പച്ചയുറുമ്പുകൾ സ്വപ്നം കാണുന്നയിടം

പച്ചയുറുമ്പുകൾ സ്വപ്നം കാണുന്നയിടം
      (കവിതാ സമാഹാരം)
************
                - രേഖ കെ.
            ******

രേഖ കെ. യുടെ 23 കവിതകളുടെ സമാഹാരമാണ് ഡിസംബർ ബുക്സ് പയ്യന്നൂർ  2019 ഡിസംബറിൽ പ്രസിദ്ധീകരിച്ച പച്ചയുറുമ്പുകൾ സ്വപ്നം കാണുന്നയിടം . ഈ പുസ്തകത്തിൻ്റെ കവർ ഡിസൈൻ ചെയ്തത് രാജേഷ് ചലോടും ചിത്രങ്ങൾ വരച്ചത് നിപിൻ നാരായണനുമാണ്.

കാസർഗോഡ് ജില്ലയിലെ കൊടക്കാട് ജനിച്ച രേഖ കെ കേളപ്പജി മെമ്മോറിയൽ ഹൈസ്കൂൾ , നെഹ്റു കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. ഇപ്പോൾ ഐ എച്ച് ആർ ഡി യിൽ ജോലി ചെയ്യുന്നു.

പുസ്തക പരിചയം
******
       ഡോ: അംബികാസുതന്‍ മങ്ങാട്
      ***********

ആഴത്തില്‍ ജീവിതത്തെ അളക്കുന്ന കവിതകൾ
********

  നിര്‍വച്ചനാതീതമായ പ്രതിഭാസമാണ് കവിത എങ്കിലും ഉണ്ടായ നിര്‍വ്വചനങ്ങൾ ഒട്ടും കുറവല്ല.വായിക്കുംതോറും വലുതാവുന്നതാണ് കവിത എന്ന നിര്‍വചനം ആദ്യം ഉരുവിട്ടത് ആരാണെന്ന് ഓര്‍മയില്ല .എങ്കിലും നല്ലൊരു നിര്‍വചന ശ്രമമാണത് .രേഖയുടെ ഈ ആദ്യ സമാഹാരത്തിലെ കവിതകളും ആദ്യ വായനയില്‍ അവസാനിച്ചു പോകുന്ന കവിതകളല്ല .വായിക്കുന്തോറും വലുതാവുന്ന കവിതകളാണ് .
കവിത പാട്ടുകച്ചേരിയല്ല എന്നും കെ .ജി  ശങ്കരപ്പിള്ള പറഞ്ഞതു പോലെ ചെവി സുഖത്തിനല്ല കവിത എന്നും നല്ലവണ്ണം ബോധ്യമുള്ള കവിയാണ്‌ രേഖ എന്ന്‍ ഈ സമാകലനം നമുക്ക് തിരിച്ചറിവു തരുന്നു . അതുപോലെ കവിത പാടി നീട്ടാനുള്ള ഒന്നല്ല എന്നും ജീവിതത്തെ കാച്ചിക്കുറുക്കാനുള്ളതാണെന്നും കരിങ്കല്ലില്‍ കൊത്തുന്നതുപോലെ സൂക്ഷ്മത ആവശ്യപ്പെടുന്ന യത്നമാണെന്നും നാമറിയുന്നു .’സങ്കല്‍പ്പ കാന്തികളില്‍ അഭിരമിക്കുന്നതിനു പകരം. “ജീവിതക്കടലേ കവിതക്ക് മാഷിപ്പാത്രം ‘ എന്ന നേരറിവോടെ അനുഗാനം ചെയ്യപ്പെടുന്നവയാണ് രേഖയുടെ കവിതകള്‍.
ആഴത്തില്‍ വായിച്ചെടുക്കേണ്ടതാണ് മികച്ച ഓരോ കവിതയും .ആഴത്തിന് മുന്നില്‍ കവിയും സന്‍ദിഗ്ദനാവാറുണ്ട്. 
’തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍ ‘എന്ന്‍ പാടിക്കൊണ്ട് ഭാഷ നേരിടുന്ന പരിമിതിയെ ക്കുറിച്ച് കുമാരനാശാന്‍ പോലും വേവലാതി പ്പെട്ടിട്ടുണ്ട് .കൃത്യമായ ഒരു വാക്കിലേക്കെത്താന്‍ എത്രയോകാലം തപം ചെയ്ത കവികളുണ്ടാവാം .’ഒരു വാക്കിലേക്കെത്താന്‍ എന്ന കവിതയില്‍ രേഖ ഇങ്ങനെ എഴുതുന്നു
