കവിതകൾ - ശ്രീകല ശിവശങ്കരൻ

കവിതകൾ - ശ്രീകല ശിവശങ്കരൻ

കവിതകൾ - ശ്രീകല ശിവശങ്കരൻ
******************************** 
 
1. നിത്യകല്യാണി
 
(എന്റെ മുത്തശ്ശിക്ക്)
*******************
 
ഓർമ്മിക്കാൻ എനിക്കാകുമെങ്കിൽ 
ഞാൻ നിന്നെയോർമ്മിക്കുന്നത് 
അടിച്ചു കൊല്ലപ്പെട്ട ഒരു മൃഗത്തെ പോലെയാണ് 
ശരീരത്തിന്റെ ഒരു തരി പോലും ബാക്കി വച്ചില്ല 
നിന്റെ സന്തതി പരമ്പരക്ക് 
വിചിന്തനം ചെയ്യാൻ 
അവരിപ്പോഴും കുഴപ്പം പിടിച്ച ഓർമ്മയിലുഴലുന്നു
അജ്ഞാത ജഡങ്ങളിൽ 
തട്ടി വീഴുന്നു 
 
ഓർമ്മിക്കാൻ എനിക്കാകുമെങ്കിൽ 
ഞാൻ നിന്നെ ഒരു വെപ്പുപല്ലിന്റെ രൂപത്തിലോർമ്മിക്കുന്നു 
തടിയലമാരിയുടെ മുകളിൽ വെച്ചത്!
അതുകണ്ട് കുട്ടികളെത്ര ഭയന്നു!
എന്തൊരു തിളക്കമായിരുന്നു!
എത്ര അയഥാർത്ഥം!
 
നീയെങ്ങനെയാണ് പുഞ്ചിരിച്ചതെന്ന് 
എനിക്കറിയില്ല 
ചിരിക്കുന്ന ചിത്രങ്ങളൊന്നും തന്നെയില്ല 
തോളെല്ലുകൾക്കിടയിലുള്ള അഗാധ താഴ് വരകൾ 
അവയിലെ ഓർമ്മകളുടെ 
കൊടുങ്കാറ്റുകൾ 
നിലയ്ക്കാത്ത മഴയും 
പേടിപ്പെടുത്തുന്ന വെള്ളപ്പൊക്കവും 
നീ ചതുപ്പുകളിലുഴുത
ഇടിമിന്നലായിരുന്നു 
 
പത്തിയുയർത്തിയ നാഗങ്ങൾ 
പെട്ടെന്നൊരു ദിവസം 
ശത്രുക്കളായി 
പരിചിതമായ കാലടികൾ
ഭയാനകങ്ങളായി 
നീ കലങ്ങിയ വെള്ളത്തിൽ നടന്നു 
ഭീതിയില്ലാതെ 
തനിച്ച് പോരാടിക്കൊണ്ട് 
 
നീയൊളിച്ചോടുന്നവളായിരുന്നില്ല 
നിന്റെ ലോകം കൂടുതൽ 
അഗാധവും ഇരുണ്ടതും
ചുഴലിക്കാറ്റ് നിന്നെ 
ഗർത്തങ്ങളിലേക്കെടുത്തു 
മരണപ്പെട്ട സ്ത്രീകളുടെ ജഡങ്ങൾ 
അവിടെ കൂടിക്കിടക്കുന്നത് നീ കണ്ടു 
 
ഒറ്റയ്ക്ക് നടന്നവളായി ഞാൻ നിന്നെയോർമ്മിക്കുന്നു 
ജാതിയുടെ കുളങ്ങൾ പിന്നിലാക്കി 
ധ്വംസനങ്ങളുടെ,
ഭീരുത്വത്തിലമർന്ന ഭവനങ്ങളും 
അനുസരണയുള്ള കിടക്കകളുടെ 
സുഖങ്ങളുമുപേക്ഷിച്ച്
ആരും നടക്കാത്ത വഴിയേ നീ നടന്നു 
എനിക്കിപ്പോൾ നിന്നെയാലിംഗനം 
ചെയ്യാൻ കഴിയും 
 
നീ നിത്യകല്യാണിയാണ് 
ശവക്കോട്ടകളിൽ മുളയ്ക്കുന്ന പല്ല് 
രാത്രിയുടെ മാറിൽ വിരിയുന്ന 
നാഗവള്ളി 
സമൃദ്ധമായ ചക്കപ്പഴങ്ങളെ താങ്ങുന്ന 
ഉദാരമായ തായ്ത്തടി 
മധുരമായ ഇളനീർ തൂകുന്ന 
കേരവൃക്ഷത്തിന്റെ ഉയർത്തിയ കരങ്ങൾ 
 
ഈ മഴദിവസം
എന്റെ നേർക്ക് നീട്ടിയ 
സൗരഭ്യമാർന്ന 
പാരിജാതത്തിന്റെ പൂക്കുല
 
 
2. വാക്കുകൾ 
************
 
വാക്കുകൾ 
കുറച്ചക്ഷരങ്ങൾ
അതേ പഴയ അടുക്കു കല്ലുകൾ 
കൈപ്പിടിയിലൊതുങ്ങുന്ന ചെറിയ ചില അസംസ്കൃത വസ്തുക്കൾ 
സൂക്ഷ്മമായ പണിയിലൂടെ  
വലിയ  നിർമ്മിതികളാകുന്നവ 
 
