ലോപയുടെ 'വൈക്കോൽപ്പാവ '
**********
പoനം - ഇ.എം.സുരജ
*******
''മുട്ടോളം ചേറ്റിൽ നിന്ന്, അഴകുള്ള മക്കളെ പെറ്റു, മക്കളകത്തും അമ്മ പുറത്തും" - എന്നൊരു കടങ്കഥ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്. നെല്ലും വൈക്കോലും എന്നല്ലാതെ, അതിൽ രാമായണത്തിൻ്റെ സംഗ്രഹമുണ്ടെന്ന്, സീതാപരിത്യാഗത്തിൻ്റെ സങ്കടമുണ്ടെന്ന് 'ചിന്താവിഷ്ടയായ സീത' വായിക്കുന്നതു വരെ തോന്നിയില്ല. വൈക്കോലെന്ന്, ചണ്ടിയെന്ന്, ഉപേക്ഷിയ്ക്കപ്പെട്ടത്, ഒരു കാലത്ത് പച്ചയായിരുന്നു, മണ്ണിൽ വേരുകളുണ്ടായിരുന്നു, കനമുള്ള കതിരും വിത്തുകളുമുണ്ടായിരുന്നു. എന്നാലോ, കൊയ്ത്തും മെതിയും കഴിയുന്നതോടെ നെന്മണിയെല്ലാം അറകളിലേയ്ക്കോ, രാജകൊട്ടാരങ്ങളിലേയ്ക്കോ പോകും (വനഭൂവിൽ നശിപ്പു, താൻ പെറും ധനമന്യാർത്ഥമകന്നു ശാലികൾ - ചിന്താവിഷ്ടയായ സീത, ശാലി - വൈക്കോൽ). ഒരർത്ഥത്തിൽ ജീവിതമുപേക്ഷിക്കുക എന്നത് ഒരെളുപ്പവഴിയായിരുന്നു, സീതയ്ക്ക്. അതു പോലും സാധ്യമാകാത്ത സാധാരണ സ്ത്രീകൾക്കോ? അവർ, വൈക്കോൽപ്പാവയായി ജീവിതം തുടരും!
'പാവ' എന്ന വാക്കു കേൾക്കുമ്പോൾ, അതെത്ര പാവമാണെന്ന്, നിരുപദ്രവകാരിയാണെന്ന് പൊടുന്നനെ ഓർക്കും. ആണോ പെണ്ണോ ആവാമെങ്കിലും പെണ്ണിൻ്റെ രൂപത്തിൽ മനസ്സിൽത്തെളിയും. വെളിച്ചത്തിനു പിന്നിലിരുന്ന്, ആരോ വലിയ്ക്കുന്ന ചരടിനൊത്ത്, നിഴലായി ചലിയ്ക്കും! സ്ത്രീയെ അടയാളപ്പെടുത്താനുള്ള നല്ല പ്രതീകമാണ് പാവ: അവളുടെ എല്ലാ നിസ്സഹായതകളോടും കൂടി! സ്വന്തം ഇഷ്ടങ്ങൾക്കോ ചിന്തകൾക്കോ അസ്തിത്വത്തിനു തന്നെയോ, യാതൊരു വിലയും കല്പിക്കാതെ, സീതയെ വീണ്ടും രാമസന്നിധിയിലേയ്ക്കാനയിയ്ക്കുന്ന സന്ദർഭത്തിൽ, 'ശരി പാവയോ ഇവൾ' എന്ന് ആശാനെഴുതുമ്പോൾ, ഈ നിസ്സഹായതയത്രയും സ്വന്തം അവസ്ഥയോടുള്ള പ്രതിഷേധമുൾപ്പെടെ അതിൽ തെളിഞ്ഞു കാണാം. ആ പാവയുടെ പുതിയകാല പ്രത്യക്ഷീകരണമാണ്, ലോപയുടെ 'വൈക്കോൽപ്പാവ'.
വൈക്കോൽപ്പാവയ്ക്ക് അലങ്കാരങ്ങളൊന്നുമില്ല. ആരുടേയോ ഉടുപ്പിൽ കുത്തിനിറയ്ക്കുമ്പോൾ, ആ ഉടുപ്പിനനുസരിച്ച് ഉടൽ പാകമാക്കുന്നവൾ, ഒട്ടും കനമില്ലെന്നു നോട്ടം കൊണ്ടേ ആളുകൾക്ക് തിരിച്ചറിയാവുന്നവൾ, മദിച്ചും വിശന്നും വരുന്ന കന്നിനും നാല്ക്കാലിക്കും അന്നമാക്കാവുന്നവൾ, ജ്വലിച്ച ഒരു നോട്ടം കൊണ്ടോ, ഓങ്ങി ഒരടി കൊണ്ടോ എളുപ്പത്തിൽ ഇല്ലാതാക്കാവുന്നവൾ: പച്ചയ്ക്കും കത്തി ദഹിയ്ക്കുന്നവൾ! അവൾ, സ്ത്രീയാണെങ്കിലെന്ത്, പാവയാണെങ്കിലെന്ത്? ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരെയും ബാധിയ്ക്കുന്നതേയില്ല. പക്ഷേ, നിലനില്ക്കുക എന്നത് സ്വന്തം ആവശ്യമാകയാൽ, അവൾ ലോകമണിയിച്ച വേഷങ്ങളിൽത്തുടരും, നോക്കുകുത്തിയുടെ ഉടൽ പോലും സ്വീകരിക്കും, ഇല്ലാതാക്കപ്പെടുന്നതു വരെ ജീവിയ്ക്കും: ജീവനുണ്ടെന്നറിയിയ്ക്കാൻ, ജീവനിൽ നിറച്ച് പ്രതിരോധമുണ്ടെന്നറിയ്ക്കാൻ, കവിതയെഴുതുകയും ചെയ്യും!
നീതിയ്ക്കും നിലനില്പിനും വേണ്ടി പതിറ്റാണ്ടുകളായിത്തുടർന്നു പോരുന്ന പോരാട്ടങ്ങളെ ഇത്തരം പാവകൾ ദുർബലപ്പെടുത്തില്ലേ എന്ന ചോദ്യം ഉയർന്നേക്കാം. ഇല്ല എന്നു തന്നെയാണതിന്നുത്തരം. പ്രതിരോധത്തിൻ്റെ ആദ്യത്തെ പടി, തിരിച്ചറിവാണ്; ചൂഷണങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചുമുള്ള തിരിച്ചറിവ്. അങ്ങനെ ഒരറിവോടു കൂടി ലോകത്തെ കാണുന്നവൾക്ക് പിന്നാലെ വരുന്ന, ഒപ്പമുള്ള പലർക്കും കണ്ണാവാൻ കഴിയും; അവളിൽ നിന്ന് പ്രസരിക്കുന്ന ഊർജ്ജം തലമുറകളിലേയ്ക്കു പകരും. അതിനാൽ, പരന്ന പാടത്തിൻ്റെ നടുക്കു തീപ്പിടിച്ചൊടുങ്ങിയാലും വൈക്കോൽപ്പാവ കെട്ടുപോകുകയില്ല!