മേലാളില്ലാത്ത, കീഴാളില്ലാത്ത നാളെയെക്കുറിച്ചുള്ള കവിത

മലയാളത്തിൻ്റെ കാവ്യ ചരിത്രവിവരണങ്ങളിൽ  കടത്തനാട്ട് മാധവിയമ്മയുടെ പേര് ചേർന്നു നിൽക്കുന്നത് ഗ്രാമീണ ഭംഗിയോടും ലാളിത്യത്തിൻ്റെ നിർമ്മലതയോടുമൊക്കെയാണ്.  എന്നാൽ അവരുടെ രചനകളിൽ സാരള്യത്തോടൊപ്പം അഗാധമായ മനുഷ്യസ്നേഹവും വർണ്ണ വർഗ വേർതിരിവുകളും വിവേചനങ്ങളുമില്ലാത്ത നാളെയെക്കുറിച്ചുള്ള ഉറച്ച പ്രതീക്ഷയും നമുക്കു കണ്ടെടുക്കാവുന്നതാണ്. ഗ്രാമശ്രീകൾ എന്ന പ്രശസ്തമായ കവിതയിൽ കവി  കൃഷിപ്പണി ചെയ്യുന്ന സ്ത്രീകളുടെ അധ്വാനത്തെക്കുറിച്ച് പറയുന്നു - " പെണ്ണുങ്ങൾ, മണ്ണിന്നരുമ മക്കൾ,
കൈകൾ കിണഞ്ഞു പണികയായ് ഞാറിന്മേൽ
കാൽകൾ ചളിയിൽ കുതിക്കയായ് 
താഴെ, വയലിൽ , നിരനിരയായി 
നീലനീരാളം വിരിയുകയായ്.'' 
   കവി കർഷകത്തൊഴിലാളികളായ സ്ത്രീകളുടെ  ഈ കലാസൃഷ്ടിയ്ക്ക് മുന്നിൽ ആദരവോടെ തൊഴുതു നിൽക്കുന്നു. അധ്വാനത്തോടും അധ്വാനിക്കുന്നവരോടുമുള്ള മനോഭാവം വ്യക്തമാക്കുന്നുണ്ടീ വരികളിൽ -
" ചേർക്കുണ്ടിൽ താഴ്ത്തുമീ വിരൽത്തുമ്പത്രേ 
നാട്ടിൻ്റെ നന്മകൾ നെയ്തെടുപ്പൂ !" 

അസുരരാജാവായ മഹാബലിയുടെ സമത്വത്തിലും നീതിയിലും പുലരുന്ന നാട് എന്ന ചിന്തയിൽ നിന്നും അധ്വാനത്തിൻ്റെയും വിളവെടുപ്പിൻ്റെയും  കാർഷിക സംസ്ക്കാരത്തിൽ നിന്നും അടർത്തി മാറ്റപ്പെട്ട മലയാളി യുടെ ഓണം ഒരു സവർണ- ഷോപ്പിങ്ങ് ഫെസ്റ്റിവൽ മേളയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നമ്മളിന്ന് മാനവിക ചിന്തയിലൂന്നിയ കടത്തനാട്ട് മാധവിയമ്മയുടെ മലനാട്ടിലെ പൊന്നോണം എന്ന കവിത വായിക്കുന്നത്. 
ഓണനാളിൻ്റെ നിത്യനൂതന പ്രാണവായുവായിത്തീരേണ്ടത് വ്യത്യസ്തതകളുടെ സൗന്ദര്യത്തെ മനസ്സിലാക്കുന്ന, പരസ്പര ബഹുമാനത്തോടെ ഒരുമിച്ചു നിന്നു പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയറിയുന്ന ഭാവനാത്മകമായ ചിന്തയാണെന്ന് കവി വരികളിൽ വ്യക്തമാക്കുന്നു. വ്യത്യസ്തതകളെയെല്ലാം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇന്നത്തെ  രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു ചിന്ത എന്തുമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് കാണാം. 

" മേലാളില്ലാത്ത കീഴാളില്ലാത്ത നാളെ തൻ കൊടിയേറട്ടെ!" എന്ന വരികളിലൂടെ കാലങ്ങൾക്കപ്പുറത്തു നിന്നും കടത്തനാട്ട് മാധവിയമ്മയുടെ കവിത ഇന്നും പ്രസക്തമാകുന്നു.

****************

കടത്തനാട്ട് മാധവിയമ്മ (1909-1999) 
****************
                                          

 സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ  കവി.
' കണിക്കൊന്ന' എന്ന കൃതിക്ക് മലയാളനാടിന്റെ മികച്ച കവിതയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.മാലതി എന്ന തൂലികാനാമത്തിലും കവിതകൾ എഴുതിയിരുന്നു. പലവട്ടം സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട് .കടത്തനാട്ട് മാധവിയമ്മയുടെ  മിക്ക കവിതകളും നാടൻ പാട്ടിന്റെ താളത്തിലുള്ളവയാണ്.

കൃതികള്‍:

ജീവിത തന്തുക്കള്‍
തച്ചോളി ഒതേനന്‍
പയ്യംവെള്ളി ചന്തു
കാല്യോപഹാരം
ഗ്രാമശ്രീകള്‍
കണിക്കൊന്ന
മുത്തച്ഛന്റെ കണ്ണുനീര്‍
ഒരു പിടി അവില്‍
കടത്തനാട്ടു മാധവിയമ്മയുടെ കവിതകള്‍.

Comments

(Not more than 100 words.)