലാത്ത
പെണ്ണേതാ ഭൂമീല്?
കുന്തക്കാലിൽ നിന്നു
ആയത്തിൽ ഊഞ്ഞാലാടുന്നത്,
ആകാശത്തൊട്ടിലിൽ കേറി
പറന്നു പൊങ്ങുമ്പോ
അടിവയറ്റിക്കൂടെ ഏതാണ്ട് 
പതു പതാന്ന് കുതിക്കുന്നത്
എന്തെല്ലാം എന്തെല്ലാം
ഗൂഢസന്തോഷങ്ങളിൽ
ജീവിച്ചു രമിക്കുന്ന
പെണ്ണുങ്ങളാണ്
പറവകളായി പിന്നെയും
പിറക്കുന്നത്.
ചെറോണ ആകാശതൊട്ടിയിൽ
കേറുന്നത് കണ്ട
 പൊടി പുള്ളാര് നിന്നു കൂവി
ആണുങ്ങളു കല്ലെറിഞ്ഞു.
പെണ്ണുങ്ങള് ചിരിച്ചു മറിഞ്ഞു.
അന്നേരം 
ചെറോണ പരിസരം
മറന്നു നല്ലൊരാട്ട് ആട്ടി.
എന്നിട്ടും വെച്ചു
മുകളിലേക്ക്
മുകളിലേക്ക് പറന്നു.
പെട്ടെന്നവൾക്ക് 
നക്ഷത്രങ്ങൾ വന്നു 
പൊതിയുന്നതായും
മേഘങ്ങൾ മുട്ടിയുരുമ്മുന്നതായും
അന്നേരം 
ആരും അറിയാതൊരു
മുയൽകുഞ്ഞ്
അമ്പിളിവട്ടത്തിൽ നിന്നിറങ്ങി
നടക്കുന്നതായും
ചെറോണ ചെറകു വിരിച്ചു
പറക്കുന്നതായും 
അനുഭവപ്പെട്ടു.

അങ്ങനെ 
അന്നാട്ടിലാദ്യം
ആകാശം തൊടുന്ന
 യന്ത്ര തൊട്ടിലിൽ
 കേറിയ പെണ്ണ്
ചെറോണ മൂപ്പത്തിയായി.
അതിന്റെം 
പിറ്റേന്നാണ്
 തെരേഷ്കോവ
ആകാശം തുരന്നു
പുറത്തേക്ക് പോയത്.

2.
മാറ്റമില്ലാത്ത
നീലാകാശം!
പച്ചക്കടൽ !ചോന്ന ഭൂമി!
**********
ഒറ്റ നാണയത്തുട്ടുപോലൊരു
അമ്പിളി വട്ടം ചുരുങ്ങിയിരിക്കുന്നു.
അത് 
മരിക്കാനിരിക്കുന്നവർക്ക് കിട്ടുന്ന 
അവസാനത്തെ അടയാളമാണെന്ന്
തോന്നാം.
ആ പഴുത്ത വട്ടത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന
ലാവ പോലൊരു ദ്രാവകം.
കാലത്തിന്റെനീറ്റൽ മാറ്റാനെന്നവണ്ണം 
ഉപ്പു വെള്ളം ഇറ്റിച്ചു നോക്കിയിരുന്നു.
ഒരു കുഞ്ഞ് മുറിവ് വലിയ ഗർത്തമാവുന്ന കാലം.
മുന്നിൽ കടൽ.
ചാവറിയാൻ വീശിയടിക്കുന്ന കാറ്റ്.
പാശവും പിരിശവുമെല്ലാം
കൊണ്ട് പോകുന്ന ഒരു കൊടുങ്കാറ്റ്.
ദിക്കും പകലും അറിയാതെ 
ഒറ്റ മുറി എന്ന ശൂന്യകാശത്ത് 
വട്ടം വരക്കുന്ന മൂന്നു പേർ!
റെഡ് ഓക്സയിഡിട്ട തറയുടെ പിളർന്ന മുറിവിലൂടെ വേരിറങ്ങുന്ന മൂന്നു തരം നെടുവീർപ്പുകൾ.
ഭൂതകാലത്തിന്റെ ഓർമകൾ
തീണ്ടിയിട്ടില്ലാത്ത മൂന്നുപേരെ
മൂന്നിടത്തു നമുക്കിനി കാണാം.

ഒന്ന്..

അയാൾ ഒരു മീൻകാരനായിരുന്നു
പുറംകടലുകളിൽ ചെറുവെള്ളം തുഴഞ്ഞു പോയൊരാൾ.
കടലിൽ കത്തിയെരിഞ്ഞിരുന്ന 
ഒരു കപ്പലിന്റെ ഡെക്കിൽ 
അയാളൊരു കൊച്ചു കുട്ടിയെ  കണ്ടതിൽ
പിന്നെ വലവീശാൻ പോയിട്ടില്ല.
വെടിയേറ്റവരെ അയാൾ കണ്ടതുമില്ല.
അയാൾ കാസാബ്ലാങ്കയെ കേട്ടതുമില്ലായിരുന്നല്ലോ.

രണ്ട്..

അവൾ മകനെ കാണാൻ ജയിലിൽ എത്തിയതായിരുന്നു.
ഇരുണ്ട ഇടനാഴികൾക്കുള്ളിലെ 
 കൊച്ചുമുറിയിൽ
അവൻ ഉണ്ടാവുമെന്നുറപ്പിൽ പുറപ്പെട്ടതാണ്.
കനത്ത മൗനം.
 കാക്കകരച്ചിൽ!
വെടികൊണ്ടവരിൽ അവനുണ്ടോ എന്നതിനുത്തരം ഇല്ലായിരുന്നു.
അനാഥരുടെ മരണങ്ങൾക്ക് രേഖകളുമില്ല .
രാജനെ അവൾക്കൊട്ടറിയത്തുമില്ല.

മൂന്ന്..

ഒരാൾ തെരുവിൽ പ്രതിഷേധിക്കുകയാണ്.
ഇനിയൊരിക്കലും 
കിട്ടുമെന്ന് യാതൊരുറപ്പുമില്ലാത്ത 
ഒന്നിനെക്കുറിച്ചു പ്രസംഗിച്ചതിൽ 
അയാൾക്കുറപ്പായും വെടിയേറ്റിരിക്കും.
ഹോളോകോസ്റ്റ് അയാൾ അറിഞ്ഞിട്ടുമില്ല 
മാർട്ടിൻ മുള്ളറെ
അയാൾ വായിച്ചതുമില്ലായിരുന്നല്ലോ.

നീതി..
നീതി..
നീതി..

മൂന്നു കട്ടിലുകളിൽ നിന്നും ഉയരുന്ന
 ഒടുക്കത്തെ നെടുവീർപ്പുകളെ 
ഇങ്ങനെ വ്യാഖ്യാനിച്ചെടുക്കാം.

ഇന്നലെയും 
അവരുടെ മരിപ്പിന്റെ ഇന്നും 
മാറ്റമില്ലാത്ത  അതേ 
നീലാകാശം!
പച്ചക്കടൽ!
ചോന്ന ഭൂമി!

Comments

(Not more than 100 words.)