കവിതകൾ - സീന ശ്രീവത്സൻ

കവിതകൾ
          - സീന ശ്രീവത്സൻ
***********

1.
കണ്ണാടികൾ ഉടയ്ക്കുമ്പോൾ.                               
***********
എന്റെ സുഖാനന്ദത്തിൻ
കൊടുമുടിയെക്കുറിച്ച്
നിനക്കെന്തറിയാം?

വിണ്ണിനു തീ പകരുന്ന
പന്തത്തെ നോക്കി
സൂര്യകാന്തി കൺ മിഴിക്കുമ്പോൾ
എന്റെ കണ്ണിൽ തെളിയുന്ന
തിരയിളക്കം നീ കണ്ടിട്ടുണ്ടോ?

ചങ്കിലെ പാട്ട് മധുരമായ് കൈമാറുന്ന
കുരുവികളുടെ പ്രണയം
എന്റെയുള്ളിൽ തീർക്കും തുടികൊട്ട്
നീ കേട്ടിട്ടുണ്ടോ?

അഴിച്ചിട്ട മുടിയിഴകളിൽ തലോടി
പവിഴമല്ലിച്ചുവട്ടിൽ
മാലകോർത്തിരിക്കുമ്പോൾ
വിരലുകളുടെ തുടിപ്പ്
നീ ശ്രദ്ധിച്ചിട്ടുണ്ടോ?

വിസ്മയം തീരാത്ത കുഞ്ഞിക്കണ്ണുകളെ
പാടിയുറക്കുമ്പോൾ
ത്രസിക്കുന്ന മാറിടം
നീയറിഞ്ഞിട്ടുണ്ടോ?

പെൺകുളികഴിഞ്ഞേഴാംനാൾ
പടം പൊഴിച്ചുയരുന്ന
മന്ദഹാസങ്ങളെ
അവിശ്വസനീയതയോടെയല്ലാതെ
നീ നോക്കിനിന്നിട്ടുണ്ടോ?

എന്റെ കൊടുമുടിയുടെ
വൈവിധ്യങ്ങളറിയാത്തവനേ
നിന്റെ മദപ്പാടിന്റെ 
ഒറ്റക്കുടയിലേക്ക്
എന്നെ വലിച്ചു നിർത്താതിരിക്കുക.

2. 
ഭൗമം
*****    
സൗമ്യം   വന്യം  ഗാഢം
ഏതുവാക്കിന്നുടൽ പറ്റി വരയ്ക്കണം
ജലസ്ഥലഭ്രമം ബാധിച്ചു 
വിരലുകൾ ചോദിക്കുന്നു.
ഇലത്താളങ്ങളിൽ
കാറ്റുപോലൊന്ന് നീട്ടി വിളിക്കുന്നു.
കാണാത്തതെന്തൊ പറഞ്ഞപോലെ
മെയ് വഴങ്ങാത്ത കാടകപ്പച്ചകൾ
മൗനം മുറിച്ചിട്ട് വേരു നീട്ടുന്നു,
മേലെ മഴക്കാറിനു ദൂതയയ്ക്കുന്നു.
ജലജന്യരാഗങ്ങളിൽ താണിറങ്ങുന്നു.
ഇളം നാരുവേരിലും 
തായ് വേരിൻ ദൃഢത്വത്തിലും മാറ്റുരയ്ക്കുന്നു.
ഭൂമി പാടുന്നു
ഭൂമിയാടുന്നു
ചിറകുനീർത്തുന്നു
വിരൽപ്പൂക്കളിൽ
കാട്ടുതേൻ ചുരത്തുന്നു
തുടുത്ത മാറിൽ 
നീലനദികളെ പോറ്റുന്നു.
ഉള്ളിലതിരഹസ്യമാം കൂട്ടിൽ
തൂവൽമീട്ടും പക്ഷികൾ.
അതിസൂക്ഷ്മതരംഗമായാപ്പാട്ടിൻ
തുടിയേറ്റും കാട്ടുവള്ളിപ്പടർപ്പിൽ
ഊറിനിറയുന്ന ജടാലങ്കാരങ്ങൾ.
മുടിപറിച്ചെറിയുന്ന
തീകായും നേരങ്ങൾ
ഉടൽപൊഴിക്കുന്ന 
വന്യസഞ്ചാരങ്ങൾ

ജീവസ്ഥലികളിൽ 
ഭൂമിയുടെ ജലാർദ്രമാം വാക്കുകൾ
വിരൽമുറിക്കുന്നൂ...


***********
സീന ശ്രീവത്സൻ :

മലയാളത്തിലും ഇംഗ്ലീഷിലും കവിതകൾ എഴുതുന്നു.പെരിന്തൽമണ്ണ GPTC യിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്.
***********

Comments

(Not more than 100 words.)