കവിതകൾ - സരൂപ

കവിതകൾ - സരൂപ

കവിതകൾ - സരൂപ

1.

ഇടയ്ക്കൊരു കണ്ടൻപൂച്ച

എനിക്കൊരു ജാരനുണ്ടെന്ന്‌ 
അറിഞ്ഞ ശേഷം
അമ്മയെന്നോട് 
ഒന്നും ചോദിച്ചില്ലെങ്കിലും
അമ്മയ്ക്കെന്തോ
ചോദിക്കാനുണ്ടെന്നെനിക്കും
ഞാനെന്തോ
പറയാൻ പോവുകയാണെന്ന്
അമ്മയ്ക്കും
പരസ്പരം കാണുമ്പോഴെല്ലാം
തോന്നാൻ തുടങ്ങി.
മറ്റ് പലതും ചോദിച്ചിട്ടും
പ്രധാനപ്പെട്ടൊരു ചോദ്യം
വിട്ടുകളഞ്ഞെന്ന തോന്നലും
അക്കാലത്തുണ്ടായിത്തുടങ്ങി

ഞാൻ എന്റെയും
അമ്മ അമ്മയുടെയും
വരകളിലൂടെ
കൃത്യമായി നടന്നുകൊണ്ട്
വീടിനുള്ളിൽ 
പുതിയ വഴികളുണ്ടായി.
അടുക്കളയിൽ
പാത്രങ്ങൾ തങ്ങളിൽ 
മിണ്ടിത്തുടങ്ങി..
ഒരു കണ്ടൻപൂച്ച
ഞങ്ങൾക്കിടയിലിരുന്നു
മ്യാവൂ എന്ന് മാത്രം കരഞ്ഞു.

വൈകുന്നേരങ്ങളിൽ
എന്നും കാണാറുള്ള ചാനലിൽ
എന്നും കാണാറുള്ള സീരിയൽ
എന്നത്തേയും പോലെ
കാണുമ്പോൾ
എനിക്ക് മാത്രം
ഞാനതിൽ 
അഭിനയിക്കുകയാണെന്നും 
അമ്മയതിന്
മാർക്കിട്ടുകൊണ്ട്
മുന്നിലിരിക്കുകയാണെന്നും
തോന്നിത്തുടങ്ങി.
രാത്രികാലങ്ങളിൽ മാത്രം
അമ്മേയെന്നും മകളേയേന്നും
പരസ്പരം വിളിച്ചുകൊണ്ട്
ഞങ്ങൾക്കിടയിൽ
ഒരു സ്വപ്നം
ഞെട്ടിയുണർന്നു.
കുടുംബത്തിലെ
പല തലമുറയിലെയും
ജാരൻമാരുമായി 
സംവദിച്ചുകൊണ്ട്
അത് പലപ്പോഴും പുലർച്ചവരെ
നീണ്ടുപോയി.
വീണ്ടും
ഉണരുമ്പോൾ ഞങ്ങൾ
രണ്ട് രാജ്യങ്ങൾ ആണെന്നും
അറബിക്കടൽ
ഞങ്ങൾക്കിടയിൽ
തൽക്കാലം അടങ്ങിക്കിടക്കുന്ന
അതിർത്തിയാണെന്നും
തോന്നിത്തുടങ്ങും..

അങ്ങനെ അങ്ങനെ
എവിടെയോ കിടന്ന
ഒരു നിശ്ശബ്ദത
അതിന്റെ അസാന്നിദ്ധ്യം ഒന്നുകൊണ്ടുമാത്രം
ഞങ്ങൾക്കിടയിലെ
സകല ശബ്ദങ്ങളെയും
ഇരട്ടിപ്പിച്ചു കളഞ്ഞു

2.

കവിത 

ഇന്നു വൈകുന്നേരത്തെ
ചായയ്ക്കൊപ്പം
അവൾക്ക് കൊറിക്കാനുള്ള
കപ്പലണ്ടി
ആറു മാസം മുൻപ്
കവറിനുള്ളിൽ നിറച്ച
മനുഷ്യൻ
വൈകുന്നേരം
കൃത്യം മൂന്നു മണിക്ക്
അവളത്
കൊറിച്ചുകൊണ്ടിരിക്കുമ്പോൾ
മരിച്ചുപോയി.

അവളോ അയാളോ
പരസ്പരം അതറിയുന്നില്ല.
അവളപ്പോൾ ഭക്ഷണത്തിലും
അയാൾ മരണത്തിലും
ദത്തശ്രദ്ധരായിരുന്നല്ലോ.
നാട്ടിലപ്പോൾ ആരെല്ലാം
ഭക്ഷണം കഴിക്കുന്നുണ്ടാവും,
കുളിക്കുന്നുണ്ടാവും,
ഇണചേരുന്നുണ്ടാവും..
മരണത്തിന് മാത്രമായൊരു
സമയവുമില്ല..

എന്നാലിതങ്ങനെയല്ലല്ലോ
ആറുമാസം മുൻപയാൾ
സ്വയമറിയാതെ
തൻ്റെ മരണ സമയത്തെ
ആ കവറിനുള്ളിൽ
ഒന്ന് തൊട്ടിരുന്നു.
ഭാവിയിൽ കൊത്താൻ സാധ്യതയുള്ള
ഒരു പാമ്പ്
ഇന്ന് നിങ്ങൾ
വണ്ടി കാത്തുനിൽക്കുമ്പോൾ
റോഡ് മുറിച്ച്
കടന്നു പോകും പോലെ....

ഓർത്തു നോക്കുമ്പോൾ
തൻ്റെ മരണ ദിവസത്തെ
നിറച്ചൊരു കവർ
അയാൾ അന്നേ
തയ്യാറാക്കുകയായിരുന്നു.
നമ്മൾ ഓരോരുത്തരും
നിറച്ചു വയ്ക്കുന്നുണ്ടാവും
ഒരു മാസമോ
രണ്ടു ദിവസമോ
പത്തു വർഷമോ
അടുത്ത നിമിഷമോ
ആരെങ്കിലും 
പൊട്ടിച്ചു കൊറിക്കാൻ
പാകത്തിന്
നമ്മുടെ 
മരണ സമയത്തെ,…………………
.   


സരൂപ :

പള്ളിപ്പാട് എസ്.എൻ.ട്രസ്റ്റ്.ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപിക. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു . ആദ്യ കവിതാസമാഹാരമാണ് 'മനുഷ്യൻ എന്ന ലഹരിയിൽ '.

 

Comments

(Not more than 100 words.)