കാഴ്ച്ചപ്പടർപ്പുകൾ : ഭാഗം 3

കാഴ്ച്ചപ്പടർപ്പുകൾ : ഭാഗം 3

കാഴ്ച്ചപ്പടർപ്പുകൾ (കവിതാപഠനം)
*************
     - അപർണ ബി. കല്ലടിക്കോട്
    **********

സിദ്ദിഹയുടെ  കവിതകൾ അഥവാ പ്രതിഷേധത്തിന്റെ കവിതാമുഖം
•••••••••••••••••••••••••••••••••••••


     സിദ്ദിഹ വളരെക്കാലമായി കവിതകളെഴുതുന്ന വ്യക്തിയാണ്. സിദ്ദിഹയുടെ പല കവിതകളും ജീവിതത്തിൻറെ വിവിധങ്ങളായ അവസ്ഥകളെ മനോഹരമായി ചിത്രീകരിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായി എനിക്കിഷ്ടമുള്ള ഒരു കവിത സിദ്ദിഹയുടെ 'മറഡോണ’ എന്നു തലക്കെട്ടു നൽകിയിട്ടുള്ള ഒന്നാണ്. ‘മറഡോണ’  കായിക വിനോദങ്ങളുടെ യഥാർത്ഥ മൈതാനങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട പെൺജീവിതങ്ങളിലേക്ക് തുറക്കുന്ന ഒരു വാതിലാണ്. എത്ര സാധാരണമായും അനായാസമായുമാണ് നാട്ടിലെ കലുങ്കുകളും മൈതാനങ്ങളും റോഡുകളും ഇടവഴികളുമടങ്ങുന്ന പൊതുസ്ഥലങ്ങളെല്ലാം ആൺകുട്ടികളുടേതു മാത്രമായി മാറുന്നത്. പെൺകുട്ടികൾ വീടിനകത്തുള്ള ജീവിതത്തിൽ അസാധാരണമായൊന്നും കണ്ടെത്താത്തതു പോലെ തന്നെ. ‘മറഡോണ’ എന്ന കവിത വായിച്ചപ്പോൾ എത്ര പുരോഗമനവാദികളായാലും പൊതുസ്ഥലങ്ങളിൽ നിന്ന് കാലാകാലങ്ങളായി മാറ്റിനിർത്തപ്പെടുന്നതിലെ അനീതിയെക്കുറിച്ച് ഇനിയും സംസാരിക്കാൻ മുൻപോട്ടു വരാത്ത ആധുനികതയുടേയും സ്ത്രീമുന്നേറ്റങ്ങളുടെയും വക്താക്കളെക്കുറിച്ചോർമ്മ വന്നു. സ്ത്രീകളെ ഫുട്ബോൾ ഗ്രൗണ്ടിലേക്ക് വിളിച്ചു കൊണ്ടുവരുന്ന വിനയ എന്ന പോലീസുകാരി നേതൃത്വം കൊടുക്കുന്ന  ‘വിംഗ് സ്’  എന്ന കൂട്ടായ്മയെക്കുറിച്ചുമോർത്തു. പണ്ടൊക്കെ ആമ്പിള്ളേരിരിക്കുമ്പോലെ റോഡ് സൈഡിലെ ചാഞ്ഞുകിടക്കുന്ന മരക്കൊമ്പിൽ നിരന്നിരുന്നു വായ്നോക്കാനും വർത്താനം പറയാനും ആഗ്രഹിച്ച കൗമാരവുമോർത്തു! ഒരൊറ്റ ഇമേജിൽ ഇത്രയുമൊക്കെ ഓർമ്മകൾ നിറച്ചു വച്ചിരിക്കുന്നകൊണ്ടാവണം അമ്മിയിലരച്ച് ഉരുട്ടി എടുക്കുന്ന ചുവന്ന മുളക് ചമ്മന്തി കാണുമ്പോൾ മറഡോണയുടെ പന്തോർക്കുന്ന പെൺകുട്ടിയെ ഞാൻ ഇഷ്ടപ്പെട്ടു പോയത് .സിദ്ദിഹയുടെ കവിതകൾ അത്ര ലളിതമാകുമ്പോഴും ആശയങ്ങൾ അത്രയൊന്നും ലളിതമല്ലാത്തതുകൊണ്ടാവാം  അവരുടെ കവിതകൾ ഹൃദയത്തിലേക്കൊരറ്റയടിപ്പാത പണിതീർത്തു തനിയെ യാത്ര ചെയ്യുന്നത്. 