മലകളിലെ ധ്വനി 
ഇലകളിലെ കോറൽ 
ഒരു ഹൈക്കു, ഒരു ഹിമകണം 
ഗുഹാ  ചിത്രങ്ങൾ
യൗവ്വനത്തിന്റെ പുറത്തെ ചുവരെഴുത്ത് 
കടലാസിലേക്കൊഴുകുന്ന ഹൃദയം 
മഷിയുടെ നനവുള്ള 
മനസ്സിന്റെ മരുപ്രദേശം
അർത്ഥങ്ങൾ കൊണ്ട് നിറയുന്നത്
 
ഒരേ വാക്കുകൾ 
വലിയ വ്യതിയാനങ്ങളുണ്ടാക്കുന്നു 
അന്തമില്ലാത്ത അത്ഭുതങ്ങൾ 
ഒരേ നേരം ഉജ്ജ്വല സൗധങ്ങൾ തീർക്കുന്നു  
ചാളയിലെ ജീവിതത്തിന്റെ ശബ്ദങ്ങളാകുന്നു 
ശാന്തമായ നദി പോലെ 
വാണീ സരസ്വതി 
പ്രകോപനപരമായ പടയൊരുക്കമായി 
ഗാർഗീ സംവാദം 
 
വാക്കുകൾ 
ഇതിഹാസ യുദ്ധങ്ങളാണ്
ഉടമ്പടിയിലെ കയ്യൊപ്പ് 
കല്ലായി വന്നു തൂവലായി മടങ്ങുന്ന ജാലവിദ്യ 
മഴനനഞ്ഞ ശവക്കല്ലറയ്ക്കു മുകളിലെ യാത്രാമൊഴി
 
വാക്കുകൾ 
വേനലിന്റെ  മുള്ളുകൾ 
അഗാധമായ മുറിവുകളും 
അദമ്യമായ ആഹ്ളാദങ്ങളും 
പറഞ്ഞറിയിക്കാനാവാത്ത സങ്കടങ്ങളും 
വെളിപ്പെടുത്തുന്നു 
സന്ദർശകരില്ലാത്ത നീണ്ട ദിനങ്ങളിൽ 
വളരുന്ന ശൂന്യതയെ നിർവ്വചിക്കുന്നു 
മദ്യത്തോടൊപ്പം തൊട്ടു കൂട്ടി ചവറു പോലെ തുപ്പിക്കളയുന്നു 
 
പറയാതെ മാറ്റി വെച്ച വികാരങ്ങളായി 
എല്ലു മുറിയുന്ന പണിയുടെ മുകളിൽ അടിച്ചേൽപ്പിക്കപ്പെട്ട ക്രമമായി  
കുന്തമുനയിൽ തേച്ച പ്രതികാരമായി,
കടന്നു പോകുന്ന ഓരോ നിമിഷത്തിന്റെ  മേലുമുള്ള ചാട്ടവാറടിയായി,
അർത്ഥശൂന്യമായി,
എന്നാൽ കൃത്യമായി, പരിഹരിക്കാനാവാത്ത അപായമുണ്ടാക്കുന്ന 
രോഷമായി വാക്കുകൾ 
 
വാക്കുകൾ 
അവ ഉപേക്ഷിക്കപ്പെട്ട സ്നേഹമാണ്
ചവറ്റു കൊട്ടയിലെറിയപ്പെട്ടത്
അധരങ്ങളിലെ അവ്യക്ത ചലനങ്ങൾ 
നാറാണത്തു ഭ്രാന്തന്റെ പിറുപിറുപ്പ് 
ഇരുട്ടിലെ  തേങ്ങലിന്റെ ശബ്ദം 
പാട്ടിന്റെ ആത്മാവ് 
നിറയെ ഓർമ്മകളുള്ളത് 
നാമവയെ പെറുക്കിയെടുക്കാൻ ശ്രമിക്കുന്നു 
ഉടഞ്ഞ പാത്രത്തിന്റെ പൊട്ടിയ കഷണങ്ങൾ പോലെ 
കോണിലൊരിടത്ത് മാറ്റി വക്കുന്നു 
കൂട്ടിച്ചേർക്കുവാനായി 
 
മറ്റൊന്നുമില്ലാത്തപ്പോഴും 
അവയുണ്ട്                          നമ്മുടെയുള്ളിൽ സംസാരിച്ചു കൊണ്ട് 
ഘനമേറിയ രാപ്പകലുകളിൽ 
നമ്മെ ഉന്തിനീക്കിക്കൊണ്ട് 
കാലത്തിന്റെ കുത്തൊഴുക്കിൽ 
നമ്മെ പൊന്തിച്ചു കിടത്തിക്കൊണ്ട്

Comments

(Not more than 100 words.)