അശ്വതി പ്ലാക്കലിൻ്റെ കവിതകളുടെ വായന

അശ്വതി പ്ലാക്കലിൻ്റെ കവിതകളെക്കുറിച്ച് സുരേഷ് സി. പിള്ള 
***********

ഭാവനകളെ എങ്ങിനെ ചിറകുകൾ  മുളപ്പിച്ചു പറപ്പിക്കാം എന്നതു മാത്രമല്ല, ആ ചിറകുകളിൽ വായനക്കാരനെക്കൂടി  ബന്ധിപ്പിച്ചു  ആ മായാലോകം സൃഷ്ടിച്ച മേഘശകലങ്ങളിലൂടെ എങ്ങിനെ പറപ്പിക്കാം എന്ന ത് അശ്വതിയുടെ  കവിതകളുടെ പ്രത്യേകതയാണ്. 
കരിന്തിരി കത്തുന്ന നാഗക്കാവും, പേടിപ്പിക്കുന്ന മുത്തശ്ശൻ ആൽമരവും, ഒരു തരി വെളിച്ചത്തിലൂടെ മരണനൃത്തം  ചെയ്യുന്ന ഈയാം പാറ്റകളും ഗ്രാമാന്തരങ്ങളിൽ ജീവിച്ചിട്ടുള്ള വായനക്കാരന്റെ മനസ്സിനെ   ഒരു മിന്നൽ പിണർ പോലെ ബാല്യ കൗമാര കാലങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകാൻ പ്രാപ്തമായവയാണ്.
കവി 'എനിക്ക് വല്ലാതെ ശ്വാസം മുട്ടുന്നുണ്ട്, മമ്മേ ഇനിയും മുറുക്കി പിടിച്ചാൽ ഞാൻ മരിച്ചു പോകുമെന്ന്'  പറയുമ്പോൾ ആരോ നമ്മളെ മുറുകെപ്പിടിക്കുന്നതായോ, ശ്വാസം കിട്ടാതെ വരുന്നതായോ ഒക്കെ തോന്നിപ്പിക്കുന്നത് അശ്വതിയുടെ എഴുത്തിന്റെ ശക്തിയാണ്. കവിതയുടെ അവസാനം വായനക്കാരന്  തണുപ്പ് അനുഭവപ്പെടുകയും, ആ തണുപ്പിൽ നിന്ന് കൊണ്ട് 'മരണം തണുപ്പാണ്' എന്ന് പറയുമ്പോൾ ആ തണുപ്പിൽ നിന്നും നമ്മുടെ മനസ്സിനെ മോചിപ്പിക്കാൻ മണിക്കൂറുകൾ വേണ്ടി വരും.
  '...the streets are sleeping and sleeping, deciding never to wake up again....' എന്നത് പ്രതികരണമില്ലാത്ത ഒരു സമൂഹത്തിൽ ഒരിക്കലും ഒരുണർവ്വ് വരില്ല എന്നും ആ സമൂഹത്തിൽ സ്നേഹം മരിക്കും എന്നും കവി പറയുന്നു. ‘കാൽപാദം കളഞ്ഞുപൊയ
നർത്തകന്റെ വിലാപങ്ങൾ, ഇനിയൊരിക്കലുമുണരില്ലെന്നുറപ്പിച്ചു, തെരുവുകൾ ഉറങ്ങുകയാണെന്ന് പറഞ്ഞു കവി പ്രതികരണമില്ലാതെ ജീവിക്കുന്ന സമൂഹത്തെ വീണ്ടും ഓർമ്മപ്പെടുത്തുന്നു.  
 
'എന്റെ സ്വപ്നങ്ങൾ നീ എന്നാണു തട്ടി യെടുത്തത്, നടന്നു നടന്നു നീയെന്റെ കടൽതീരങ്ങ ളി ലേക്കു
എങ്ങിനെയാണു ഓടിക്കയറിയത്' എന്ന് പറഞ്ഞിട്ട് 'പേരറിയാത്ത ഏതു നക്ഷത്രമാണു 
എന്റെ കത്തുകൾ നിനക്കു തരിക എന്നെ നിനക്കു കാണിച്ചു തരിക' എന്ന് കവി നമ്മോട് പറയുമ്പോൾ പ്രണയം ഒരിക്കലെങ്കിലും അതിന്റെ തീഷ്ണ ഭാവത്തിൽ അനുഭവിച്ചിട്ടുള്ളവർക്ക്, എഴുതാതെ പറഞ്ഞു വച്ച കിനാവുകളും, നക്ഷത്രങ്ങളോട് പറഞ്ഞ കഥകളും, പരിഭവങ്ങളും ഓർത്ത്  വായനക്കാരനിലും ഒരു 'ഗതകാലസുഖസ്‌മരണ' ഉളവാക്കും.
 
എഴുപതുകളിലും, എൺപതുകളിലും ജീവിച്ചിട്ടുള്ള മിക്കവാറും മലയാളികൾ കർക്കടകകെടുതികളും, അതിന്റെ ഫലമായുള്ള  വറുതികളും അനുഭവിച്ചിട്ടുണ്ടാവും. വായിച്ചിട്ടും, ദിവസങ്ങളോളം മനസ്സിൽ നിന്ന കവിതയാണ് 'കർക്കിടകം ദേഷ്യത്തിലായിരുന്നു' എന്ന സൃഷ്‌ടി. 'അന്ന് കഞ്ഞിക്ക് മുളകായിരുന്നു, പിന്നീട് രാത്രികളിൽ ആരും, എണ്ണി നോക്കിയില്ല, അരിക്കലം കാലിയായതുമില്ല, മറിയാന്റി മാത്രം ഇടക്കിടക്ക് കരഞ്ഞു.' എന്ന് കവി പറയുമ്പോൾ മറിയാന്റി കരഞ്ഞതിന്റെ കാരണവും, അരിക്കലം കാലിയാകാത്തതിന്റെ കാരണവും വായനക്കാരന്റെ ഭാവനയ്ക്കായി കവി വിട്ടിരിക്കുകയാണ്.  
 
   
അശ്വതിയുടെ കവിതകൾ വായിച്ചപ്പോൾ ഓർമ്മ വന്നത്, അമേരിക്കൻ എഴുത്തുകാരൻ ആയ ലോയ്ഡ് അലക്‌സാണ്ടറുടെ  പ്രശസ്തമായ ഉദ്ധരണിയാണ്    “Fantasy is hardly an escape from reality. It’s a way of understanding it.”  അതായത്, ഭാവന എന്നാൽ ഒരിക്കലും യാഥാര്‍ത്ഥ്യത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമല്ല, മറിച്ച് യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാനുള്ള ഒരു വഴികൂടിയാണ്. അശ്വതിയുടെ ഭാവനകൾ തീർച്ചയായും യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാനുള്ള  പാഥേയങ്ങളാണ്.
 
 

Comments

(Not more than 100 words.)