കവിതകൾ - ധന്യ എം ഡി

കവിതകൾ - ധന്യ എം ഡി

കവിതകൾ

               ധന്യ എം. ഡി 

 

1.

തൊലിക്കടിയില്‍ വേരുള്ള മണങ്ങള്‍

 

തലയ്ക്കു പിന്നില്‍ നിന്ന്

ഒരു ചോദ്യമിഴഞ്ഞു വന്ന്

വലത്തേ ചെന്നിയില്‍ കടിക്കും

രാത്രികളിലാണങ്ങനെ ....ഓര്‍ക്കാപ്പുറത്ത്

ഒരു കൊള്ളിമീന്‍ പൊട്ടി

അക്കണ്ണില്‍ത്തന്നെ വീഴും ...

 

ഞരമ്പുകളില്‍

എണ്ണമറ്റ മാലപ്പടക്കങ്ങള്‍ പൊട്ടുന്നത്

അന്നത്തെ അടയാളം ...

 

കണ്ണു പുളിച്ചു

കൊതിച്ചൊന്നുറങ്ങുമ്പൊഴെക്കും

കരിങ്കല്ലിന്‍ തണുപ്പൊത്ത

കയ്യാലെ

തൊട്ടുതൊട്ടൊരൊ വിളികളാകുംപിന്നെ

കുറ്റിച്ചൂട്ടിന്റെ വെളിച്ചത്തില്‍

കൈതക്കാടുകളെ തട്ടിയും മുട്ടിയും

ഉന്മേഷം നിറഞ്ഞ ഈണങ്ങള്‍ .....

 

പേരില്ലാത്ത പച്ചയിലമണങ്ങളുടെ

പരുത്ത കൈത്തലങ്ങള്‍ കൊണ്ട്

മുടി കോതിയും അനുഗ്രഹിച്ചും

മതിയാവില്ല അവര്‍ക്ക്....

 

ഉപ്പൂറ്റി നിലം തൊടാത്ത

ധൃതി പിടിച്ച നടത്തങ്ങളാല്‍

തട്ടുംതടവുമില്ലാത്ത

ചില നൃത്തച്ചുടുകള്‍

പണിഞ്ഞു വെച്ച്

കനം വെച്ച മന്ത്രങ്ങള്‍ കൊണ്ട്

ഇടത്തേ ചെവിപ്പാടയില്‍

ചാര്‍ക്കൊളിനാല്‍

ചിത്രം വരയ്ക്കും ....

ഉരുണ്ട മൂക്കറ്റങ്ങളുടെയും

ചുരുള്‍മുടിയുടെയും

മഹിമകളെ വാഴ്ത്തി

ഉച്ചിയില്‍ കൈ വെച്ച്

പരമ്പരകളെ

ഉള്ളിലേയ്ക്ക് ഊതി നിറയ്ക്കും.

ഒടുക്കം

ചെവിക്കല്ല് പൊട്ടുന്ന പോലത്തെ

രണ്ടടികള്‍ കൊണ്ട്

ചെന്നിയില്‍ കടിച്ചിഴഞ്ഞ ചോദ്യത്തിനെ

വലത്തെ ചെവിയിലൂടെ

ഒരൊറ്റപ്പറത്തലാണ് ...

അങ്ങനെ

അടയാളങ്ങളുടെയും ഓര്‍മ്മകളുടെയും

മഴക്കാടുകളില്‍ നിന്നും

ഒട്ടും നോവിക്കാത്ത

മധ്യരേഖാ വെയിലില്‍

നിന്നും

വിശപ്പിന്റെയും വേട്ടയുടെയും

മണങ്ങള്‍ പറ്റി തിരിച്ചു വന്നുറങ്ങുമ്പോള്‍

അപ്പനപ്പൂ പ്പന്മാരുടെ പേര് ചൊല്ലി

അമ്മ തലയില്‍ കൈ വെയ്ക്കുന്നത്

അറിയാറുണ്ട് ഞാന്‍..

 

2.