       എന്നാലിവിടെ ഞാൻ സംസാരിക്കാൻ പോകുന്നത് സിദ്ദിഹയുടെ ‘കള’ എന്ന കവിതയെക്കുറിച്ചാണ്. മറ്റൊന്നും കൊണ്ടല്ല, കളയിലെ 'വെല്ലിമ്മ ' ‘പിറുപിറുത്തും തല ചൊറിഞ്ഞും ' ഇപ്പോഴും മനസ്സിലൂടെ അങ്ങുമിങ്ങും നടക്കുന്നതു കൊണ്ടു തന്നെ. കള നിലനിൽപ്പിനായുള്ള ഒരു സ്ത്രീയുടെ പലായനത്തിന്റെ കഥയാണ് പറയുന്നത്. പ്രണയമോ വിരഹമോ കാല്പനികതയോ ദൗർബല്യങ്ങളോ ഒന്നിനുമൊന്നിനും ഇടമില്ലാത്ത കർഷകജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളാണ് കവിതയായി രൂപംകൊള്ളുന്നത്. വിളവില്ലാത്ത പാടത്ത് കൃഷിചെയ്ത് മടുത്ത വെല്ലിമ്മ ഒരിക്കൽപോലും തളർന്നു പിന്മാറുന്നത് നമുക്ക് കാണാനാവില്ല. നെല്ല്,എള്ള് നിലക്കടല,കപ്പ തുടങ്ങി പലതും കൃഷി ചെയ്തിട്ടും ജീവിതം പച്ചപിടിക്കുന്നില്ലെന്നറിയുന്ന വെല്ലിമ്മ മാടുവണ്ടിയിൽ പശ്ചിമഘട്ടം കേറി പോകുന്നു .അവർ പോകുമ്പോൾ "ചേലത്തുമ്പു കടിച്ചു കണ്ണീരു വറ്റി നിൽക്കുന്ന പാടം " ഈ കവിതയിലെ ഏറ്റവും മനോഹരമായ ഒരു ബിംബമാണ്. പാടത്തിനെ മറ്റൊരു സ്ത്രീയുടെ വേദനയിൽ സങ്കടപ്പെടുന്ന, നിസ്സഹായയായ ഒരു കർഷക സ്ത്രീയോടുപമിക്കുകയാണിവിടെ. ഒരുപക്ഷേ ആ കണ്ണീരു വറ്റി നിൽക്കുന്ന പാടം വല്ലിമ്മ തന്നെ ആകുന്നുവോയെന്ന് വായനക്കാർക്ക് തോന്നിയേക്കാം.  സ്ത്രീ സൗഹൃദങ്ങളുടെയും കൂട്ടായ്മയുടെയും പിന്നിൽ  മറ്റൊരു സ്ത്രീയെ താൻ തന്നെയായി കാണുന്ന ഈ തന്മയീഭാവം തന്നെയാണുള്ളത്. പെൺ അനുഭവ പരിസരങ്ങളോട് താദാത്മ്യം പ്രാപിക്കുന്ന പ്രകൃതി കവിതയിൽ ആദ്യമായൊന്നുമല്ല പ്രത്യക്ഷപ്പെട്ടിരിക്കുന്നതെങ്കിലും  ഇവിടെ ആ സാമ്യം അതിന്റെ നൈസർഗ്ഗികത കൊണ്ടും സൂക്ഷ്മ വൈകാരികാംശം  കൊണ്ടും വായനക്കാരെ ഒരു നിമിഷം പിടിച്ചുലയ്‌ക്കു ന്നു.

വെല്ലിമ്മ
അട്ടിക്കിട്ട 
ചോളത്തട്ടകൾക്കൊപ്പം
പശ്ചിമഘട്ടം 
കേറിപ്പോയി.

വണ്ടിച്ചക്രങ്ങൾ 
കൺമറയുവോളം 
ചേലത്തുമ്പ് കടിച്ചു
കണ്ണീരു വറ്റി 
നിന്നു പാടം.

അടക്കം ചെയ്ത
പൈതലൊഴികെ 
ഉള്ളതെല്ലാം 
മാറാപ്പ് കെട്ടി
മാറു പൊത്തിക്കിടന്നു
പുലരുവോളം .

