കവിതകൾ - ഡോണ മയൂര
***********
1.പരീക്ഷ
-----------
(IV). സന്ദര്‍ഭവും സാരസ്യവും
വ്യക്തമാക്കി
ഇരുപ്പുറത്തില്‍ കവിയാതെ
ഉപന്യസിക്കുക.
(അ). ഏറ്
കവിയാണല്ലേ?
“ങയ്യ്...“
ഏറ് കൊണ്ട
കാലുവെന്ത പട്ടി.
തലകൊണ്ടു ചെന്നിട്ടും
വയ്ക്കാന്‍ ഇടം തരാതെ
തൂണിന്മേല്‍ മുറുകെ
ചുറ്റിപ്പിണഞ്ഞു, ചങ്ങല!
ഏറ് പേടിച്ചിട്ടാണെങ്കിലും
പട്ടി തെരുവിലേക്ക്
തിരിച്ചോടി പോയി.
- (2010)
* * * * * * *
2.Yellow sticky
-------------------
You are not romantic!
ഫ്രിഡ്ജിലെ യെല്ലോ സ്റ്റിക്കിയില്‍
നേര്‍പ്പാതിയുടെ കുറിപ്പ്.
How can I be,
being a forensic pathologist?
തിണര്‍ത്തുവന്നൊരാംഗലേയത്തിനു
പിന്നാലെ മനസ്സ്
പോസ്റ്റ്മോര്‍ട്ടം ടേബിളിലന്നുണ്ടായിരുന്ന
സൗരഭ്യം പടര്‍ത്തിക്കിടന്നിരുന്ന
കറുത്ത സൗന്ദര്യത്തിനടുത്തേക്കെടുത്തു ചാടി.
മരണത്തിനു മുന്നേ
തലയ്ക്കടിയേറ്റിരുന്നുവെന്ന
പ്രാഥമിക റിപ്പോര്‍ട്ട് സ്ഥിരീകരിക്കണം.
Is my mind searching for
salt and pepper shakers?
പുട്ടുകുറ്റിയില്‍ നിന്നുമുയരുന്ന
ആവിയെന്നപോലെ,
കുക്കറില്‍ നിന്നുയരുന്ന
വിസിലെന്ന പോലെ
ഉള്ളു പാകപ്പെട്ടപ്പോള്‍...
A kiss,
On your lips.
യെല്ലോ സ്റ്റിക്കിക്ക് താഴെ
കുറിച്ചിടുമ്പോള്‍
കരിഞ്ഞുപോയ ചുണ്ടുകള്‍ക്കും
മീതെ ചിരിക്കുന്നു
കരിക്കറപുരണ്ട പല്ലുകള്‍!
-(കേരള കവിത, 2010)
* * * * * * *
3.അക്വേറിയം
----------------
വിശക്കുന്നുണ്ട്,
ചില്ലുകൂട്ടിലെയരഭാഗം
നിറഞ്ഞ വെള്ളത്തില്‍
നീന്തി തുടിയ്ക്കുന്ന
സ്വര്‍ണ്ണ മീന്‍കുഞ്ഞുങ്ങള്‍ക്ക്.
ചോദിക്കുന്നുണ്ട്,
ചെകിളകളുയര്‍ത്തി
ചില്ലില്‍ ചുണ്ടുകൊണ്ടിടിച്ച്
സ്വര്‍ണ്ണ ചിറകുകള്‍ വീശി
കഴിക്കാനെന്തെങ്കിലുമെന്ന്.
അലറുന്നുണ്ട്,
കൊത്തി നുറുക്കികൊടുക്കുവാന്‍
ഏറെയില്ലെയിനിയും നിന്റെ
സ്വപ്നങ്ങളെന്ന് ഉച്ചത്തില്‍
ആരോ ഉള്ളില്‍.
പിടയുന്നുണ്ട്,
നുറുക്കുമ്പോള്‍ തെറിച്ച
സ്വപ്നശകലങ്ങളും, കവിള്‍
ചുട്ടു പൊള്ളിച്ച് ചാലുകീറിയ
ഉപ്പുനീരും വീണെവിടൊക്കയോ.
ചിരിയ്ക്കുന്നുണ്ട്,
കൊത്തി വിഴുങ്ങിയെല്ലാ-
മുള്ളിലാക്കി, നീന്തി തുടിച്ച്
ഇനി നിന്നെയിട്ടു തരൂയെന്ന
ഭാവത്തിലവരുടെ കണ്ണുകള്‍.
നുറുക്കുവാനുണ്ട്,
വിശിഷ്ടഭോജ്യമായ്
കൊടുത്തിടാനെന്നെ
തന്നെയിനിയെന്റെ
സ്വര്‍ണ്ണ മീന്‍കുഞ്ഞുങ്ങള്‍ക്ക്.
- ( ബ്ലോഗ്, 2007)
* * * * * * *