കവിതകൾ - ആദി
*********
രണ്ടുപേർ
*****
1.
പ്രേമത്തിൽ
അകപ്പെട്ടതിനാലാണ്
എന്റെയാകാശങ്ങൾക്ക്
മീതേ
ദൈവം തീതുപ്പിയത്
സോദോമെനിക്ക്
മുന്നറിയിപ്പ് നൽകിയത്
എന്റെ തലയിൽ
ശാപവാക്കും
ഊക്കിലൊരു തെറിയുമെറിഞ്ഞത്
ഞങ്ങൾ ഇരുട്ടുണ്ടാക്കി ഉമ്മ
വെച്ചിരുന്നു
വളരെ പതിയെ
വാ പാതിയും തുറന്ന്
ശ്വാസം പകുത്തിരുന്നു
ചുണ്ടു മുറിയാതെ
ഉമ്മ വെക്കുന്ന സൂത്രം
അവനാണെന്നെ
പഠിപ്പിച്ചത്
പക്ഷെ,എവിടെയും
ഞങ്ങൾ
ഒരിക്കലുമതേറ്റുപറഞ്ഞില്ല
2.
ഞാൻ ദൈവത്തിൽ
വിശ്വസിച്ചതേയില്ല
എന്റെ കാമുകൻ,
സങ്കടം കനക്കുമ്പോളെല്ലാം
നിസ്കരിച്ചു
ഉമ്മ വെക്കാനുള്ള
ചുണ്ടുകളാൽ
തീ തുപ്പിയതിന്
എന്റെ തലയിൽ
ശാപവാക്കും
തെറിയുമെറിഞ്ഞതിന്
ഞങ്ങളെ
പാപികളെന്നുരച്ചതിന്
ഞാൻ
ദൈവങ്ങളെയെല്ലാം പഴിച്ചു
ദൈവത്തെ
സ്നേഹമെന്ന്
പരിഭാഷപ്പെടുത്തിയ
ഞങ്ങൾ
ഇപ്പോൾ വെളിച്ചത്തിലാണ്,
ഉമ്മ വെക്കുകയാണ്
എന്റെ വായിലെ
കവിതയെ അവൻ
തൊടുന്നു,എന്നെയും
ഇനി,
ഞങ്ങളുടെ
ചുണ്ടുകളെ തിരികെ തരിക
ഉമ്മകളെ അനുവദിച്ചുകൊടുക്ക
വെറുതെ വിടുക
********