‘ശബ്ദ സമുദ്രമേ /എത്ര മുഴക്കങ്ങള്‍ /ആഴ്ന്നു പോയിട്ടാവും /ഇത്രമേല്‍ നിശ്ചലം /അഗാധം /നിന്‍ ഉള്‍ത്തടം“ തുടങ്ങിയ വരികളിലെല്ലാം ഉപരിതലത്തിലല്ല ആഴങ്ങളില്‍ വാക്കുകളില്‍ വിളക്കി ചേര്‍ക്കുന്ന അര്‍ത്ഥങ്ങളെക്കുറിച്ചാണ് കവി സംസാരിക്കുന്നത് .”ആഴമേ നിന്‍റെ കാതലിലെങ്ങും /മീനുകള്‍ കൊതുവേല ചെയ്യുന്നു “ (പി .രാമന്‍ ) എന്ന ബോധ്യപ്പെടുത്തലാണത് .
“ ഓരോ വാക്കിന്‍റെ യും അടിത്തട്ടില്‍ 
ഓരോ പാത്രമുണ്ട് 
താനേ തുറന്നടയുന്ന കണ്ണുപോലെ 
ഉയര്‍ന്നു താഴുന്ന കടലുപോലെ 
ഓരോ മാന്ത്രിക ചെപ്പ് “എന്ന്‍ കെ .ജി .എസ്സ് പറഞ്ഞ വിധമുള്ള തിരിച്ചറി വാണത് .ഈ വിവേകം രേഖയുടെ കവിതകളെ മികച്ച രചനകളാക്കുന്നു .
     കവിതയില്‍ സ്വന്തമായ വഴിയിലൂടെയാണ് രേഖ സഞ്ചരിക്കുന്നത് .പൂര്‍വ ഭാരങ്ങളില്ലാത്ത ,കടപ്പെടാത്ത കവിത എന്നു പറയാം .പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍ നിന്നെല്ലാം മോചനം നേടുന്ന ആഖ്യാനം പ്രമേയ സ്വീകരണത്തിലും അതിന്റെ പരിചരണത്തിലും പുലര്‍ത്തുന്ന പുതുമയും അവധാനതയും അഭിനന്ദനീയ മാണ്. സൂക്ഷ്മാഖ്യാനങ്ങളായ സ്ത്രീ,പരിസ്ഥിതി ,ദളിത്‌ വിഷയങ്ങളാണ് കവിയുടെ പ്രധാന വിഷയങ്ങള്‍ .അതില്‍ വിശേഷിച്ചും സ്ത്രീ പക്ഷത്ത് നില്‍ക്കുമ്പോഴാണ്  കവിത കൂടുതല്‍ കരുത്തും കാന്തിയും നേടുന്നത്.പുരുഷ നിര്‍മിത വ്യവഹാര ലോകത്തുനിന്നും വിമോചനം കാംക്ഷിക്കുന്ന കരുത്തുള്ള സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നു. ‘യക്ഷി ‘മികച്ച ദൃഷ്ടാന്തം .
 “ സ്ത്രീകളുടെ എഴുത്ത് ആരംഭിക്കുന്നത് ശരീരത്തില്‍ നിന്നാണ്. അതായത് ലിംഗപരമായ വ്യത്യാസം തങ്ങളുടെ സര്‍ഗക്രീയയുടെ സ്രോതസ്സ് കൂടിയാണ്” എന്ന് പ്രശസ്ത അമേരിക്കന്‍ ഫെമിനിസ്റ്റ് കരോളിന്‍ ജി ബര്‍ക്ക് പറഞ്ഞിട്ടുണ്ട് . ‘യക്ഷിയില്‍ ‘ ഇങ്ങനെ വായിക്കാം 
“ മൂര്ധാവ് കുത്തി-
തുറന്നേ തൊ രാണും 
പുറപ്പെട്ടു പോകും 
വിശുദ്ധം വഴിയെ 
തുറന്നെ ന്തൊ രിപ്പാ  ടി 
എന്‍റെ യക്ഷി...
ഉടല്‍ ഭാരമില്ലാ-
തലയുന്ന കാലം 
മതി യെന്റെ ജന്മം 
ഇനി ഞാനും യക്ഷി “.
 ഇത് വലിയ ഒരു സ്വപ്നവും പ്രതീക്ഷയുമാണ് .
