കവിതകൾ - ചാന്ദ്നിലത
**********
1.
നെയ്ഉവ്വിന് ഒരു ചരമഗീതം
**********
നെയ്ഉ...
എഴുതാൻ തന്നെ കടുപ്പമാണ്
വായിക്കാനും...
എഴുത്തുഭാഷ തിരസ്കരിച്ച നെയ്ഉവ്വിന്
പറച്ചിൽഭാഷയിലായിരുന്നു അസ്തിത്വം.
പണ്ട്
" വീട്" ഉണ്ടാവുന്നതിന് മുൻപ്
പറച്ചിൽ മാത്രം ഉണ്ടായിരുന്ന കാലത്ത്
ഞങ്ങളുടെ
കട്ടപ്പുരയിേക്ക്
നെയ്ഉ
സ്ഥിരമായി വരാറുണ്ടായിരുന്നു.
ചില്ല് കുപ്പിയുടെ മൂടി തുരന്ന്
പഴയ മുണ്ടിന്റെ വക്ക്
കൂട്ടിത്തിരുമ്മി
ചെമ്മിണിമുക്കി കത്തിച്ചിരുന്ന
മുട്ടുവിളക്കിനു ചുറ്റും
മൂളി പറന്നു നടന്നിരുന്ന
നെയ്ഉവിനെ
മുതിർന്നവർ വെറുത്തു.
കുട്ടികൾ പേടിച്ചു.
തേറ്റകൾ കൊണ്ട്
തെങ്ങിന്റെ പള്ള തുരന്ന് തിന്നിരുന്ന
നെയ്ഉവിനെ
വയസൻമാർ ശപിച്ചു.
പക്ഷേ
നെയ്ഉ
സാമർത്ഥ്യത്തോടെ തന്റെ ശരീരം
ഇരുട്ടിലൊളിപ്പിച്ചു.
കല്യാണപ്രായെമെത്തിയ
ഞങ്ങളുെടെ പെണ്ണുങ്ങളെ കാണാൻ വരുന്നവർക്ക്
കട്ടപ്പുര ബോധിക്കാതെവന്നപ്പോൾ
ഞങ്ങൾ
കല്ലുവെട്ടി " വീടു" ണ്ടാക്കി.
സിമന്റു തേക്കാത്ത പിന്നാമ്പുറം
കുമ്മായംപൂശിയ ഉമ്മറത്തോട് പിണങ്ങിനിന്നു.
മുട്ടുവിളക്കിനെ പുറത്താക്കി
ഉരുണ്ട
മഞ്ഞ ബൾബുകൾ
വീട്ടിലേക്ക് വന്നു.
അന്ന്
നെയ്ഉ
പ്രത്യക്ഷയാ/നായി.
കറുപ്പ് ചുവപ്പ് തവിട്ട് കാപ്പി ഉടലുകൾ
രണ്ട് ചിറകുകൾ
ചിറക്കുകൾക്കടിയിൽ
സുതാര്യമായ രഹസ്യച്ചിറക്.
തേറ്റ.
മുതിർന്നവർ നെയ്‌ഉവിനെ കൂടുതൽ വെറുത്തു.
കുട്ടികൾ കൂടുതൽ പേടിച്ചു.
വയസൻമാർ വീണ്ടും വീണ്ടും പ്രാകി
തൈത്തടങ്ങളിലേക്ക്
കാർക്കിച്ച് തുപ്പി.
എന്നാൽ,
നെയ്ഉവിന് അതിന്റെ
പഴയ സാമർത്ഥ്യം നഷ്ടപ്പെട്ടിരുന്നു.
വെളിച്ചങ്ങളുടെ മഞ്ഞകളിൽ
മത്തുപിടിച്ച്
അത്
കുമ്മായച്ചുവരുകളിലിടിച്ച്
കാവിപൂശിയ നിലേത്തേക്ക്
തെറിച്ച് വീഴാൻ തുടങ്ങി.
തെല്ലൊരു മന്ദിപ്പോടെ
മലർന്നുകിടന്ന്
ചെറു രോമങ്ങളുള്ള
വളയൻ കാലുകൾ മുകളിലോട്ടുയർത്തി
വട്ടം കറങ്ങി
വീണ്ടും പറക്കാൻ എളിയ ശ്രമങ്ങൾ നടത്തി.
നെയ്ഉവ്വിനെ കൊല്ലാൻ എല്ലാവരും തിടുക്കപ്പെട്ടു.
