അമീന ബഷീറിൻ്റെ നീഹാരം

അമീന ബഷീറിൻ്റെ നീഹാരം

പുസ്തകപരിചയം
••••••••••••••••••••••••••
അമീന ബഷീറിൻ്റെ നീഹാരം

          - നൗഫൽ പനങ്ങാട്
       

അതിവിശാലമായ ലോകത്തെ കവി നോക്കിക്കാണുമ്പോൾ പ്രതിബിംബമായി പുലർന്നു നിൽക്കുന്നത് ഭാവനകളുടെ വിസ്തൃതമായ ലോകമായിരിക്കും. കാഴ്ചകളിലുടക്കിനിൽക്കുന്നതും നോട്ടത്തിൽ തറച്ചുനിൽക്കുന്നതും കേൾവികളിൽ മുഴങ്ങി നിൽക്കുന്നതും ഇതേ കവിതയുടെ പൂർത്തിയാവാത്ത ചില ഏടുകൾ മാത്രമാണ്. കാലം എടുത്തുവെച്ച ചില പരിചിത ഇടങ്ങളേക്കൂടി ചേർത്തുവായിക്കാൻ കവിത നിമിത്തമാവാറുണ്ട്.  അനുദിനം നവീകരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയിലേക്ക് ചൂഷണങ്ങളുടെ വിത്തുകൾ വീണുകൊണ്ടിരിക്കുമ്പോൾ എവിടെയാണത് മുളപൊട്ടുന്നത് അവിടെ വാക്കുകൾകൊണ്ട് നശീകരണ ശാസ്ത്രമൊരുക്കി സംരക്ഷിച്ചു നിർത്താൻ കവി ആഹ്വാനം ചെയ്യും. ഏകാധിപത്യങ്ങളുടെ കാൽപ്പെരുമാറ്റം ദൂരെനിന്നും തിരിച്ചറിയപ്പെടുകയും അധികാരങ്ങളുടെ ആൾപ്പെരുമാറ്റം മാറി നിന്ന് നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്തിന്റെ സാമൂഹ്യധർമ്മത്തിന്റെ പുതിയ പേരായി ഇതു രൂപാന്തരപ്പെടുകയും ചെയ്യും. ഇത്തരം ഇടങ്ങളിലേക്കെല്ലാം വാക്കുകൊണ്ടും ഭാവന കൊണ്ടും യാത്ര ചെയ്യുകയാണ് കവിയത്രി അമീന ബഷീർ ഇവിടെ ചെയ്യുന്നതും. ഒറ്റക്കൊരു യാത്ര നടത്തുമ്പോൾ ഒന്നാകെ വിസ്മയിപ്പിക്കുന്ന വിഷയങ്ങൾ കവിതയിലേക്ക് പറിച്ചു നടാനാണ് ഇവിടെ ശ്രമിക്കുന്നതും. കാലത്തിനൊപ്പമുള്ള ഒഴുക്കിൽ ചുറ്റും കണ്ടു പരിചയിച്ചതിനെയെല്ലാം കൂടെക്കൂട്ടാൻ ശ്രമിക്കുന്നുണ്ട് കവിതയിലൂടെ. പുരുഷാധിപത്യത്തിന്റെ ലോകം വരയ്ക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ സ്ത്രീകളുടെ ആകാശത്തെ പ്രതീക്ഷയുടെ വെള്ളിവെളിച്ചം കാട്ടിത്തരുന്നുണ്ട്, അല്ലെങ്കിലുമാകാശം നിങ്ങളുടേതും കൂടിയാണ് എന്നോർമ്മപ്പെടുത്തുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ പതറിപ്പോകുന്നവർക്ക് പ്രതീക്ഷയുടെ ചില അക്ഷരക്കൂട്ടങ്ങൾ തുന്നിത്തരുന്നുണ്ടിവിടെ കവിത. സ്വയം പ്രകാശിതമാകാനുള്ള ഇടങ്ങളായും ഇവിടെ കവിത മാറുന്നുണ്ട്. പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും മുനകൂർപ്പിച്ച് കവി പറയാൻ ശ്രമിക്കുന്നത് സാമൂഹിക അവസ്ഥയെക്കുറിച്ചായിരിക്കും. മനുഷ്യത്വത്തിൻ്റെ നിലാവ് പടർന്ന വഴികളെകുറിച്ചാവും. സ്നേഹം തുന്നിയ പാരസ്പര്യത്തിൻ താക്കോൽ കൂട്ടങ്ങളെ കുറിച്ചുമാകും. അത്തരം മനുഷ്യപക്ഷ ഇടപെടലുകൾ കൊണ്ട് ഈ കവിതയും നിങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കും. പ്രതിഷേധിക്കാൻ ആക്കം കൂട്ടും. മണ്ണിനേയും മനുഷ്യനേയും അടുത്തറിയാൻ ഇടയാക്കും.

     ( നീഹാരത്തിൻറെ അവതാരികയിൽ കവിയും ജേർണലിസ്റ്റുമായ ശ്രീ നൗഫൽ പനങ്ങാടിന്റെ വാക്കുകൾ.)

Comments

(Not more than 100 words.)