അപ്പലാച്ചൻ വിലാപം 1, 3
*******************************
- ബെൽ ഹൂക്സ്
*******************************
വിവർത്തനം - ആശാലത
*******************************
1.
കേക്ക്, അവര് കരയണത് കേക്ക്
പണ്ടേ മരിച്ചോര്
മൺമറഞ്ഞ് പോയോര്
കല്ലറക്കപ്പുറത്തുന്ന്
പറയ് ഞങ്ങളോട്
വഴി കാണിച്ചു താ ഞങ്ങക്ക്
ഈ മണ്ണിനെ ചങ്കിലേക്ക് ചേർത്ത് പിടിക്കാ -
നെല്ലാ വഴിയും ഞങ്ങള് പഠിക്കട്ടെ
കടുത്തതാണ് കളിമണ്ണ്
പാറേടെ മോളിൽ പാറയാണ്
കരിഞ്ഞ മണ്ണാണ്
അതിന്റെ സമയം വരുമ്പോ
ആർത്തു പൊടിച്ചുയരും
പച്ചേടെ കരുത്ത്
മരങ്ങളും തിരിച്ചിങ്ങുയിരു വെക്കും
വരും വരുമെന്ന് മണം പൊഴിക്കും നാട്ടുപൂവുകൾ
ഉയിർപ്പിന്റെ വാക്കുറപ്പിക്കൽ
3.
രാവ് കട്ടിയിരുട്ടിലൂടെ
നീങ്ങുകയാണ്
പുറത്തൊച്ചയടക്കം കനക്കുന്നു
മുന്നിൽ ജനലിന്നരുകിലൊരു
കരിംകരടി
ചെടികൾ ചവിട്ടിമെതിച്ച്
കുറ്റിക്കാട് തള്ളി മറിച്ച്
മനുഷ്യരുടെ തടവിൽ നിന്നോടിപ്പാഞ്ഞ്
ചങ്ങലയില്ലാതലയുന്നു.
എന്തൊരാത്മവിശ്വാസം
ഏതിടവും വീടാകാമെന്ന്
തലയെടുത്തുപിടിച്ച്
കിഴുക്കാന്തൂക്കൻ മലയിറങ്ങുന്നു
എല്ലാ സ്വാതന്ത്ര്യവുമിപ്പോൾ
ഇല്ല കഴിഞ്ഞകാലം
ഇല്ല നടപ്പുകാലം
*******************************
ബെൽ ഹൂക്സ് :
അക്കാദമീഷ്യൻ,
ആഫ്രിക്കൻ അമേരിക്കൻ ക്വീർ ഫെമിനിസ്റ്റ്, സാമൂഹ്യ പ്രവർത്തക, എഴുത്തുകാരി, സംവിധായിക.
1952ൽ അമേരിക്കയിലെ കെൻ്റക്കിയിൽ ജനിച്ചു. ഗ്ലോറിയ ജീൻ വാട്ട്കിൻ എന്ന് യഥാർഥ നാമം. പിൽക്കാലത്ത് അമ്മയുടെ മുത്തശ്ശിയുടെ പേരിൽ നിന്ന് ബെൽ ഹൂക്സ് എന്ന തൂലികാ നാമം സ്വീകരിച്ചു. കാലിഫോണിയ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ പിഎച്ച് ഡി നേടി. ടോണി മോറിസണെക്കുറിച്ചായിരുന്നു ഗവേഷണ പ്രബന്ധം. നിരവധി സർവ്വകലാശാലകളിൽ അധ്യാപികയായിരുന്നു. വംശീയത, ലിംഗ പദവി, കല, ചരിത്രം, ലൈംഗികത, ചലച്ചിത്ര പഠനം, ഫെമിനിസം മുതലായ വിഷയങ്ങൾ പ്രതിപാദിച്ചുകൊണ്ട് നിരവധി കൃതികളെഴുതി. വംശീയതയും ലിംഗ പദവിയും മൂലധനവും സൃഷ്ടിക്കുന്ന അടിച്ചമർത്തലുകളെ സംബോധന ചെയ്യുന്നവയായിരുന്ന ഹൂക്സിൻ്റെ രചനകൾ. ആണത്തം, വൈറ്റ്/മെയ്ൽ ഗേസ് മുതലായവയെ സംബന്ധിക്കുന്ന വിപ്ലവകരമായ രചനകളും നടത്തിയിട്ടുണ്ട്. യൂറോ കേന്ദ്രീകൃത ഫെമിനിസത്തെ വിമർശന വിധേയമാക്കുന്നവയായിരുന്നു ഹൂക്സിൻ്റെ എഴുത്തുകൾ.
Aint I a Woman, Feminist Theory : From Margin to Centre, Reel to Real, We Real Cool : Black Men and Masculinity, All About Love മുതലായവയാണ് പ്രധാന കൃതികൾ.
Writers Award,
American Book Award, TIME 100 Women of the year (2020) മുതലായ പുരസ്കാരങ്ങൾ നേടി. ഇക്കഴിഞ്ഞ ദിവസം, 202l ഡിസംബർ 15ന് അറുപത്തൊമ്പതാം വയസ്സിൽ അന്തരിച്ചു.
66 ചെറു ഖണ്ഡങ്ങളുള്ള Appalachian Elegy യുടെ ഒന്നും മൂന്നും ഖണ്ഡങ്ങളാണ് ചേർക്കുന്നത്.
*******************************