1
രക്ഷിക്കണേ
ഞാൻ
കടലിലും
പർവ്വതങ്ങളിലും
മരുഭൂമികളിലും
യാത്ര ചെയ്തിട്ടുണ്ട്
ഇത്രക്ക്
ഒച്ച വെക്കേണ്ടി വന്നിട്ടില്ല
കടലിൽ
മീനുകളും
പർവ്വതങ്ങളിൽ
ഉറവകളും
മരുഭൂമികളിൽ
ഒട്ടകങ്ങളും എന്നെ സഹായിച്ചിട്ടുണ്ട്
ഇത്രക്ക്
ഒച്ച വെക്കേണ്ടി വന്നിട്ടില്ല
രാത്രികളിൽ മാത്രം
വെളുക്കുന്ന
നഗരങ്ങളിലെ മുഖങ്ങൾ
അവരുടെ കണ്ണുകളിലെ
വെളിച്ചം
എന്നിൽനിന്നു
മറച്ചു പിടിച്ചു.
എന്നിട്ടും
ഇത്രക്ക്
ഒച്ച വെക്കേണ്ടി വന്നിട്ടില്ല
ജീവനുവേണ്ടി
കരഞ്ഞുകൊണ്ട്
ഓടിയൊളിക്കുന്ന
മുയലുകളെ
നഗരങ്ങളിൽ മാത്രമേ
ഞാൻ
കണ്ടിട്ടുള്ളൂ
ആളുകൾക്ക്
കേൾക്കാവുന്നത്രയ്ക്ക് ഉച്ചത്തിലാണ്
ഞാൻ
വിളിച്ചു പറഞ്ഞത്.
ഇത്രയുച്ചത്തിൽ
Pഇതേവരെ
പറഞ്ഞില്ല
എന്നപോലെ....
വെളുപ്പിൽ
ഒരിത്തിരി
ചുവന്ന കറ പടർന്നാൽ
എങ്ങനെയിരിക്കും?
ചോരക്കറ "
എന്നല്ലേ നാം പറയുക?
പിന്നെയെനിക്കെങ്ങനെ
ഇത്രയും
ഉച്ചത്തിൽ
നിലവിളിക്കാതിരിക്കാനാവും
" രക്ഷിക്കണേ" എന്ന്
2
ഓന്തുകൾ
ഒരു മഹാസാമ്രാജ്യമാണ്.
അവർക്ക്
സ്വന്തമായൊരു
ഭരണ സംവിധാനമുണ്ട്
എവിടെ നോക്കിയാലും
അവരെത്തന്നെ കാണും
ആരെ വിളിച്ചാലും
അവർ തന്നെ വിളി കേൾക്കും
വെള്ളം
വായു
ശ്വാസം
എല്ലാത്തിനും
സ്വന്തം പേരിടും
എല്ലാ ചുവരുകളിലും
സ്വന്തം
മലം പതിപ്പിച്ചു വക്കും.
എന്നിട്ട് അഭിമാനം കൊള്ളും
അവരുടെ മാനിഫെസ്റ്റോയിൽ
എല്ലാ നിറങ്ങൾക്കും
ഒരേ പേര്..
ഒരേമണം
ഒരേ ഗന്ധം...
ഒരേ ഭാഷ..
ഓന്തുകളുടെ സാമ്രാജ്യത്തിൽ.
പാമ്പുകൾക്കോ ഉറുമ്പുകൾക്കോ
പല്ലികൾക്കോ
സ്ഥാനമില്ല.
നിറം മാറി മാറി ഒറ്റ നിറത്തിൽ
ഉറച്ചു പോയ,
നാവു ഊരിപ്പോയ ഓന്തുകൾ
അവിടെ ഭരിക്കും
"നിലപാട്"
എന്നാൽ
അവർക്ക്
നിലപാടുകൾ
ഇല്ലാതിരിക്കുക
എന്നതാണ്...
