കവിതകൾ - മഞ്ജു ഉണ്ണിക്കൃഷ്ണൻ

കവിതകൾ - മഞ്ജു ഉണ്ണിക്കൃഷ്ണൻ

കവിതകൾ - മഞ്ജു ഉണ്ണിക്കൃഷ്ണൻ
*************
1.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് 
*********
വെളളകെട്ടിൽ നിന്നും
കണ്ടെടുക്കുമ്പോൾ 
അടികൊണ്ട് പതം വന്ന ഛായയായിരുന്നു

പോസ്റ്റുമാർട്ടം ടേബിളിൽ
ചിരിച്ചു കൊണ്ട് കിടന്നത്

മുഖം ഞരിഞ്ഞിരുന്നു .

സ്നേഹത്തിന്റെ തലോടൽ 
കാരണമായി കാണുന്നുണ്ട്

അവസാനം പറഞ്ഞ വാക്ക്
തൊണ്ടയിൽ നിന്നും കണ്ടെടുത്തു

കേട്ട പാട്ട് വക്ക് പൊട്ടിചെവിയിൽ 
കുടിച്ച കാപ്പി മധുരം
 ശിരസ്സിലെത്തി

( കഴിക്കുമ്പോൾ
അട്ടഹാസച്ചിരി ക്കിതുപതിവാണ്)

പഴയ മണ്ണിന്റെ തിരകൾ 
നഖങ്ങൾക്കിടയിൽ

കവിതയുടെ കുതിരകൾ 
ചവിട്ടി കുഴച്ച ഹൃദയം
കാറ്റുപിടിച്ച ഓർമ്മയിൽ
രോമങ്ങൾ കൊഴിഞ്ഞിരുന്നു

പറന്നു പോവുകയല്ലാതെ
വഴിയില്ലെന്ന ആത്മഹത്യ കുറിപ്പ്
മുടിയിൽ ഒളിപ്പിച്ചിരുന്നു

വിവാദമില്ലാതിരിക്കാൻ .
ഇങ്ങനെ കടലാസ്സിലെഴുതി 

സ്നേഹത്തിന്റെ കുഴൽ കിണറിൽ വീണതാണ്
ഓർമ്മയുടെ വെളളം 
കുടിച്ച് ചത്തതാണ്

2.
അതിപുരാതന രീതിയിലെ 
പെണ്ണുകാണൽ ചടങ്ങിൽ നിന്നും
***********
ചെറുക്കനും കൂട്ടരും 
പറഞ്ഞ പോലെ നട്ടപ്ര ഉച്ചയ്ക്ക് ,
പെണ്ണുകാണാനെത്തുന്നു .

ഏതൊരു മലയാളിയേയും പോലെ 
വീട്ടിലേക്ക് കയറുന്നതിന് മുൻപ് -
ബന്ധുബലക്കാരൻ ;
മുറ്റത്തെ കിണറ്റിൽ എത്തിനോക്കുന്നു.
അതേ നേരത്തു തന്നെ ,
പറമ്പിന്റെ അതിർത്തികൾ 
കണ്ണുകൊണ്ട് അടയാളപെടുത്തുന്നു .
ഒറ്റ നോട്ടം കൊണ്ട് 
വെള്ളത്തിന്റെഅളവ്അടിക്കണക്കിലും 
കിണറിന്റെ ആഴം കോൽക്കണക്കിലും 
എഞ്ചുവടി മാതൃകയിൽ മനക്കണക്ക്  കൂട്ടുന്നു .

കിണറ്റിൽ കൂടുവച്ച പൊന്മാൻ 
സങ്കോചമേതുമില്ലാതെ പറന്ന്   പുറത്തിറങ്ങുന്നു .
കിണർ ഭിത്തിയിലെ 
വെള്ളിലയും ,പന്നലും 
അയാളെ കണ്ടതായി ഭാവിച്ചില്ല .

