പുസ്തക പരിചയം
••••••••••••••••••••••••••
പെൺമോണോലോഗുകൾ
- മീരാബെൻ
***********
പുസ്തകവായന - പ്രൊഫ.എം.കെ.സാനു
***********
കവിതയുടെ മാന്ത്രികത്താക്കോൽ
(ആമുഖക്കുറിപ്പ്)
***********
വർത്തമാനകാലത്തെക്കുറിച്ചാലോചിക്കുമ്പോൾ പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ പ്രകാശിതമായ ഒരു ജർമ്മൻ നാടകത്തെക്കുറിച്ചാണ് ഞാനോർത്തുപോകുന്നത്. അതിലെ മുഖ്യകഥാപാത്രം
ഒരു വൃദ്ധനാണ്. ചുറ്റും കാണുന്ന യാഥാർത്ഥ്യങ്ങളുമായി അദ്ദേഹത്തിന് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. സമൂഹത്തിൽ അത്രയധികം മാറ്റങ്ങളുണ്ടായിരുന്നു. ജീവിതശൈലിയിൽ, ഭക്ഷണക്രമത്തിൽ, വസ്ത്രധാരണരീതിയിൽ എന്നുവേണ്ട, സദാചാരത്തിൽ പോലും തനിക്കംഗീകരിക്കാനോ മനസ്സിലാക്കാനോ കഴിയാത്ത മാറ്റങ്ങൾ അദ്ദേഹം കാണുന്നു. നാടകമവസാനിക്കുമ്പോൾ ആ കഥാപാത്രം പറയുന്നു, "ലോകം എനിക്കു മനസ്സിലാക്കാൻ കഴിയാത്തിടത്തോളം മാറിപ്പോയിരിക്കുന്നു."
പഴയതലമുറക്കാരനായ എൻ്റെ അവസ്ഥയും ഇതുതന്നെയാണ്. സൈബർയുഗത്തിലേയ്ക്ക് ഞാനിനിയും കടന്നിട്ടില്ല.
കടക്കാൻ കഴിയുമെന്ന് തോന്നുന്നുമില്ല. ഈ പുതിയ യുഗം അപരിചിതങ്ങളും വിചിത്രങ്ങളുമായ കാഴ്ചകൾ നിറഞ്ഞതാണ്. അവയുടെ അന്ത:സാരം മനസ്സിലാക്കാൻ എനിക്കു കഴിയുന്നില്ല. പലപ്പോഴും അവ, അത്യന്തം വിചിത്രമായി എൻ്റെ നോട്ടത്തിൽ കാണപ്പെടുകയും ചെയ്യുന്നു.
സൈബർ യുഗത്തിലെ സാഹിത്യത്തെക്കുറിച്ചും ഇപ്രകാരമാണ്, എനിക്കനുഭവപ്പെടുന്നത്.
പ്രത്യേകിച്ചും പുതിയ സാഹിത്യത്തിലെ ശൈലീവിശേഷം പലപ്പോഴും എൻ്റെ കണ്ണു മിഴിപ്പിക്കുന്നു. എങ്കിലും സാവധാനത്തിൽ പലതുമായും ഞാൻ പൊരുത്തപ്പെട്ടുവരുന്നു.നോവൽ, ചെറുകഥ, നാടകം മുതലായ ശാഖകൾ അപരിചിതമായി ഇപ്പോൾ അനുഭവപ്പെടുന്നില്ല.എന്നാൽ കവിതയുടെ കാര്യത്തിൽ ആ അപരിചിതത്വം പൂർണമായി മാറിയിട്ടുമില്ല.