ഉടല്‍ ഭാരമില്ലാതെ അലയാന്‍ ആഗ്രഹിക്കുന്ന  സ്ത്രീകള്‍ വേറെയുമുണ്ട് ‘എന്‍റെ ആകാശമേ ‘ എന്ന കവിതയിലെ കഥാനായിക,’ലോകം ഒരു കവയിത്രിയെ നിര്‍മിക്കുന്നു (മാധവിക്കുട്ടി ),’ഓരോ എഴുത്തുകാരിയുടെ ഉള്ളിലും ‘ (സാറ ജോസഫ് ) എന്നീ രചനകളിലെ നായികമാരുടെ ധീരമായ തുടര്‍ച്ചയാണെന്ന് വായിക്കപ്പെടാം. ‘കാറ്റു മൊത്ത് ചിലതില്‍’ കഥാനായിക ‘മുടിതെയ്യ’ മാവുന്നുണ്ട്.പ്രതിഷേധത്തിന്റെ ഒറ്റച്ചിലമ്പണിഞ്ഞ കഥാനായികമാരും ഉണ്ട്.സ്വതന്ത്ര ത്തിനു വേണ്ടിയുള്ള സമരങ്ങളാണവ.’ആര്‍ത്തു ചിരിക്കുന്നവളേ’ യില്‍ ,ആ വിമോചന സ്വപ്നം ഇങ്ങനെ വിവരിക്കപ്പെട്ടിരിക്കുന്നു. 
“എനിക്കും ഇറങ്ങി നടക്കണം 
തുമ്പിയായി /കിളിയായി /കാറ്റായി /
പറന്നുയരുന്നവളെ/എനിക്കും 
ഞാനാവണം. 
ഓരോ ദിനവും/ പുതുക്കിയെടുക്കണം
ദീര്‍ഘമായി /ഒന്നു/ ശ്വാസമെടുക്കണം“  
കാരണം ‘ജാലകം’ എന്നാ കവിതയില്‍ പറയുന്നത് പോലെ പുറംകാഴ്ചകള്‍ നഷ്ടപ്പെട്ട നെരിപ്പോട് മാത്രമായി എരിഞ്ഞു കൊണ്ടിരിക്കുന്നവളാണവള്‍ .അല്ലെങ്കില്‍ വെറും ഒരു ‘തുപ്പ്‌ന്ന’. മികച്ച ഒരു കവിതയാണ് തുപ്പ്ന്ന. ഗീതാഹിരണ്യന്റെ ‘ഇ നടിരിയല്‍ഡക്കറെഷന്‍ ‘ എന്ന കവിതയോളം മാനമുള്ള ശക്തമായ രചനയാണത് .അതുപോലെ എടുത്തുപറയേണ്ട രചനയാണ് ‘ട്രാന്‍സ്‘. ട്രാന്‍സ് ജെന്റെര്‍ ജീവിതത്തെ ഇത്രമേല്‍ വ്യത്യസ്തമായും സൂക്ഷ്മമായും വരച്ചിട്ട അധികം കവിതകള്‍ ഉണ്ടായിട്ടില്ല.
ദളിതം,അന്യര്‍ തുടങ്ങിയ കവിതകളില്‍ അധസ്ഥിത ജീവിതത്തിന്റെയും
 അന്യവല്‍ക്കരിക്കപ്പെടുന്ന പ്രകൃതിയുടെയും കാഴ്ചകളുണ്ട്.മഞ്ഞിലും മഴയിലും നിലാവിലും വെയിലിലും ഇരുട്ടിലും കഴിയുന്ന യക്ഷിയെപ്പോലെ പ്രകൃതിയോട് ഒട്ടിനില്‍ക്കുന്ന കവിതകളാണ് എല്ലാം.’പച്ചയുറുംമ്പുകള്‍ സ്വപ്നം കാണുന്നയിടം’, കടല്ക്കാഴ്ച്ച ;ഒരു കൊളാഷ്, എന്‍റെ ആകാശമേ’ തുടങ്ങിയ കവിതകളിലെ പച്ചപ്പ്‌ വായനക്കാരുടെ ഉള്ളിലും നിറയാതിരിക്കില്ല.
സമാഹാരത്തിലെ കവിതകളുടെ പഠനമെന്ന നിലക്കല്ല
 ഇത്രയും കുറിച്ചത്.കവിതകളിലൂടെ വേഗത്തില്‍ കടന്നു പോയപ്പോള്‍ തോന്നിയ കാര്യങ്ങള്‍ കുറിച്ച് എന്നെ ഉള്ളൂ.പക്ഷെ ഒരു കാര്യം ഉറപ്പുണ്ട് മികച്ച കവിതകളാണ്,വായിക്കുന്തോറും പടര്‍ന്നു വലുതാവുന്ന കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്.
ഈ പുസ്തകം അവതരിപ്പിക്കുവാന്‍ 
ഭാഗ്യമുണ്ടായതില്‍ ഞാന്‍ സന്തോഷിക്കുന്നു.രണ്ടര ദശകക്കാലം മുന്‍പ് എന്‍റെ പ്രിയപ്പെട്ട വിദ്യാര്‍ഥിനിയായിരുന്ന രേഖയുടെ പുസ്തകത്തിന്‌ അവതാരികയെഴുതാന്‍ സാധിച്ചതിലുള്ള അഭിമാനവും ഇതെഴുതുമ്പോള്‍ എനിക്കുണ്ട്.ധാരാളം നല്ല വായനകള്‍ ഈ പുസ്തകതിനുണ്ടാവട്ടെ എന്ന്‍ ആശംസിക്കുന്നു.   
********

Comments

(Not more than 100 words.)