ആശാലത എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ ജനിച്ച ആശാലത മലയാളസാഹിത്യത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് Construction of gender images in contemporary Malayalam Cinema എന്ന വിഷയത്തിൽ പി.എച്ച്.ഡി. കടൽപ്പച്ച , എല്ലാ ഉടുപ്പും അഴിക്കുമ്പോൾ എന്നീ കവിതാ സമാഹാരങ്ങൾക്കു പുറമേ ആടിൻ്റെ വിരുന്ന് ( മരിയോ വർഗാസ് യോസയുടെ The Feast of the Goat), ചിത്രഗ്രീവൻ (ധൻ ഗോപാൽ മുഖർജിയുടെ Gay Neck), സംഭാഷണങ്ങൾ (അയ്യപ്പപ്പണിക്കരുടെ അഭിമുഖങ്ങൾ, ഡോ. അയ്യപ്പപ്പണിക്കരോടൊപ്പം), ആഗോളവൽക്കരണവും അസംതൃപ്തികളും (ഡോ. ജോസഫ് സ്റ്റിഗ്ളിസിൻ്റെ Globalization and lts Discontents, കെ. രാജഗോപാലിനൊടൊപ്പം ), മഹാകവി രവീന്ദ്രനാഥ ടാഗോർ കൃതികൾ, ഫാൻ്റസിക്കഥകൾ എന്നീ പരിഭാഷകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആടിൻ്റെ വിരുന്ന് എന്ന വിവർത്തന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ പരിഭാഷയ്ക്കുള്ള 2010 ലെ അവാർഡ് ലഭിച്ചു. കവി അയ്യപ്പപ്പണിക്കരെക്കുറിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹായത്തോടെ നിർമ്മിച്ച Blue Sun Green Moon എന്ന ഡോക്യുമെൻററിയുടെ സ്ക്രിപ്റ്റ് റൈറ്ററും സഹസംവിധായികയുമായിരുന്നു.