കവിത - നിവി
*******
കരച്ചിൽ നാലുപാടുനിന്നും
ഇരച്ചുവന്ന്
ഞാനൊരു ദ്വീപായ നേരത്ത്,
എന്നെ നോക്കി ചിരിക്കുന്നു,
എന്റെ കാമുകിയുടെ കുഞ്ഞ്.
പതുക്കെയാ ചിരി നുള്ളി
കൈവള്ളയിൽ കിടത്തി
അവളെനിക്കു നേരെ നടന്ന്,
'നോക്കൂ, ഇതാ നിനക്കായൊരു കുഞ്ഞുപൂവ്,
ഞാൻ വിരിയിച്ചത്'
എന്നു തടഞ്ഞുനിർത്തുന്നു.
കുട്ടികൾ മരിച്ച
ആളുകൾ ഇറങ്ങിപ്പോയ
വീടുപോലായിരുന്നു ഞാൻ.
തളർന്ന മുഖവും
കയ്യിലൊരു കൊച്ചുപൂവുമായി വന്ന്
അവൾ തിണ്ണയിലിരിക്കുന്നു.
നല്ല പ്രഭാതം.
ആകാശം നോക്കുമ്പോൾ അവിടെ
എന്റെ സങ്കടം അഴിച്ചുതൂക്കാൻ
ഒരു കൊളുത്ത്.
*******
നിവി:
കാലിക്കറ്റ് സർവ്വകലാശാലയിൽ എം.എ മലയാളം അവസാനവർഷ വിദ്യാർത്ഥിനി. സിനിമ, വായന, എഴുത്ത് ഇവയിൽ താല്പര്യം.
*******