കവിതകൾ - പ്രശോഭ എ.സി

കവിതകൾ - പ്രശോഭ എ.സി
***********
1.
വഴികാട്ടി 
****
ലക്ഷ്യത്തിലേക്കെത്താൻ 
ഉറച്ചമനവും അതിലുപരി 
കണ്ടു കാഴ്ചകൾക്കു മുന്നിൽ 
കുനിയാത്ത ശിരസ്സുമായ് 
സത്യത്തിന്റെ പാതയിൽ 
ഇടറാത്ത പാദങ്ങളാലെ 
മുന്നിൽ നടക്കുന്നവനെ..
നിനക്കൊരിക്കലും ദിശതെറ്റില്ല. 
പ്രകൃതി തന്നെ നിനക്കായ്‌ 
അണിഞ്ഞൊരുങ്ങും.
വീഥികളിലിരുവശവും 
ആരവങ്ങളും കരഘോഷങ്ങളും 
ആവേശത്തിമിർപ്പോടെ 
ആർപ്പുവിളികളുമുണ്ടാവും. 
പിന്നിൽ ഗമിക്കുന്നവരുടെ 
ചുടുശ്വാസം പോലും 
കാലം നിനക്കായ്‌ കാത്തുവയ്ക്കുന്ന 
ഗുരുദക്ഷിണയാനെന്നറിയുക.

2.
പറന്നുയരട്ടെ
*****
കൂട്ടിലാക്കപ്പെട്ട  കുഞ്ഞിക്കിളിയുടെ 
ഇടനെഞ്ച് പിടയുന്നതറിയാതെ നീ 
പിന്നെയും അലങ്കരിച്ചങ്ങനെ ഭംഗിയിൽ തൂക്കിയിട്ടു,
ഉമ്മറത്തൊരു കോണിലായി.
നേരം തെറ്റാതെയുള്ളാ-പരിപാലനത്തിലൂടെ
നേർത്തൊരാനന്ദം കൊണ്ടതും 
നീ മാത്രമല്ലോ..അതിലൊരു നീതിയുണ്ടോ? 
ഉറ്റവരോടോത്ത് പറന്നുയരാനായേറെ 
കൊതിക്കുന്നൊരാമനം തേങ്ങലോടെന്നും 
അകക്കണ്ണിനാൽ നീലാകാശത്തെത്തൊട്ട് 
ഓരോ നിമിഷവും ഓരോയുഗങ്ങളെന്നോണം 
ഒരാവർത്തി തെറ്റാതെയെണ്ണിയങ്ങനെ
കാലം നടപ്പിലാക്കുന്ന നീതിയിൽ 
എരിഞ്ഞടങ്ങും മുൻപ് കൊട്ടിയടച്ച 
കൂടുകൾ തുറക്കപ്പെടട്ടെ...
തെളിഞ്ഞവാനിൽ പറന്നുയരട്ടെ.

*******"**
പ്രശോഭ എ.സി :
എറണാകുളത്ത് കങ്ങരപ്പടിയിൽ താമസിക്കുന്നു. അക്കൗണ്ടൻ്റാണ്
*********

Comments

(Not more than 100 words.)