അടക്കം ചെയ്ത കുഞ്ഞിനെയൊഴികെ ബാക്കിയുള്ളതെല്ലാം മാറാപ്പിലാക്കുകയാണ് വല്ലിമ്മ . കുഞ്ഞിനെയടക്കം ചെയ്ത ഭൂമി അവർക്ക് പ്രിയപ്പെട്ടതാവാതിരിക്കില്ല. എന്നാൽ കൃഷിചെയ്യുന്ന ഭൂമി പോലും പലപ്പോഴും സ്വന്തമല്ലാത്ത കർഷകർക്ക് അത്തരം മൃതുവികാരങ്ങൾക്കായി നീക്കിവയ്ക്കാൻ ജീവിതമില്ല. ജീവൻ പിഴയ്ക്കണമെങ്കിൽ വികാരവിക്ഷോഭങ്ങളുടെ പിടിയിൽപ്പെടാതെ യാത്ര തുടർന്നേ മതിയാവൂ. പുലരുവോളം മാറാപ്പു കൊണ്ട് മാറു പൊത്തി കിടന്ന് മാട്ടുവണ്ടിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണ് വെല്ലിമ്മ .വഴിയരികിലെ അരുവിയിൽ നിന്നവർ ദാഹമകറ്റി, കുളിച്ച് നനഞ്ഞ തുണി തന്നെ വീണ്ടുമുടുത്ത്  തേനിയിലേക്ക് യാത്ര തുടരുന്നു . തേനിയുടെ ഉച്ചിയിലെ മഞ്ഞുപോലെ കനമില്ലാതുയർന്നലിയുന്ന കനവുകളുമായാണ് വെല്ലിമ്മയുടെ യാത്ര. ദൂരെ അവളുടെ നാട്ടിൽ വയൽ നികത്തി റബ്ബർ നടന്നുകഴിഞ്ഞിരുന്നു, ഉടമസ്ഥർ. പുന്നെല്ലിന്റെ മണം ഒട്ടുപാലിന്റെ ചിരട്ടയിലും  റബ്ബർഷീറ്റിലും  ഇല്ലാതായിരുന്നു.

          വെല്ലിമ്മ ഒരു കടലാണ് .അവരുടെ കണ്ണുകളിൽ മാത്രമല്ല ഉടലിലും കടലാണ്. ആഴമേറിയ, വിശാലമായ, ഉപ്പുരസമുള്ള രഹസ്യങ്ങൾ പലതുമൊളിപ്പിച്ചുവെക്കുന്ന, പൊരിവെയിലിലും വറ്റാൻ കൂട്ടാക്കാത്ത ഒരു കടൽ. എന്നാൽ ഒരു ആത്മഹത്യയുടെ സാധ്യത കവിത ഇല്ലാതാക്കുന്നില്ല. അതിന്റെ സാധ്യത വിശകലനം ചെയ്യുന്നുമുണ്ട്.

 "കടല് കടലിൽ ചാടിയാൽ ചാവതെങ്ങനെ  ?" എന്ന് കവി ചോദിക്കുന്നു.

     ഇനിയുള്ള വരികളിൽ ഉപ്പുപാടങ്ങളിലേക്ക് വല്ലിമ്മ ജീവിതം പറിച്ചുനടാൻ ശ്രമിക്കുന്നതിനെ വിവരിക്കുന്നുണ്ട്.കതിരും കളയുമില്ല ഈ പാടങ്ങളിൽ. പേരിൽ മാത്രമേ അവിടെ പാടമുള്ളൂ. ബാക്കിയെല്ലാം കടലാണ്. അവരതിൽ കാരച്ചെമ്മീൻ കണക്കേ കൂനിക്കൂടുന്നു. ഉപ്പു പാടങ്ങളിൽ ജോലി ചെയ്യുമ്പോഴും അവരുടെയുള്ളിൽ നാട്ടിലെ  പുന്നെല്ലിൻ പാടമാണ്. അതുകൊണ്ടുതന്നെ 'കൺഞരമ്പുകളിൽ കടൽ നിറച്ച് ' അവർ തിരയുന്നതൊക്കെ കളയും കതിരും പതിരുമാണ്.