എഴുത്തച്ഛനും ഉണ്ണായിവാര്യരും കുമാരനാശാനും വള്ളത്തോളും മറ്റുമാണ് ആസ്വാദനത്തിൽ എൻ്റെ അഭിരുചി ചിട്ടപ്പെടുത്തിയത്.ആ അഭിരുചി ആധുനികതാപ്രസ്ഥാനത്തിൽ അമ്പരക്കാതിരുന്നിട്ടില്ല. എങ്കിലും ആ പ്രസ്ഥാനം ശരിക്കും ആസ്വദിക്കാനും ഉൾക്കൊള്ളാനും എനിക്കു കാലതാമസമുണ്ടായില്ല. എന്നാൽ സമകാലിക കവിതയുമായി അത്രത്തോളം പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും സാവധാനം പൊരുത്തപ്പെട്ടു വരുന്നുണ്ട്.
പഴയ കവിതകളിൽ അന്വയം, അന്വയാർത്ഥം എന്നീ പ്രക്രിയകളിലൂടെയാണ് ആസ്വാദനം വളർന്നത്. അവയുടെ രൂപമാകട്ടെ എപ്പോഴും ഛന്ദസ്സിൽ ഒതുങ്ങി നിൽക്കുകയും ചെയ്തു.വൃത്തബദ്ധമായ കവിതകൾ ഇന്ന് കാണാനേയില്ല. അന്വയിച്ച് അർത്ഥം പറയാൻ ശ്രമിക്കുന്നത് പാഴ്‌വേലയാണെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോകുന്നു.
എങ്കിലും പുതിയ കവിതയിൽ നിന്ന് കവിയുടെ അനുഭൂതിവിശേഷത്തിൻ്റെ സ്പന്ദനം പതുക്കെപ്പതുക്കെ ഞാൻ അനുഭവിച്ചുതുടങ്ങുകയാണ്. അപ്പോൾ ഗദ്യരൂപത്തിൽ പറയുന്നതാണെങ്കിലും ഛന്ദസ്സില്ലെങ്കിലും കവിയുടെ ആത്മാവിന് വാക്കുകളിലൂടെ സ്വയം പ്രകാശിക്കാൻ സാധിക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു. വാക്കുകളും അവയുടെ അർത്ഥവുമല്ല, പുതിയ കവിതയിൽ പ്രധാനം. പിന്നെയോ?
ബിംബങ്ങളും അവയുടെ ചേരുവയുമാണ് പുതിയ കവിതയിലെ ആശയവിനിമയ ഉപാധികൾ.അതിൻ്റെ അടിസ്ഥാനത്തിൽ പല കവിതകളിലെയും ആത്മാവുമായി എനിക്ക് സംവദിക്കാൻ കഴിയുന്നുണ്ട്.
ശ്രീമതി.മീരാബെൻ രചിച്ച കവിതകളുടെ സമാഹാരമാണ് ഇവിടെ ഞാൻ അവതരിപ്പിക്കുന്ന 'അടയാളനക്ഷത്രം' എന്ന കൃതി. പഴയ രൂപത്തിലുള്ള ചില കവിതകൾ ഒഴിച്ചുനിർത്തിയാൽ കൂടുതൽ കവിതകളും ബിംബപ്രധാനമാണ്. വൃത്തമെവിടെ, അലങ്കാരമെവിടെ എന്നീ ചോദ്യങ്ങൾക്ക് ഇവിടെ സ്ഥാനമില്ല, പ്രസക്തിയില്ല. കവിയുടെ അന്തരാത്മാവുമായി സംവദിക്കാൻ കഴിയുന്നുണ്ടോ എന്നൊരു ചോദ്യത്തിനു മാത്രമേ ഇവിടെ സ്ഥാനമുള്ളൂ. ആവർത്തിച്ചു വായിക്കുന്തോറും ഇതിലെ കവിതകൾ കൂടുതൽ ഹൃദയസംവാദക്ഷമമായി തീരുന്നുണ്ട് എന്നതാണ് എൻ്റെ മറുപടി.
