കവിത - ജോമിന സി ജോർജ് **********
വീട്
****
വീട് എന്ന് പതുക്കെ പറയുന്ന,
വീട്ടിലേക്ക് എന്ന് കത്തെഴുതി വെക്കുന്ന,
തിരി പുകയുന്ന വൈകുന്നേരങ്ങൾ.
വീട് എന്നെ എല്ലാക്കാലവും വഴിയിൽ നിർത്തി.
ജനൽപാളികളുടെ അരികിൽ കളം വരച്ച് ഇരുത്തി.
അഭയാർത്ഥികളെ പറ്റി പഠിപ്പിക്കുന്ന ക്ലാസുകളിൽ തലക്ക് ചുറ്റും മൂളി.
അള്ളി പിടിക്കാൻ നോക്കുമ്പോൾ ഒക്കെ കൈ വഴുതി.
എടുത്തെഴുതുമ്പോൾ തെറ്റി പോയ ഉത്തരം പോലെ എന്താണെന്ന് മനസ്സിലാക്കും മുൻപേ എനിക്ക് കരച്ചിൽ വന്നു.
ഇറങ്ങിപോകാനുള്ള ഇടമായി അതിനെ കണ്ടുതുടങ്ങിയത് വൈകിയാണ്.
പുറത്തേക്ക് വഴി കാണാത്ത ഒരിടത്തും അതിൽപിന്നെ എൻ്റെ കാലുറച്ചില്ല.
കട്ടിളപ്പടി എന്ന് ഞാൻ എന്നെ അടയാളപ്പെടുത്തി.
ഒരിക്കൽ ഇറങ്ങിപ്പോയാൽ മുഴുവനായി ഒരു തിരിച്ചു വരവില്ല എന്നതിന് കൈ തട്ടി തൂവിപോയ കടുകുപാത്രം സാക്ഷി.
വഴികളിൽ എവിടെ എങ്കിലും ഒക്കെ തപ്പി തടഞ്ഞു നിൽക്കുമെന്ന്;
പാവാടയിൽ ഉടക്കി പോയ കാട്ടുപുല്ലരി പോലെ.
എങ്കിലും,
എന്നിട്ടും,
വീട് എന്ന് ഇപ്പോളിപ്പോൾ കൈകൾ കോർക്കുന്നു.
ഉടൽ പോലെ ഒരു ദിവസം ഞാൻ അതിനെ കണ്ടെത്തുമെന്ന് എഴുതുന്നു.
ഉൾപ്പെടൽ എന്ന് പാടുന്നു.
**********
ജോമിന സി ജോർജ്
കോട്ടയം സ്വദേശിനി.
EFLU, HCU എന്നിവടങ്ങളിൽ പഠനം.
ബ്ലോഗ് https://jominacgeorge.blogspot.com/?m=1
**********