      ജീവിതം വഴിമുട്ടുമ്പോഴുമവർ അവരുടെ സഹോദരങ്ങളെക്കുറിച്ചോർക്കുന്നുണ്ട്.ദില്ലിയിലേക്ക് എത്ര മല കടക്കണം,എത്ര വണ്ടി കയറണം,എത്ര പൊതിച്ചോറുകൾ കെട്ടണമെന്നു മാത്രമാണ് അവരുടെ ചിന്ത. ഉള്ളതെല്ലാം പൊതിഞ്ഞെടുത്ത് രാജ്യതലസ്ഥാനത്ത് ചെറുത്തുനിൽപ്പ് തുടരുന്ന സ്വന്തം രക്തത്തിലേക്കാണവരുടെ കടൽ ഒഴുകുന്നത്.ഒരു കാരച്ചെമ്മീൻ കണക്കെ വഴിയിൽ കൂനിക്കൂടുമ്പോഴും ദില്ലിയിൽ ചൂടോ തണുപ്പോ എന്ന് അവരുടെ മനസ് ആകുലപ്പെടുന്നു. കിടക്കുന്ന കിടപ്പിൽ നിലമുഴുന്ന ഒച്ച കാതോർക്കുന്നു. എന്നാൽ കവിതയവസാനിക്കുന്നത് :
   കാക്കക്കാലുകൾ 
   കണ്ണിനുചുറ്റും 
   എന്തോ തിരയുന്നു
എന്നിടത്താണ്. ഉള്ളതെല്ലാമുപേക്ഷിച്ച്  കാതങ്ങൾ താണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന ദില്ലിയിലെ കർഷകർക്കുള്ള ഐക്യദാർഡ്യമാണ് ഈ കവിതയിലൂടെ കവി പ്രഖ്യാപിക്കുന്നത്. കാൽപ്പാദങ്ങൾ വിണ്ടുകീറിയും മൂത്രം പോവാനുള്ള കുഴലും ബാഗും കയ്യിലേന്തിയും പൊരിവെയിലത്തും കൊടുംതണുപ്പത്തും പ്രതിരോധത്തിന്റെ മതിൽക്കെട്ടുകൾ തീർക്കുന്ന നിരാലംബരായ, എന്നാൽ തോൽക്കാൻ മനസ്സില്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ പ്രതിനിധിയാണ് വല്ലിമ്മ .കാക്കക്കാലുകൾ കണ്ണിനു ചുറ്റും തിരയുന്നത് ജീവൻറെ തുടിപ്പാകാം. ആ അവസാന തുടിപ്പിലും കർഷകൻറെ കടൽ കൺഞരമ്പുകളിൽ തുടിക്കുന്നുണ്ട്.

    ജനുവരിയിൽ കർഷക സമര സമയത്ത് എഴുതിയ ഈ കവിതയിലെ രാഷ്ട്രീയം മാനവികതയിലൂന്നിയതാണ്.രാഷ്ട്രീയപാർട്ടികളുടെ ആഘോഷങ്ങൾക്കപ്പുറത്ത്  പച്ചമനുഷ്യരുടെയും കർഷകരുടെയും ആകുലതകളിലേക്ക് കണ്ണുകൾ തുറന്നു വയ്ക്കാൻ മനുഷ്യരോട് ആഹ്വാനം ചെയ്യുന്നുണ്ട് 'കള' എന്ന കവിത. 
   
         ഈ കവിതയുടെ തലക്കെട്ടിലേയ്ക്ക് വന്നാൽ കാണാൻ കഴിയുക 'കള'യുടെ സാമൂഹിക പദവിയെക്കുറിച്ചുള്ള  ചോദ്യങ്ങളാണ്. ദില്ലിയിൽ സമരം ചെയ്യുന്ന കർഷകർ തന്നെയാവാം കള. രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും, എന്തിന്, അവരുടെ പാടങ്ങളിൽ വിളയുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്ന കോടിക്കണക്കിന് ജനങ്ങൾക്ക് പോലും അവർ വെറും കളയാണ്. അതെങ്ങനെ ദില്ലിയിൽ നിന്നും പറിച്ചു കളയാമെന്നാണ് അധികാരസ്ഥാനത്തിരിക്കുന്നവരുടെ ചിന്തകൾ.

