വേവുകളിൽ വിരൽകുടയുന്നവൾ.
( ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ്റെ കവിതകളെക്കുറിച്ച് ഗീതാ സൂര്യൻ്റെ വായന )
************
ആരും ശ്രദ്ധിക്കാനില്ലെന്നു കാണുമ്പോൾ,തികച്ചും ഏകാകിനിയാകുമ്പോൾ ഒരുവൾ എന്തെല്ലാമായി മാറുമെന്ന് ജ്യോതിയുടെ കവിതകൾ പ്രത്യക്ഷപ്പെടുത്തുന്നു.അവയിൽ പ്രണയവും വിരഹവും മാതൃത്വവും സ്ത്രീത്വവും വേദനയും ഏകാന്തതയും ഉണ്ട്.നഷ്ടപ്പെട്ടുപോയ ഒരു കുഞ്ഞിനെ ഓർത്തു വിലപിക്കുന്ന ഒരുവളുണ്ട്.കടലെടുത്തു പോയതിനെ തിരികെ എത്തിക്കുമെന്ന് കാത്തിരിക്കുന്ന ഒരുവളുണ്ട്.കാത്തുവച്ചു സൂക്ഷിച്ചതൊക്കെ നഷ്‌ടമായ ഒരു കൗമാരക്കാരിയുണ്ട്.പൊതിഞ്ഞുവച്ച ഇന്നലെകളെ ഓമനിക്കുന്ന ഒരുവളുണ്ട്.ആരാലും കാണപ്പെടാത്ത ഒരു സ്ത്രീയുടെ എത്രയേറെ വിഭിന്നമായ മുഖങ്ങളാണ് ഈ വരികളിൽ കാണാനാവുന്നത്!അവളെ ആരും തിരിച്ചറിയുന്നില്ല.അവളെ ആരും സാന്ത്വനിപ്പിക്കാനില്ല.അവൾ സ്വയം ആശ്വസിപ്പിക്കുകയാണ്.അവളെ താലോലിക്കാൻ അവളുടെ ഇടനേരങ്ങൾക്കു മാത്രമേ കഴിയുകയുള്ളൂ.ഏതൊരു സ്ത്രീയുടെയും ഇടനേരങ്ങൾ ഇതുപോലെ തന്നെയല്ലേ എന്ന് നാം ആകുലരാകുന്നു.
'കാറ്റിലാടുന്ന ചില്ലകളാൽ
തമ്മിൽകോർത്ത്,
വേരുകളാൽ പുണർന്ന്
കടലിന്റെ കലമ്പലുകൾക്കൊപ്പം
മൂളുന്നോർ!' എന്ന് ജ്യോതി എഴുതുമ്പോൾ
" മണ്ണിനടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു.
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
അകറ്റി നാം നട്ട മരങ്ങള്‍"
എന്ന കവി വീരാൻകുട്ടിയുടെ ഈ വരികൾ ഇവിടെ ഓർക്കുന്നു.
ആത്മഹത്യയിൽ നിന്ന് തിരിച്ചു ജീവിതത്തിലേക്ക് വന്ന അല്ലെങ്കിൽ കടുത്ത നിരാശാബോധത്തിലമർന്നു ജീവിക്കുന്ന ഒരുവളെ നിങ്ങൾക്ക് പരിചയമുണ്ടോ?അവൾ മരിച്ചുപോയ അച്ഛനെ ഓർത്തു കരയുന്ന ഒരുവളായിരിക്കും.തന്നെ മനസ്സിലാക്കാത്ത പ്രിയപ്പെട്ട ഒരാളെ ഓർത്തു സ്വപ്‌നങ്ങൾ മെനയുന്നവളായിരിക്കും.എനിക്കുറപ്പുണ്ട്.കടലും തിരയും ഉള്ളിലടക്കുന്ന അവരെ നമുക്ക് 'കടൽത്തീരത്തെ മരങ്ങൾ' എന്ന കവിതയിൽ കാണാം.പൊതുജീവിതത്തിന്റെ തിരക്കുകളിൽ പാരസ്പര്യം നഷ്ടമാകുന്ന കൂട്ടുകൾ.എല്ലാം അറിയുന്നുവെങ്കിലും ഒന്നുമറിയാത്തവർ എന്നോണം ജീവിതത്തെ ആഞ്ഞുപുല്കുന്നവർ.'നൃത്തം' എന്ന കവിതയിലെ പ്രണയിതാക്കളെ ശ്രദ്ധിക്കുക.പ്രണയം നഷ്‌ടമായ ഒരുവളുടെ വിലാപമാണ് ആ കവിത.
വാതിലുകൾ തുറക്കാത്ത ഇടങ്ങളിൽ സാന്ത്വനമായി ജാലകങ്ങൾ ഒരുവൾക്ക് ആശ്രയമാകുന്നു.ശരീരത്തിന് എത്തിപ്പിടിക്കാത്ത മേഖലകളിൽ മനസ്സിന് എത്താനാകുന്നു.'ജാലകം' എന്ന കവിത എന്തെല്ലാം കാഴ്ചകളാണ് മുന്നിൽ വെക്കുന്നത്!ഇരുണ്ട ലോകം ഒരാൾക്ക് ലഭിക്കുമ്പോൾ സ്നേഹം കൊണ്ട് അവിടെ എപ്പോഴും ഒരു ജാലകം പണിയാൻ അയാൾ മെനക്കെടുന്നു!ഒരു ഹൃദയത്തിൽ നിന്ന് മറ്റൊരു ഹൃദയത്തിലേക്കുള്ള ജാലകം കൂടിയാണ് സ്നേഹം.നിറങ്ങൾ എങ്ങനെയാണ് ഒരുവളുടെ സങ്കൽപ്പങ്ങളിൽ മഴവില്ലൊരുക്കുന്നതെന്നു 'അവളിലൂടെ' എന്ന കവിതയിലൂടെ ജ്യോതി വരച്ചുകാട്ടുന്നു.
ഹിന്ദി പാട്ടുകൾ കേൾക്കുന്ന,തമിഴ് മൊഴികളിൽ തന്റെ ബാല്യം സ്വപ്നം കാണുന്ന,അപ്പയേയും അമ്മയേയും മിഴിവേറുന്ന ചിത്രങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന,ഒരു സാധാരണ പെൺകുട്ടിയാണ് ഇക്കവിതകളിലെ നായിക.ഇവൾ ഭൂതകാലത്തോട് അഭിരമിക്കുന്നവളാണ്.വർത്തമാനത്തിൽ സ്വപ്നം കാണുന്നവളാണ്.ഭാവിയിലേക്ക് അതിജീവനം ചെയ്യുന്നവളാണ്.ജീവിതത്തെ പ്രണയിക്കുന്നവളാണ്.പ്രണയത്തിൽ മുങ്ങിനിവർന്ന ഇവളെ കാണാൻ ഇക്കവിതകൾ വായിക്കുക.
- ഗീതാ സൂര്യൻ
**********