മുറ്റമടിക്കാതിരിക്കുമ്പോൾ

 

മുറ്റമടിക്കാതിരിക്കുന്ന പുലരിയിൽ

മുറ്റത്തെ നനഞ്ഞ കരീലകൾ നോക്കി

കസേരയുള്ളിലേക്ക് വളഞ്ഞിരുന്ന്

ദിനപ്പത്രത്തിന്റെ ഇളം ചൂട് ആസ്വദിക്കാം

 

മടിയുടെ ലഹരിയിൽ

ഒരു കോട്ടുവാ നുണഞ്ഞു കൊണ്ട്

ഘടികാരസൂചിയുടെ

തിരക്കോർത്തമ്പരക്കാം ...

വിരലുകൾ തലയ്ക്കു പിന്നിൽ പിണച്ച്

" ആഹാ മുറ്റമടിക്കാതിരിക്കുമ്പോൾ " 

എന്നൊരു കവിത കൊരുത്ത്

ഞാനൊന്നു നിവരുമ്പൊഴേക്കും

അടിക്കാത്ത മുറ്റത്തിന്റെ

കന്യകാത്വം ചോർത്തി

ഒരു പരിഭവം പറച്ചിലിന്റെ ഈണത്തിൽ

അമ്മയതാ മുറ്റമടിക്കുന്നു

 

3.

പാട്ടു പറത്തുന്ന പറവ

 

 ദൂരെയെങ്ങോ

ഒരാൾ പാടുന്നു.

പാതി നിലാവുള്ള രാത്രി .

 

പാട്ടിലയാൾ

കോർത്തിടുന്നു

കുപ്പിച്ചില്ലുപോൽ

കൂർത്ത് തിളങ്ങും

സങ്കടങ്ങൾ

 

ഏറ്റിറക്കങ്ങൾ

 

ചങ്കു കൊളുത്തി

വലിക്കുമിഴച്ചിലുകൾ 

 

എരി മുളക്

നാവിലിറ്റിയിലെന്ന പോൽ

നീറ്റിയിറക്കുന്ന

ഓർമ്മകൾ

 

പേരറിയാത്തൊരു

ഭാഷ

ഓളങ്ങൾ പോൽ

തെന്നിത്തെറിക്കുന്നു

വാക്കുകൾ

 

നിലാവിൻ നീല

കലർന്നോരിരുട്ട്

അതിൻ

തുറസ്സിൽ പുതഞ്ഞ്

ഒരൊറ്റ നക്ഷത്രം

 

പാട്ടിൻ്റെ

നീണ്ട നൂലാ

വെളിച്ചത്തിൽച്ചെന്നു

മുട്ടിച്ചിതറുന്നുണ്ടാകെ

 

കലർന്നു

പരക്കുന്നവ

കലങ്ങിയ കാടിനും

കടലിനും മീതെ

 

പുലർവെട്ടം നേർപ്പിക്കും

രാത്രിക്കനപ്പിൻ കീഴിൽ

കാറ്റിൽത്തണുപ്പായ്

ചിതറി വീഴുമാപ്പാട്ടിൻ

നൂലിൽ

പിടിച്ചു ഞാന്നിറ-

ങ്ങുന്നൊരിടത്തൊരു

പറവയായ്

ആദ്യത്തെ

വെയിൽ വീഴും

തവിട്ടുമണ്ണിൽ

നിന്നും

പറന്നു പൊങ്ങും

കൊറ്റിക്കൂട്ടം 

മഞ്ഞച്ച ചോളപ്പാടം

പഴയൊരാൽമരം കുളം

കുളത്തിൻ വക്കത്തൊരാൾ

കൈകാൽ

കഴുകുന്നു

 

വരമ്പിൽ

മൂപ്പു നോക്കാനയാൾ

ഉതിർത്തിട്ട

ചോളക്കുലകൾ

ഒരെണ്ണം കൊത്തിത്തിന്നു

പറക്കട്ടെ ഞാനീ വഴി.

 

Comments

(Not more than 100 words.)