ആനയെ കണ്ട് സിംഹവും
സിംഹത്തെ
കണ്ട് കടുവയും
കടുവയെ കണ്ട് കുറുക്കനും
കുറുക്കനെ കണ്ട് മാനും
മാനിനെ കണ്ട് മരപ്പട്ടിയും
പേടിക്കുന്നുണ്ട്
എന്ന് അവർ കരുതും
ഇതിനിടയിൽ
കണ്ണാടി നോക്കി
പുലി എന്ന് സ്വയം കണ്ടെത്തിയ
ഒരു അണ്ണാൻ
നിലപാട് തറയിലേക്ക്
കയറുo
നിലപാടുകളെക്കുറിച്ച്
പ്രസംഗിക്കുo
കാട്ടിലെ നിയമങ്ങൾ
മുഴുവൻ വായിച്ചു പഠിച്ച
ഒരു ഒട്ടകം
സൂചി കയറ്റാനൊരിടo നോക്കി
അയവിറക്കി കിടക്കുo
ഇരുട്ടിൽ ഒളിഞ്ഞിരുന്ന്
ഒരു കൂമൻ മൂളും
3
പുലി
ഒരില എന്നെ നോക്കി
ഞാന്‍ എന്നെത്തന്നെ നോക്കും പോലെ
ഒന്നും മിണ്ടിയില്ല
ഇല ഒന്നിളകി
കാറ്റില്‍ ഞാനുമൊന്നിളകി
ഒരുറുമ്പ് ഇലത്തുമ്പിലേക്ക് കയറി
അരിച്ചു പോയി
ആ ഉറുമ്പ് എന്‍റെ വിരലിലേക്ക്
കയറിയില്ല
ഇലയുടെ മരം
അനങ്ങാതെ നില്‍ക്കുകയാണ്
അതില്‍ കാക്കയും അണ്ണാനും
ചിലന്തിയും കുരുവിയുമുണ്ട്
ഒരു പുള്ളിപ്പുലി
ഇലകള്‍ക്കിടയില്‍
ഉറങ്ങുന്നുണ്ട് എന്നത് ഒരു സാധ്യതയാണ്
അങ്ങനെയായാല്‍ എല്ലാം തകിടം മറിയും
ഇലയ്ക്ക് ഇത്ര സ്നേഹത്തോടെ
എന്നെ നോക്കാന്‍ കഴിയുകയില്ല
ഉറുമ്പിന് ഉടല്‍ വിറക്കാതെ ഇലത്തുമ്പിലേക്ക്
കയറാനുമാകില്ല
എനിക്കും ഇത്ര അനായാസമായി
ഇവിടെ നില്‍ക്കാനുമാകില്ല
പക്ഷെ പുള്ളിപ്പുലി ഇവിടെയില്ല
അങ്ങനെ ഞാന്‍ വിശ്വസിക്കുന്നുണ്ട്
ഉറുമ്പ് ഇലയെ
വിശ്വസിക്കുന്നുണ്ട്
ഇല എന്നെ വിശ്വസിക്കുന്നുണ്ട്
ഞാന്‍ മാത്രമാണ് അപ്പോള്‍
എല്ലാറ്റിനും കാരണം
എങ്കില്‍
ഞാന്‍ കണ്ണടക്കാം
ഇലകള്‍ക്കിടയില്‍
ഒരു പുള്ളിപ്പുലി
ഉണ്ട് .
രോഷ്നിസ്വപ്ന :
കവി നോവലിസ്റ്റ് ,വിവർത്തക,ചിത്രകാരി ,ഗായിക .
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ്ഡ്രാമയിൽ നിന്ന്നാടക സംബന്ധിയായവിഷയത്തിൽ ഡോക്ടറേറ്റ് നേടി. മലയാളസാഹിത്യത്തിലും, ഇംഗ്ലീഷ് സാഹിത്യത്തിലും M.A.ബിരുദാനന്തരബിരുദങ്ങൾ. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന്ചരിത്രത്തിൽ ബിരുദം. മുംബൈരാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ജേർണലിസത്തിൽ നിന്നും കമ്മ്യൂണിക്കേറ്റീവ്ജേർണലിസം രണ്ടാംറാങ്കോടെ പൂർത്തിയാക്കി.കേരള സാഹിത്യ അക്കാഡമി ജൂനിയർ ഫെല്ലോഷിപ്,ചലച്ചിത്ര കേന്ദ്രംതൃശൂർ നൽകുന്നഗ്രന്ഥരചനfellowship എന്നിവ നേടി.കേരള ചലച്ചിത്ര അക്കാഡമി യിൽ നിന്ന് ഫിലിം അപ്രീസിയേഷൻ കോഴ്സുംപൂര്‍ത്തിയാക്കി.രോഷ്നി സ്വപ്നയുടെതായി 30 ഓളം പുസ്തകങ്ങള്‍ പുറത്തിറങ്ങി . 25ഓളം സാഹിത്യപുരസ്കാരങ്ങളും ലഭിച്ചു. രോഷ്നിസ്വപ്നയുടെ കവിതകൾ ഇംഗ്ലീഷ്,അർമീനിയ,ഫ്രഞ്ച് ,ഹിന്ദി ,കന്നട ,തമിഴ് ,ബംഗാളി ,മറാത്തി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട് .ലോക ഭാഷകളിൽ നിന്ന് 700 ഓളം കവിതകൾ മലയാളത്തിലേക്ക് വിവർത്തനംചെയ്തു.
