വനിതാദിനം

വനിതാദിനം

മാർച്ച്‌8വനിതാദിനം

#protestagainsthathrascaseverdict

 

ഹത്രസ്

          ശ്രീകല ശിവശങ്കരൻ 

    

നാമൊരിക്കലും ഒരേ പേജിൽ ആയിരുന്നില്ല

കുറച്ച് വാക്കുകൾ, കുറച്ച് ആശ്ചര്യങ്ങൾ

നാമൊരുമിച്ച കുറച്ച് വരികൾ

മൈലുകളോളം നാം തമ്മിലകന്നിരുന്നു

പേപ്പറിന്റെ നാലറ്റങ്ങൾക്കിടയിൽ,

നടുവിൽ,

 നാം ചിലപ്പോഴൊക്കെ

 ഒരു ഹൃദയം വരച്ചു

 

എന്റെ ചുടലച്ചാരം മണ്ണിൽ അലിഞ്ഞു ചേർന്നു കഴിഞ്ഞു 

രണ്ടു വർഷത്തിലേറെ 

അവിടെയും ഇവിടെയുമൊക്കെ ചുറ്റിപ്പറ്റി നിന്നിട്ട് 

എന്റെ അവശിഷ്ടങ്ങളുടെ ഓരോ പൊടിയും നിങ്ങളുടെ കാഴ്ചയിൽ നിന്ന് മറഞ്ഞു 

 

എങ്കിലും എന്റെ വേദനയുടെ ആഴത്തിൽ നിന്ന്,

തകർക്കപ്പെട്ട, ചതച്ചരയ്ക്കപ്പെട്ട,

അഗ്നിക്കിരയാക്കപ്പെട്ട

ഞാൻ 

നിങ്ങളുടെ മൊബൈൽ സ്ക്രീനിൽ ഒരു സ്പാം പോലെ ഇഴയുന്നു

നിങ്ങൾ അവഗണിക്കുന്ന ഒരു പോപ്പ് അപ്പ് സന്ദേശമായി ഉയർന്നുവരുന്നു

 

നിങ്ങൾ അവഗണിക്കുന്നു

നിയമത്തിന്റെ ചാട്ടവാറടികളാൽ പൂർണ്ണമായും തകർക്കപ്പെടുന്ന എന്റെ ആത്മാവിനെ 

ദേഷ്യപ്പെടുന്ന ഒരു ഇമോജി പോലും ഇടാതെ,

നിങ്ങൾ മറ്റൊരു ചിത്രം, മറ്റൊരു വസന്തം, മറ്റൊരു പ്രണയം എന്നിങ്ങനെ ലൈക്ക് ചെയ്ത് പോകുന്നു 

നിങ്ങൾ അതിനെ സ്വാതന്ത്ര്യം എന്ന് വിളിക്കുന്നു

ഞാൻ വീണ്ടും കൊല്ലപ്പെടുന്നു

 

നിങ്ങളുടെ മുൻപിൽ എനിക്ക് എന്നെക്കുറിച്ചുള്ള ഓർമ്മ

എങ്ങനെ ഉയർത്തെഴുന്നേൽപ്പിക്കാനാകും?

നിങ്ങൾ എന്നെ നോക്കാൻ തക്കവണ്ണം 

 രസകരമായ വാർത്തയുണ്ടാക്കാനാകും?

നാം പങ്കിട്ട ആ കുറച്ച് വരികളും അർദ്ധവിരാമചിഹ്നങ്ങളും

എന്റെ ഉന്മൂലനത്തോടെ നഷ്ടപ്പെട്ടു

 

യാത്ര ചെയ്യാൻ സ്വാതന്ത്ര്യമുള്ള ഒരു പ്രേതം പോലുമല്ല ഞാൻ

നിങ്ങളുടെ പ്രിയപ്പെട്ട മരത്തിൽ ബന്ധിച്ചിരിക്കുന്ന ചങ്ങലയുമല്ല

കാരണം ചങ്ങലകൾ കിലുങ്ങാറുണ്ട്

മുഴങ്ങുന്ന മുദ്രാവാക്യം പോലെ 

 

ഒരിക്കലും കേൾക്കപ്പെടാത്ത ശബ്ദമാണ് ഞാൻ

പിഴുതെറിയപ്പെട്ട നാവ്

 

Sreekala Sivasankaran

കവിയും വിവർത്തകയും സാമൂഹ്യ ശാസ്ത്രജ്ഞയുമാണ് ശ്രീകല ശിവശങ്കരൻ. കോട്ടയത്ത് താമസിക്കുന്നു. ശ്രീകലയുടെ ഏറ്റവും പുതിയ കവിതാസമാഹാരം, "വീട് തിരികെ എത്തുന്നു" (ലോഗോസ് ബുക്സ്) ഉടൻ പുറത്തിറങ്ങുന്നുണ്ട്

 

Image courtesy: Gautam Vegda

Comments

(Not more than 100 words.)