ഇതേനോട്ടക്കണ്ണുള്ള 
വകയിലെ അമ്മായി,
വീട്ടിലെ മുറികളുടെ കിടപ്പ് ,
അഥവാ സ്ഥാവകജംഗമവും .
പിക്ച്ചർ ഡാറ്റയായി സേവ് ചെയ്തു .
അടുക്കളയിൽ ചെന്ന് 
വൃത്തിയുടെ കാര്യത്തിലെ 
സർട്ടിഫിക്കറ്റ് ചുമ്മാ ഒപ്പിട്ടു .
ഫോണിൽ കുത്തി കളിച്ച് 
നിന്നിരുന്ന പെണ്ണിനോട് 
ചെറുക്കന്റെ മഹിമ വിളമ്പി .

ഉമ്മറത്ത് പതിവുപോലെ 
"എന്താ ചൂട് ?"
"ഇങ്ങനെ പോയാ എന്താകും "
എന്ന ആ മുഖ വാചകത്തേടെ ,
ബന്ധുബലക്കാരൻ തള്ളു തുടങ്ങുന്നു
2018 ന് ശേഷം നടക്കുന്ന 
സാങ്കൽപ്പിക കഥ ആയതിനാൽ 
പ്രളയത്തെ കുറിച്ച് പറയുന്നു .
വെള്ളം കയറാത്ത 
നാല് ഏക്കർ ഭൂമിയെ പറ്റി പറഞ്ഞ് "
" പെണ്ണിന്റെ യച്ഛൻ" മാർക്ക് വാങ്ങുന്നു
അനന്തരം 

പെണ്ണും ചെക്കനും കോണിച്ചോട്ടിൽ 
വച്ച് മിണ്ടുന്നു . 

ബ :ബ  അഥവാ ബന്ധുബലക്കാരൻ
നാലേക്കറിനെ പറ്റി ഓർത്തും .
അമ്മായി "'ഈ വീട് അവൾക്കാ "
ആരോ പറഞ്ഞത് ഓർത്തും .
ചെറുക്കൻ പെണ്ണിന്റെ 
നന്നായി ചിരിക്കുമ്പോൾ മാത്രം കാണുന്ന മടമ്പല്ല് ഓർത്തും .
സന്തോഷത്തോടെ മടങ്ങി .
ഇറങ്ങും മുൻപ് 
"ഞങ്ങൾ അറിയിക്കാം "
എന്ന വാചകം പറയാൻ മറന്നില്ല .

ചെറുക്കന്റെ ഫേയ്സ് ബുക്ക് 
പരതി പഠിച്ച പെണ്ണ് ,
"പൗരത്വ ബില്ലിന് അനുകൂല പോസ്റ്റിട്ട 
ചെറുക്കനെ എനിക്ക് വേണ്ട ".
എന്ന് പ്രസ്ഥാവന ഇറക്കിയതും 
ചെറുക്കൻ കൂട്ടരുടെ കാർ 
രണ്ടാം ഗിയറിലേക്ക് വീണതും .
പൊന്മാൻ കിണറ്റിലേക്ക് 
തിരിച്ച് പറന്നതും ഒരേ സമയത്താണ് .
(2019 ശേഷം നടക്കാനിടയുള്ള ഒരു 
സാങ്കൽപ്പിക ചിത്രം മാത്രമാണ് ).

************
മഞ്ജു ഉണ്ണികൃഷ്ണൻ :

മലയാള കവിതയിൽ 'നേർരേഖ'യിൽ വ്യത്യസ്തമായ ചിന്തകൾ പങ്കുവെയ്ക്കുന്ന കവി.  
അങ്കമാലി സ്വദേശി 
നേർരേഖയിൽ പറഞ്ഞാൽ, ഒരാളെ സൂക്ഷ്മം ഓർമിക്കും വിധം എന്നീ  കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . 
വസ്ത്ര വ്യാപാര രംഗത്ത് പ്രവൃത്തിക്കുന്ന സംരംഭകയാണ്.
***********

Comments

(Not more than 100 words.)