കവിത - എം.ആര്‍. രാധാമണി

കവിത - എം.ആര്‍. രാധാമണി
  *******
പേന്തലയുള്ള പെറ്റിക്കോട്ട്‌
 ********
അപ്പാവണക്കിൻ തണ്ട്‌
കറയിൽ മുക്കി
സൂര്യപ്രകാശത്തിലേക്ക്‌ പറത്തി
മഴവില്ലുകളുണ്ടാക്കി
പൊട്ടിച്ചിരിച്ചതൊരു
പേന്തലയുള്ള പെറ്റിക്കോട്ടാണ്.

ഉപ്പും മൊളകും ചേർത്ത്‌
വെന്താലും വെളിന്താളുകൾ
പുളിയില്ലാഞ്ഞാൽ
നാക്കുമാത്രമല്ല തൊണ്ടയും
ചൊറിഞ്ഞു തകർക്കുമെന്നും

വെളുത്ത ചില്ലുകുപ്പിവെള്ളത്തിൽ
കരിങ്ങണാമീനുകൾ
ഞാറ്റടികളിലെ
ചെറിയ ചാലുകളിലെന്ന പോലെ
കണ്ണാരം പൊത്തിക്കളിക്കില്ലെന്നും

മൂന്നായി പകുത്ത കറ്റകൾ
മെതിക്കുമ്പോൾ
കുടിലിലെ കടുംകാപ്പിയിൽ കുതിർത്ത പുട്ട്‌
വായിൽ കപ്പലോടിക്കുമെന്നും

കുരുത്തക്കേടുകളൊപ്പിച്ചു വെച്ചിട്ട്‌
വടി ഓങ്ങുമ്പോഴേ
അയ്യോ പൊത്തോ എന്ന്
വിളിച്ചു കാറുന്നതും

ആളനക്കം കുറഞ്ഞ വഴികളിൽ
പിള്ളേരെ പിടുത്തക്കാരൻ
ഒളിച്ചിരിക്കുമെന്നു പറഞ്ഞു തന്നതും
പേന്തലയുള്ള ഒരു പെറ്റിക്കോട്ടാണ്

കരഞ്ഞു തളർന്നുറങ്ങിയ
ഒരു പെറ്റിക്കോട്ട്‌ ഇന്നുമെന്റെ
കത്തിക്കാളുന്ന വിശപ്പിന്നരികെ
പേനരിച്ചു  നടക്കുമ്പോൾ
ഞാനാകെ അങ്കലാപ്പിലാണ്

എവിടെയാണു
ഞാനെന്നെയൊന്നു
പാത്തു വെക്കുക

*********
എം.ആർ. രാധാമണി:

കോട്ടയം ജില്ലയിലെ കാരാപ്പുഴയില്‍ ജനിച്ചു. ചെറുകിട ജലസേചന  വകുപ്പില്‍നിന്നും ജൂണിയര്‍ സൂപ്രണ്ടായി വിരമിച്ചു.  വിദ്യാഭ്യാസകാലത്തുതന്നെ എഴുത്ത് തുടങ്ങിയിരുന്നെങ്കിലും റിട്ടയര്‍മെന്റിന്  ശേഷമാണ് എഴുത്തില്‍ സജീവമായത്. 'വരയ്ക്കാത്ത കണ്ണുകള്‍'(2013) എന്നൊരു  കഥാസമാഹാരവും 'വഴിപോക്കത്തി'(2018) എന്നൊരു കവിതാസമാഹാരവും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സര്‍വകലാശാല സിലബസുകളില്‍ കവിതകള്‍  ഉള്‍പ്പെട്ടിട്ടുണ്ട്. സന്തോഷ് ഒ. കെ. എഡിറ്റുചെയ്ത 'കാതല്‍- മലയാളത്തിലെ  ദലിത് കവിതകള്‍', എം.ബി. മനോജ്  എഡിറ്റുചെയ്ത 'മുദിത- മലയാളത്തിലെ ദലിത് പെണ്‍കവിതകള്‍' എന്നീ  സമാഹാരങ്ങളില്‍ കവിതകള്‍ വന്നിട്ടുണ്ട്. മാതൃഭൂമി, സമകാലിക മലയാളം,  പച്ചക്കുതിര, പാഠഭേദം, ഓറ മാസിക തുടങ്ങി നിരവധി ആനുകാലികങ്ങളില്‍ കവിതകള്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ കവിതാസമാഹാരം 'പേന്തലയുള്ള  പെറ്റിക്കോട്ട്' അച്ചടിയില്‍.'സര്‍ഗരേഖ' എന്ന സമാന്തര മാസികയില്‍  വര്‍ഷങ്ങളോളം ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയിരുന്നു. ഓര്‍മ്മക്കുറിപ്പുകള്‍  സമാഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഇപ്പോള്‍ കോട്ടയം  ജില്ലയിലെ മധുരവേലിയില്‍ താമസം. ഭര്‍ത്താവ് പരേതനായ വൈക്കം രാജ്. മക്കൾ ഷെല്ലി ടി. രാജ്, ഷെറി ടി. രാജ്.കവി എം.ആര്‍.  രേണുകുമാര്‍ സഹോദരനാണ്.

************

Comments

(Not more than 100 words.)