ചുവപ്പ്,
കാമി,
കടൽമീനിന്റെപുറത്തുകയറിക്കുതിക്കുന്ന പെൺകുട്ടി,. ശ്രദ്ധ ,
ഉൾവനങ്ങൾ,
ഏകാന്തലവ്യൻ,
വൈറ്റ് പേപ്പർ,
വല,
കടലിൽ മുളച്ച മരങ്ങള്‍ ,
മണൽമഴ,
ഓരോ തവണയും ഞാൻ നിന്നെചുംബിക്കുമ്പോൾ,
പ്രണയത്തിന്റെയുംമരണത്തിന്റെയും കവിതകൾ ,
അവഗണിക്കപ്പെട്ട പുസ്തകത്തിനായൊരു ശിലാ ലിഖിതം,
പിനോക്യോ ,
ആലീസിന്റെ അത്ഭുത ലോകം,
P.K.നായർ -നല്ലസിനിമയുടെകാവലാൾ,
അഡോണിസ്ന്റെ കവിതകൾ ,
അരൂപികളുടെ നഗരം .,
ഇലകൾ ഉമ്മവക്കുംവിധം,
ബുദ്ധനുമായുള്ള ആത്മഭാഷണങ്ങൾ,
കഥകൾ -രോഷ്നി സ്വപ്ന ,
കഥകളി രംഗം (എഡിറ്റർ)
മാജിക് മഷ്‌റൂം
എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍
വള്ളത്തോൾ പുരസ്‌കാരം-കേരള കലാമണ്ഡലം 1994
മാതൃഭൂമി സ്റ്റഡി സർക്കിൾ കവിതാ പുരസ്‌കാരം -1990 മാതൃഭൂമി
വള്ളത്തോൾ. യുവ കവിത പുരസ്‌കാരം -കേരള കലാമണ്ഡലം 1996
,അങ്കണം കവിതാ പുരസ്‌കാരം -2013, അങ്കണം. സാംസ്‌കാരികവേദി, തൃശൂർ
ന്യുഡൽഹി'കഥ 'പുരസ്‌കാരം ,-2000,( കഥ, ന്യൂ ഡൽഹി)
ഭാഷാപോഷിണി കഥ പുരസ്‌കാരം -(2000, ഭാഷപോഷിണി, )
ബഷീർ സ്മാരക കവിതാ പുരസ്‌കാരം,-2002(ബഷീർ സ്മാരക വേദി )
പുരോഗമന കലാവേദി കവിതാ പുരസ്‌കാരം ,(2001, പു ക സ )
ഗൃഹലക്ഷ്മി കഥാ പുരസ്‌കാരം ((2004,മാതൃഭൂമി publications )
റെയിന്‍ബോ ബുക്ക്സ് കവിതപുരസ്‌കാരം-(2000, റൈൻബോ books, ചെങ്ങന്നൂർ)
കന്യക -കഥാ പുരസ്‌കാരം2002, കന്യക
,മണപ്പുറം കഥാ പുരസ്‌കാരം,-2000, മണപ്പുറം സാഹിത്യ വേദി
ബാങ്ക് ഫോറം കവിതാ പുരസ്‌കാരം ,2000, കേരള സ്റ്റേറ്റ് ബാങ്ക് വർക്കേഴ്സ് ഫോറം
OV.വിജയൻ സ്മാരകനോവൽ പുരസ്‌കാരം,-(2001മെലിൻഡ പബ്ലിക്കേഷൻസ്, തിരുവനന്തപുരം )
ഡി .സി .ബുക്ക്സ്
നോവൽകാർണിവൽ അവാർഡ് ഷോർട് ലിസ്റ്റ് - ഡി സി books കോട്ടയം
ശങ്കേഴ്സ് വീക്കിലി അന്താരാഷ്ട്ര പുരസ്‌കാരം1986, ശങ്കേഴ്സ് വീക്കിലി
ആകാശവാണി സംഗീത പുരസ്‌കാരം,(1999, All India Radio )
യുവ പുരസ്‌കാരം,-(2010 നാഷണൽ യുവ സൊസൈറ്റി)
കന്യക കവിത പുരസ്‌കാരം
.puzha.Com കഥ പുരസ്‌കാരം .(2006)
ആലപ്പുഴ ലൈബ്രറി കൗൺസിൽ കഥാ പുരസ്‌കാരം .2002, our ലൈബ്രറി ആലപ്പുഴ
സി പി .ഐ .കവിതാ പുരസ്‌കാരം,-
മാമാങ്കം പുരസ്‌കാരം 2022
തുടങ്ങിയവയാണ് പ്രധാന പുരസ്കാരങ്ങള്‍
"ദൂരം ""നിശബ്ദം "" എന്ന രണ്ടു ഹ്രസ്വ ചിത്രങ്ങളും "അക്കിത്തം -ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരം "എന്ന ഒരു ഡോക്യൂമെന്ററിയും സംവിധാനം ചെയ്തു .ഇപ്പോൾ തുഞ്ചത്ത്എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ സാഹിത്യപഠന സ്കൂളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ .
സംവിധായകനും നടനും എഴുത്തുകാരനും തിയേറ്റർ പ്രാക്റ്റീഷനറുമായ എമിൽ മാധവി ആണ് ജീവിതപങ്കാളി .
roshiniswapna@gmail.com
ഒരു എഴുത്തുകാരി എന്ന നിലയിൽ വാക്കുകൾ കൊണ്ട് സത്യത്തിന്റെ സാമ്രാജ്യം തീർക്കാൻ ഇനിയും ഒരുപാട് ഭാഗ്യമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ❤️❤️❤️