ദൃശ്യകവിതയിലെ സ്ത്രീകൾ.. - ഡോണ മയൂര

ദൃശ്യകവിതയിലെ സ്ത്രീകൾ.. - ഡോണ മയൂര

ദൃശ്യകവിതയിലെ സ്ത്രീകൾ

    - ഡോണ മയൂര

 

ക്രിസ്റ്റീൻ സ്നോഡ്ഗ്രാസ്.

ഡിജിറ്റൽ ലോകത്തിന്റെ പുതിയ മാനങ്ങൾ എങ്ങനെയെല്ലാം കവിതയിലും ചേർത്തുവയ്ക്കാമെന്ന അന്വേഷണത്തിന്റെ അതിരില്ലാത്ത സർഗ്ഗാത്മകതയിൽ കവികൾ നിരന്തരം ഏർപ്പെടുന്നുണ്ട്. തുടക്കം മുതൽ അവരിൽ ചിലർ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുകയും, കവിതകൾ രചിക്കുകയും, സാമ്പ്രദായികമായ രീതികളെ വെല്ലുവിളിക്കുകയും പുനർനിർമ്മിക്കുകയും ചെയ്തു. അവരുടെ കവിതയിലൂടെ അവർ പുതിയ ജാൻറെകളിലുള്ള കവിതകൾ സൃഷ്ടിച്ചു. ഈ പ്രക്രിയയിൽ, കവികൾ പലപ്പോഴും കവിതാസമ്പ്രദായത്തിന്റെ പരമ്പരാഗത അതിരുകളെ അവഗണിക്കുകയും അതുവഴി അതിന്റെ വികാസത്തിന് കൃത്യമായി സംഭാവന നൽകുകയും ചെയ്യുന്നു. ഈ കവിതകൾ എല്ലായ്പ്പോഴും വർഗ്ഗീകരിക്കാൻ എളുപ്പമല്ല. പലപ്പോഴും പലവിഭാഗങ്ങൾക്കിടയിലെ ആന്ദോളനമാവുകയും ചെയ്യുന്നു. ഈ കവികളെല്ലാവരും തന്നെ തീർച്ചയായും പിന്നിലേക്ക് തിരിഞ്ഞു ചരിത്രം നോക്കുന്നവരല്ല. മറിച്ച് ഭാവിയിലെ കവിതകളിലേക്കുള്ള എത്തിനോട്ടമാണ് നടത്തുന്നത്. അവരുടെ കവിതകൾ സ്ഥിരതയാർന്ന പോലെ തിളങ്ങുന്ന ഒരു മൾട്ടിസെൻസറി അനുഭവമാക്കി മാറ്റുന്നതിൽ കവികൾ വിജയിക്കുകയും ചെയ്യുന്നു.

 

കൈകൊണ്ടോ യന്ത്രം കൊണ്ടോ രചിക്കുന്ന കവിതകൾക്ക് എന്താണ് വ്യത്യാസം. അത് നടപ്പിലാക്കിയ സ്ക്രീനിൽ ഒരു കവിത ചിത്രീകരിക്കുന്നതും കൈകൊണ്ട് എഴുതുന്നതും തമ്മിൽ സമാനതകളുണ്ട്. രണ്ടും കവിയെന്ന ചോരയും നീരുമുള്ള ഒരു മനുഷ്യേജീവിയാണ് ചെയ്യുന്നത് എന്നതിൽ അത് തുടങ്ങുന്നു. കലയുടെയും സാങ്കേതികവിദ്യയുടെയും മനുഷ്യന്റെയും യന്ത്രത്തിന്റെയും സംയോജനം വളരെക്കാലമായി നിലനിൽക്കുന്ന ഒന്നാണ്. ദർശനാത്മക പരീക്ഷണങ്ങൾ നടത്താൻ ശാസ്ത്രജ്ഞർക്കും കലാകാരന്മാർക്കും ഇത് പലപ്പോഴും പ്രചോദനമായിട്ടുമുണ്ട്. അവിടെയാണ് കവികളും കാവ്യാത്മക പരീക്ഷണങ്ങൾ നടത്തുന്നത്.