പക്ഷേ
അതിന്റെ
കൂർത്ത തേറ്റയെ
ഇറുക്കിപ്പിടിക്കുന്ന വളയൻ കാലുകളെ
മൂളക്കത്തെ
ഭയന്നു.
കുട്ടികൾ നെയ്‌ഉനെ
ഒഴിഞ്ഞ തീപ്പട്ടികൂടുകളിലിട്ട്
റേഡിയോ ആക്കാൻ ആഗ്രഹിച്ചു.
അതേസമയം
തൊട്ടാൽ
തെങ്ങിന്റെ പള്ളപോലെ
ഞങ്ങളുടെ
തൊലിയെ, ഇറച്ചിയെ
തുരന്നുകളയുമെന്ന് വ്യാകുലപ്പെട്ടു.
ഒടുവിൽ
കൊല്ലാനുള്ള ചുമതല
ഇറയവം അലങ്കരിച്ചിരുന്ന
ഇഴയടുപ്പമുള്ള ഖാദിച്ചവിട്ടികളിലേക്ക്
മാറ്റപ്പെട്ടു.
(പണ്ട്
നെയ്ത്ത്ണ്ടായിരുന്ന വലിയമ്മ
വിൽപ്പനയ്ക്കായി നെയ്ത തുണികൾ
വാങ്ങാനാളില്ലാതെ പൂത്തുപോയപ്പോൾ
അവ
ചവിട്ടികളായി മാറ്റപ്പെട്ടു.
ഉറകുത്താൻ തുടങ്ങിയ
തറികൾ
അടുപ്പിലേക്കുള്ള
കൊള്ളികളായും.)
കണ്ണ് മഞ്ഞളിച്ച്
ചുമരിലിടിച്ച്
നിലത്ത് വീഴുന്ന നെയ്‌ഉവിനെ
ചാക്കു പോലുള്ള
ചവിട്ടി പുതപ്പിച്ച്
ഊക്കോടെ ആഞ്ഞുചവിട്ടാമെന്ന്
മുതിർന്നവർ തമ്മിൽ തീർപ്പായി.
ചവിട്ടിക്കടിയിൽ കിടന്ന്
മടമ്പുകളുടെ കനമേറ്റ്
ആദ്യമായി
നെയ്ഉ
വയറുപൊട്ടി മരിച്ചു.
അതിന്റെ വെളുത്ത ചോര
കുട്ടികൾ കൗതുകത്തോടെ നോക്കി.
ഒരുപാട് കാലം നെയ്ഉകൾ
ചവിട്ടിക്കടിയിൽ ചതഞ്ഞ് മരിച്ചു.
തെങ്ങുകളെല്ലാം മുറിച്ച് വിറ്റിട്ടും
അവ
പിന്നെയും വന്നുകൊണ്ടിരുന്നു.
എന്നിട്ടും
യാതൊരു ദാക്ഷിണ്യവുമില്ലാതെ
കുട്ടികളുടെ കരച്ചിൽ കേട്ട്
സഹികെട്ട വയസൻമാരും
അയൽപക്കക്കാരോട്
വഴക്കടിച്ചുതളർന്ന കിഴവികളും
പെണ്ണുങ്ങളോടുള്ള അരിശം തീർക്കാൻ
അവരുടെ ആണുങ്ങളും
നെയ്ഉവിനെ
ചവിട്ടിക്കടിയിലിട്ട് കൊന്നുകൊണ്ടേയിരുന്നു.
(*നെയ്ഉ = തെങ്ങ് തുരന്നു തിന്നുന്ന ഒരുതരം വണ്ടിന് ഞങ്ങളുടെ നാട്ടിൽ പറയുന്ന പേര്.) (കണ്ടാമൃഗവണ്ട്).
2.
കണ്ണൂർ കവിതകൾ (കൊറോണാ കാലത്തെ ഗാർഹികപീഢന കവിത)
**********
വനജേച്ചിക്ക് ഷോക്കടിച്ച ദിവസം,
ഇരുപത് സ്ത്രീകൾ
മൂക്കുപോയ ഇന്ദിരാജി പ്രതിമയ്ക്ക്ചുറ്റും
കാട് വയക്കുകയായിരുന്നു....