ഇതിലെ ഒരു കവിത ഞാൻ ദൃഷ്ടാന്തമായി എടുക്കുന്നു. 'കാവ്യനീതി' എന്നതാണ് കവിതയുടെ ശീർഷകം. 'സന്ധ്യാനേരം' എന്ന പ്രയോഗത്തോടെയാണ് കവിതയുടെ പ്രാരംഭം. അവസാനിക്കുന്നത് 'ശിലാകാലം' എന്ന പ്രയോഗത്തിലുമാണ്. രണ്ടിൻ്റേയുമിടയ്ക്ക് 'ഉറുമ്പുകളുടെ കൂട്ടക്ഷരങ്ങൾ, ശലഭനൃത്തങ്ങളെ തോളിലേറ്റിയുള്ള കവിതയുടെ പൂച്ചനടത്തം' ഇപ്രകാരം അനേകം കാവ്യകൽപ്പനകളാണുള്ളത്. ആ കല്പനകൾ സംഗീതത്തിലെ നാദഭേദങ്ങൾ പോലെ കവിതയുടെ സമഗ്രശില്പത്തിൽ അലിഞ്ഞുചേർന്നിരിക്കുകയും ചെയ്യുന്നു. കാവ്യകൽപ്പനകളിൽ ചില വൈരുദ്ധ്യങ്ങൾ ദർശിക്കുന്നുണ്ട് എന്നു തോന്നിയേക്കാം പക്ഷേ അതു നമ്മുടെ കാലഘട്ടത്തിലെ വൈരുദ്ധ്യങ്ങളെയാണ് അഭിവ്യഞ്ജിപ്പിക്കുന്നത്. ഇപ്രകാരം വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കുന്ന ഒരു കവിതയായി 'കാവ്യനീതി' രൂപം പ്രാപിച്ചിരിക്കുന്നു. വൈരുദ്ധ്യങ്ങൾ പുതുയുഗത്തിൻ്റെ വൈരുദ്ധ്യാത്മകമായ സ്വഭാവമല്ലാതെ മറ്റൊന്നുമല്ല. വൈരുദ്ധ്യമെപ്പോഴും സംഘർഷ ജനകമാണ്. എന്നാൽ അവ സമന്വയിക്കപ്പെടുമ്പോഴാകട്ടെ, സംഘർഷം സമന്വയത്തിനു വഴിമാറുന്നു. അതാണ് 'അത്ഭുതഗാനഗന്ധർവ്വൻ' എന്ന പ്രയോഗം ഈ കാവ്യത്തിൽ നിർവ്വഹിക്കുന്ന ഇന്ദ്രജാലം!
സമാഹാരത്തിലെ ഓരോ കവിതയെക്കുറിച്ചും ഇത്തരത്തിൽ സവിസ്തരം പ്രതിപാദിക്കേണ്ടതില്ല എന്നാണ് തോന്നുന്നത്.
കവി മീരാബെൻ പറയുന്നതുപോലെ
ഈ ഒരൊറ്റ കവിതയിൽ നിന്ന് ഇതരകവിതകളുടെ
ആന്തരിക ചൈതന്യത്തിലേയ്ക്കു പ്രവേശിക്കാനുള്ള താക്കോൽ സഹൃദയനു ലഭിക്കുന്നുണ്ട്.
ആ താക്കോൽ ഞാൻ ഇതാ വായനക്കാരെ ഏൽപ്പിക്കുന്നു. മാന്ത്രികശക്തിയുള്ള ആ താക്കോൽ ഉപയോഗിച്ച് ഓരോ കവിതയുടെയും കവാടങ്ങൾ തുറന്ന്, സ്വയം അലംകൃതമായ ആന്തരിക ഭംഗിയിലേയ്ക്ക്
നിങ്ങൾ കടക്കുക.അവാച്യമായ രസം അപ്പോൾ നിങ്ങൾക്കു ലഭ്യമാകുമെന്നു തീർച്ച! ആ രസമാണ് കാവ്യത്തിൻ്റെ പ്രാണൻ എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ..
അത്യധികമായ സന്തോഷത്തോടു കൂടി മീരാബെൻ എന്ന കവിയുടെ സവിശേഷമായ ഈ രചനകൾ വായനക്കാരുടെ മുമ്പാകെ സമർപ്പിക്കുന്നു.
- പ്രൊഫ.എം.കെ.സാനു
**********