 

ക്രിസ്റ്റീൻ സ്നോഡ്ഗ്രാസ് തന്റെ കാവ്യവഴി ദൃശ്യകവിതയിലേക്കും കൂടി വ്യാപിപ്പിക്കുന്നതും സാങ്കേതികവിദ്യയിലൂടെയാണ്. ഗ്ലിച് ആർട്ട്. വിഷ്വൽ ആർട്ടിലും ഡിജിറ്റൽ മേഖലയിൽ ഗ്ലിച് ആർട്ട് സർവ്വവ്യാപിയാണ്. ക്രിസ്റ്റീൻ സ്നോഡ്ഗ്രാസിന്റെ അമേരിക്കൻ അപ്പാരൽ വിസ്പ്പൊ , ഗ്ലിച്ച് വിഭാഗങ്ങളുടെ സമന്വയത്തിലൂടെ ശ്രദ്ധേയമായ ദൃശ്യകവിതകളുടെ സമാഹാരമാണ്. ഫ്ലക്സസ് ആർട്ടിസ്റ്റുകൾ വീഡിയോ ഗ്ലിച്ച് വഴി നൂതനമായ കാലസൃഷ്ടികൾ മുൻകാലങ്ങളിൽ ആവിഷ്കരിച്ചിട്ടുണ്ട്. ദൃശ്യകവിതകളുടെ വിവിധ ജൻറെകളിലും കവികൾ ഫ്ലക്സസ് വളരെക്കാലമായി സംയോജിപ്പിക്കുന്നു.

 

ക്രിസ്റ്റീൻ സ്നോഡ്ഗ്രാസ് കണ്ടു പിടിച്ച 'ഫെമിഗ്ലിച്ച്' എന്ന ആശയത്തിലാണ് ദൃശ്യകവിതകൾ ആവിഷ്ക്കരിച്ചിരിക്കുന്നത്. ക്രിസ്റ്റീൻ സ്നോഡ്ഗ്രാസിന്റെ ഗ്ലിച്ച് ദൃശ്യ കവിതകൾ വ്യക്തമായും കൃത്യമായും അഡ്രസ്സ് ചെയ്യുന്ന ഇടങ്ങളിൽ ഫെമിനിസവും ബോഡി പൊളിറ്റിക്സും ഉൾപ്പെടുന്നു. ഈ സാധ്യതകളെ അസാധാരണമായി തന്നെ ഗ്ലിച്ച് ദൃശ്യകവിതകളിൽ ക്രിസ്റ്റീൻ ഉപയോഗിക്കുകയും ചെയ്യുന്നു.

 

കവിതകളിൽ നിർദ്ദേശിത ആകൃതികളും ഘടനകളും സൃഷ്ടിക്കാനുള്ള ക്രിറ്റീനിന്റെ കഴിവ് എടുത്ത് പരാമർശിക്കേണ്ട ഒന്നാണ്. കവിതകളിലെ വാചകത്തിന്റെയും ചിത്രത്തിന്റെയും ക്രമം ,അതിന്റെ വിഘടനവും വക്രീകരണവും ക്രമരഹിതമായ സമന്വയവുമെല്ലാം ക്രിറ്റീൻ സ്നോഡ്ഗ്രാസിന്റെ ദൃശ്യകവിതകളിൽ കാണാം.

 

ക്രിസ്റ്റീൻ സ്നോഡ്ഗ്രാസ് ആർട്ടിസ്റ്റും കവിയും പ്രഫസറും കൂറേറ്ററും പബ്ലിഷറുമാണ്. അസീമിക്ക് ആർട്ടിസ്റ്റ് & വിഷ്വൽ പൊയറ്റ്സിന്റെ ഫൗണ്ടറും ഈ വർഷം ഹിസ്റ്റീരിക്കൽ ബുക്ക്സ്, യു.എസ്.എ പബ്ലിഷ് ചെയ്യുന്ന WAAVe Global Gallery യുടെ മാനേജിഗ് എഡിറ്ററുമാണ്. പുസ്തകങ്ങൾ: അമേരിക്കൻ അപ്പാരൽ-ഏലിയൻബുദ്ധ പ്രസ്സ്, റാതർ- കൺറ്റെജിയണ് പ്രസ്സ് (2020), ദീസ് ബർണിങ് ഫീൽഡ്സ്- ചാപ്പ് ബുക്ക് - ഹിസ്റ്റീരിക്കൽ ബുക്ക്സ് (2019 ), ഔട്ട് ഓഫ് ദ വേൾഡ്-ഹിസ്റ്റീരിക്കൽ ബുക്ക്സ്(2016), ദ വാർ ഓൺ പാന്റ്സ് - ജാക്കറ്റ് ലെഗ്ഗ് പ്രസ്സ് (2013). www.kristinesnodgrass.com

Comments

(Not more than 100 words.)