പഴേ ഷർട്ടും
പൂപ്രിന്റുള്ള മാക്സിയും
നരയൻ തോർത്തിന്റെ തലേക്കെട്ടുമായി
കുനിഞ്ഞ്
പണിയെടുക്കുന്ന
പെണ്ണുങ്ങളെ നോക്കി,
ചെഗുവേരയുടെ ബനിയനിട്ട,
സ്ഥിരമായി
ടി വി യിൽ
കോമഡി ഷോകൾ കാണാറുള്ള
ഒരോട്ടോക്കാരൻ
തൊഴിലുറപ്പോ അതോ തൊഴിൽ അറപ്പോ
എന്ന്
ബെടക്ക് ചിരിയോടെ
സുയിപ്പു പറഞ്ഞുകൊണ്ടിരുന്നു.
വെയിൽ നന്നായി മൂത്തപ്പോൾ
വിധവാപെൻഷൻകാരിയായ ലീല
ഇന്ദിരാജിയുടെ പ്രതിമക്കുകീഴെ
പൊട്ടിയ ടൈൽസിന്റെ കുളിർമയിലേക്ക്
ചന്തിയമർത്തി
ബിശ്യം പറഞ്ഞു തുടങ്ങി,
"എണേ...
നാളത്തൊട്ട്
എല്ലാരും ബീട്ടിലിരിക്കണോലും...
പണ്ട്
കുരിപ്പു പൊന്തി
കൊറേണ്ണം ചത്തപോലത്തെ
ബെല്ല്യെ ബെര്ത്തം വന്നോലും..."
നമ്മളും പത്രം ബായ്ക്കല്ണ്ട് ലീലേച്ചീന്ന്
ചെറുതായൊരു നോട്ടം പായിച്ച്
ബിന്ദു
തൊട്ടടുത്ത കടച്ചുമരിൽ നിന്ന്
താമരച്ചിത്രമുള്ള
ഒരു തെരഞ്ഞെടുപ്പ്കാല പോസ്റ്റർ
ഇളക്കിയെടുത്ത്
ചുരുട്ടി
വയക്കിക്കൂട്ടിയ
ഉണക്കക്കാടിനു തീയിട്ടു.
"ഉയ്യൻറപ്പാ
അപ്പംനമ്മളെ പുരുവന്മാരെല്ലും
ബീട്ട്ത്തന്നെ ഇണ്ടാവൂലേ....
സൊയ്ര്യക്കേടായി...."
കുടുംബശ്രീന്ന് ലോണെടുത്ത പൈസ
മുടിയിൽ കുത്തിപ്പിടിച്ചുവാങ്ങി
കുടിച്ചുതീർത്ത
ഭർത്താവിനെ ശപിച്ച്
സതി
തന്റെ മാക്സിക്കടിയിൽ കുടുങ്ങിയ
മുള്ളിൻകാട്
അടർത്തിമാറ്റാൻ
വൃഥാ
ശ്രമം നടത്തി.
ബാക്കിയുള്ള പെണ്ണുങ്ങളെല്ലാം
ഇനി
പകലുകൂടി കൊള്ളേണ്ട തല്ലിന്റേയും
പൊട്ടാൻ സാധ്യതയുള്ള പാത്രങ്ങളുടേയും
പൊലയാടിച്ചി വിളികളുടേയും
കണക്കുകൾ
നിശബ്ദമായി എടുക്കുകയായിരുന്നു.
അപ്പോഴായിരുന്നു
മൂന്നാൺമക്കളുള്ള വനജേച്ചി
കഴിഞ്ഞ പ്രളയക്കാലത്ത്
പണിക്ക് പോകാതെ
വീട്ടിൽ കുത്തിയിരുന്ന മകൻ
ചോറിന് മീനില്ലാത്തതിന്
ഒറ്റയടിക്ക് ഇളക്കിയെടുത്ത
തന്റെ മുൻനിരയിലെ പല്ലിനെയോർത്ത്
പിന്നോട്ടാഞ്ഞതും
മുറിഞ്ഞു തൂങ്ങി
അനാഥമായിക്കിടന്ന
കറന്റ്കമ്പിയിൽ
പിടിത്തം മുറുക്കിയതും..
********
ചാന്ദ്നിലത :
കണ്ണൂർ ജില്ലയിലെ വെങ്ങരയിൽ താമസം. പയ്യന്നൂർ കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും, ഹൈദരാബാദ് സെൻട്രൽ യൂണിവേർസിറ്റിയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ ബിരുദാനന്ദ ബിരുദവും നേടി. ഇപ്പോൾ കംപാരറ്റീവ് ലിറ്ററേച്ചറിൽ Mphil ചെയ്യുന്നു.ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും അച്ചടിച്ചു വന്നിട്ടുണ്ട്.
********