കവിത - ഹെയ്‌സൽ പോൾ ടോറസ് **********
അസുരതാളം
********
ഒന്നിനും നിലനിൽപില്ലാത്ത ഭൂവിതിൽ , ഒന്നുമറിയാതെ പടവെട്ടുന്നു നിത്യവും
ഒന്നിനുമല്ലാതെ മർത്യർ തമ്മിൽ തമ്മിൽ
സൃഷ്ടികർത്താവിൻ പൊരുളുകളൊന്നുമേ
യറിയാതെ വൃഥാ തേടുന്നു ആരെയോ
ദൈവമെന്ന നാമത്തിനു വദനമേകാൻ
മർത്യരെന്ന മഹാമസ്തിഷ്കർ...
മനസ്സെന്ന പരീക്ഷണശാലയിൽ
മതങ്ങളെന്ന പേരുകളിൽ നടത്തിടുന്നു
പലവിധ ഗവേഷണങ്ങൾ പല പല
മത മേധാവികളാം മർത്യർ...
മുഗൽപെറ്റ മക്കളും , പറയിപെറ്റ കുലവും
ചരിത്രത്താളുകളിൽ മയങ്ങിടുന്നു,
ആരാലോ പണിത സ്ഥാവര
വസ്തുക്കൾതൻ ജാതി നോക്കി നടക്കുന്നുവല്ലോ മൂഢപണ്ഡിതരിന്നും ...
ജയിച്ചിട്ടും തോൽവിയറിഞ്ഞ പാണ്ഡവരും
ഇന്നിന്റെ നേർക്കാഴ്ച മാത്രമല്ലേ ....
തേർവാഴ്ച നടത്തീട്ടും , വാൾവാഴ്ച നടത്തീട്ടും
അടങ്ങാത്തതൊന്നുമാത്രമെന്നറിയുക
അധികാരത്തിൻ ഗർവ് മാത്രം ,
ചൊരിഞ്ഞതത്രയും ചുടുനിണവും ..
സ്ഫോടകങ്ങൾ നിർമിച്ചിടുന്നതും മർത്യൻ
സ്‌ഫോടനത്തിൽ ചിതറിടുന്നതും മർത്യൻ
എന്നിട്ടും തിരിച്ചറിവുകളില്ലാതെ പിന്നെയും
പായുന്നു എന്തിനെയോ തേടി ..
**********
ഹെയ്‌സൽ പോൾ ടോറസ്
സ്ഥലം : എറണാകുളം
വായനയും എഴുത്തും ഇഷ്ടം.
ഓൺലൈൻ സാഹിത്യരംഗത്തു സജീവം .
**********