      പാടത്ത് വളരുന്ന കളകൾ സാധാരണ ചെടികൾ തന്നെയാണ്. എന്നാലവ കൃഷിസ്ഥലങ്ങളിൽ വളരുമ്പോൾ, കൃഷിയിടത്തിൽ വളർത്തുന്ന ചെടികൾക്ക് ലഭിക്കേണ്ട പോഷകങ്ങൾ ആഗിരണം ചെയ്തു തുടങ്ങുമ്പോൾ, അവ കർഷകരുടെ വിളവിന് ഭീഷണി ആവുകയും അവയെ കളയായി കരുതി നീക്കം ചെയ്യുകയും ചെയ്യുന്നു. അധികാര സ്ഥാനങ്ങൾക്കും അധികലാഭത്തിനും  ഭീഷണിയാവുമ്പോൾ കർഷകരെത്തന്നെ കളയായി മാറ്റുന്ന രീതിയാണ് ദില്ലിയിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഒന്നോ രണ്ടോ വാക്കുകൾ കൊണ്ട് മാത്രം മാത്രം നിർമ്മിക്കപ്പെട്ട വരികളാണ് 'കള'യെന്ന  കവിതയുടെ അടിത്തറ.  ചെറിയ ചെറിയ വാക്കുകൾ മൂന്ന് പുറത്തിൽ കവിഞ്ഞ് കവിതയായി രൂപംകൊള്ളുമ്പോൾ കവിത പ്രതിരോധത്തിൻറെ ഒരു മതിൽ തന്നെയാവുകയാണ്. ‘ചെറിയ ചെറിയ’ മനുഷ്യരുടെ പ്രതിരോധത്തിന്റെ ഭാഷയാണ് സമാധാനപരമായി, അവകാശങ്ങൾക്കു വേണ്ടി അവർ തിരഞ്ഞെടുത്ത  പ്രതിഷേധ  സമരം. 
ഒരു വ്യക്തിയുടെ ജീവിതം ഒരു രാഷ്ട്രത്തിലെ കർഷകരുടെയാസകലം ജീവിതത്തെ പ്രതിനിധീകരിക്കുന്നതാകുന്നു. ഒരാളുടെ മാറാപ്പിൽ ഒരു വിഭാഗമാൾക്കാരുടെ പ്രതീക്ഷകളും അധ്വാനവും പ്രതിഷേധങ്ങളും പൊതിഞ്ഞു കെട്ടുന്നു. ആദ്യം മുതലവസാനം വരെ അവിരാമം, ചിഹ്നങ്ങളുടെ ഇടപെടലുകളില്ലാതെ ഒഴുകുന്ന ഒരു കടൽ പോലെയാണീ കവിത. അവസാന നിമിഷം വരെയും  നിലമുഴുന്നയൊച്ചയിൽ നിന്നും മനസ്സ് പിൻവലിക്കാനാവാത്തയാളാണ് വല്ലിമ്മ . മറ്റുള്ളവർക്ക് കളയായി തോന്നിയാലും നിലനിൽപ്പിനുള്ള സമരത്തിൽ  കളകൾ കാണിക്കുന്ന ശക്തിയും സ്ഥിരോത്സാഹവും ശ്രദ്ധേയം തന്നെയാണ്.

       ഭാഷയിലും ലാളിത്യം തന്നെയാണ് സിദ്ദിഹയെന്ന കവിയുടെ മുഖമുദ്ര. നാട്ടുഭാഷയും വാക്കുകളും വല്ലിമ്മയെ സ്വാഭാവികമായ ഒരു കാർഷിക പരിസരത്തിൽ സങ്കൽപ്പിക്കാൻ സഹായിക്കുന്നു. ഇന്ത്യയിലെവിടെയുമുള്ള ഭൂവുടമകളല്ലാത്ത കർഷകർ കടന്നുപോകുന്ന മുൾപ്പാതകളാണ്  കവിതയിൽ വരച്ചുകാട്ടുന്നത്. ഒരുപക്ഷേ അവർക്കു മാത്രമേ അത്തരം വേദനകൾ പങ്കിടുന്ന മറ്റൊരു കർഷകന്റെ ദൈന്യത മനസ്സിലാക്കാൻ കഴിയൂ.മധ്യവർത്തി സമൂഹങ്ങളെ പോലെയല്ല കർഷക ജീവിതം. പലപ്പോഴും അപ്രതീക്ഷിത ദുരന്തങ്ങൾ പലപേരുകളിൽ അവരെത്തേടി വരാറുണ്ട്. ഇന്നവർ അഭിമുഖീകരിക്കുന്ന അന്യായവും ദുരിതവും അവരെ സഹോദരങ്ങളാക്കുന്നു; പരസ്പരം പരിചിതരാക്കുന്നു. മരണസമയത്തും  ദില്ലിയിലെ കർഷകരെ കുറിച്ച് ചിന്തിക്കുന്ന വല്ലിമ്മ ഒരു വലിയ കർഷക സമൂഹത്തിൻറെ പ്രതിനിധിയാണ്. എപ്പോൾ വേണമെങ്കിലും പൊതുസമൂഹത്തിന് എളുപ്പം മറക്കാവുന്ന ഒരു വിഭാഗത്തിനെക്കുറിച്ച് ഇതിലും കൂടുതൽ എന്തെഴുതാനാണ്?
**********

Comments

(Not more than 100 words.)