മഴുവിൻ്റെ കഥ : സ്വത്വത്തിൻ്റെ അടക്കങ്ങളും കുതറലുകളും

എഴുത്തുകളല്ല എഴുത്തുകളെക്കുറിച്ചുള്ള പറച്ചിലുകളാണ് സാഹിത്യലോകത്ത് പലരുടെയും മേൽവിലാസമായിത്തീരുന്നത് എന്നതിന് കൃത്യമായ ഉദാഹരണമാണ് ബാലാമണിയമ്മയുടെ കവിതകൾ . ബാലാമണിയമ്മയുടെ എഴുത്തിൻ്റെ വൈവിധ്യങ്ങളും വൈരുധ്യങ്ങളും വിശകലനം ചെയ്യാൻ നിൽക്കാതെ,  'മാതൃത്വത്തിൻ്റെ കവയിത്രി ' എന്ന ഒറ്റ വിശേഷണത്തിൻ്റെ മുൻവിധിയിലാണ് ബാലാമണിയമ്മക്കവിതകളെ പലരും അവതരിപ്പിക്കാറ്. ഡോ.എം.ലീലാവതിയും സച്ചിദാനന്ദനും ബാലാമണിയമ്മയുടെ കവിതകളെ കുറേക്കൂടി അടുത്തു നിന്ന് കണ്ടിട്ടുണ്ടെന്നതൊഴിച്ചാൽ സാഹിത്യ ചരിത്രങ്ങളും കാവ്യപഠനങ്ങളും പൊതുവേ ബാലാമണിയമ്മക്കവിതകളെക്കുറിച്ച് പിന്തുടരുന്നത് മേൽപ്പറഞ്ഞ മുൻവിധിയാണ്.

"പ്രായേണ അന്തർമുഖമാണ് ബാലാമണിയമ്മയുടെ മനോഭാവം .ഭാര്യ, കുടുംബിനി ,അമ്മ, മുത്തശ്ശി തുടങ്ങിയ ഭിന്നഭാവങ്ങളാണല്ലോ സ്ത്രീയുടെ സ്വത്വം നിർണ്ണയിക്കുന്നത്.ഇവയിൽ ഒതുങ്ങുന്നു ബാലാമണിയമ്മയുടെ സ്ത്രീസങ്കല്പം.'' എന്ന് എരുമേലി പരമേശ്വരൻപിള്ള മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ എന്ന സാഹിത്യ ചരിത്രത്തിൽ ബാലാമണിയമ്മയെക്കുറിച്ച് എഴുതുന്നു. മേൽപ്പറഞ്ഞ വിശകലനത്തിൽ വ്യക്തമാകുന്നതു പോലെ സ്ത്രീ സാധാരണയായി ജീവിതത്തിൽ കടന്നു പോകാറുള്ള വേഷങ്ങളല്ല ബാലാമണിയമ്മയുടെ  എഴുത്തിനെയോ ജീവിതത്തെയോ നിശ്ചയിക്കുന്നത്. മറിച്ച് ഈ വേഷങ്ങളെ സംബന്ധിച്ച മുൻധാരണകളാണ് അവളുടെ സ്വത്വത്തെ നിശ്ചയിക്കുന്നത്. അമ്മ, ഭാര്യ , കുടംബിനി എന്നീ നിലകളിൽ സാധാരണയായി സ്ത്രീകൾ കടന്നു പോകേണ്ടി വരുന്ന ഉത്തരവാദിത്തങ്ങൾ ബാലാമണിയമ്മയെ അത്രയൊന്നും ബാധിച്ചിരുന്നില്ലെന്ന് മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം വായിച്ചാൽ വ്യക്തമാകും. വീട്ടിലെ ജോലികളൊന്നും ചെയ്യാതെ വായനയുടെയും എഴുത്തിൻ്റെയും ലോകത്ത് ജീവിക്കാൻ സാധിക്കുന്ന ഭൗതിക സാഹചര്യം ബാലാമണിയമ്മയ്ക്കുണ്ടായിരുന്നു. അതിനാൽ അവരുടെ സ്വത്വത്തെ നിശ്ചയിച്ചത് നാലപ്പാട്ടു തറവാട്ടുകാർ പിന്തുടർന്ന ഗാന്ധിയൻ ചിന്തകളും സ്ത്രൈണാദർശങ്ങളു (feminine mystique) മാണ് എന്ന് കരുതാം.
അതേ സമയം ബാലാമണിയമ്മയുടെ സ്വത്വം ഇത്തരത്തിൽ അടിച്ചുറപ്പിക്കപ്പെട്ട ഒന്നായി നിൽക്കുന്നുമില്ല . സൂക്ഷിച്ചുനോക്കിയാൽ ആ ഉറപ്പിൽ ചില വിള്ളലുകൾ കാണാം . 
" വിട്ടയയ്ക്കുക കൂട്ടിൽനിന്നെന്നെ, ഞാ-നൊട്ടു വാനിൽ പറന്നു നടക്കട്ടെ!" എന്ന്  'വിട്ടയയ്ക്കുക ' എന്ന കവിതയിൽ ബാലാമണിയമ്മ എഴുതുമ്പോൾ അവരുടെ  പ്രഖ്യാപിത സ്വത്വത്തിൽ നിന്നുള്ള കുതറൽ കാണാൻ കഴിയും. അന്തർമുഖത്വം എന്നത് ആകാശത്തോടുള്ള താത്പര്യമില്ലായ്മയല്ല വ്യവസ്ഥിതിയുടെ ഉറപ്പാലും കൗശലത്താലും രൂപപ്പെടുന്ന ശീലം കൂടിയാണെന്ന് ബോധ്യപ്പെടാൻ പറന്നു നടക്കാനുള്ള ഈ ആഗ്രഹം സാക്ഷ്യം പറയും.

ബാലാമണിയമ്മയുടെ സ്വത്വനിലയിൽ കാണുന്ന ഈ അടക്കങ്ങളും കുതറലുകളും ഏറ്റവും പ്രകടമാകുന്ന കവിതയാണ് 'മഴുവിൻ്റെ കഥ'. കേരള സൃഷ്ടാവായി പറയപ്പെട്ടിട്ടുള്ള പരശുരാമൻ തൻ്റെയും താൻ സൃഷ്ടിച്ച കേരളത്തിൻ്റെയും മാറ്റങ്ങളെയും വൈരുധ്യങ്ങളെയും തുറന്നു കാണിക്കുകയാണ് ഇക്കവിതയിൽ . പിതൃപാരമ്പര്യത്തിൽ അഭിമാനിക്കുന്ന പരശുരാമൻ പിതാവായ ജമദഗ്നിയുടെ ആജ്ഞയനുസരിച്ചാണ് മാതാവായ രേണുകയെ കൊല്ലുന്നത്. ഗന്ധർവ്വമാരുടെ നീരാട്ടും പ്രണയലീലകളും കണ്ടപ്പോൾ താപസിയായ രേണുക ഒരു നിമിഷം ചഞ്ചലചിത്തയായി എന്നതായിരുന്നു അവളുടെ കുറ്റം .മനസ്സ് കൊണ്ട് ചെയ്യുന്ന പാപമാണ് ഗുരുതരം എന്നും  കുലത്തിൻ്റെ വിശുദ്ധി സൂക്ഷിക്കാൻ രേണുകയെ കൊല്ലണമെന്നുമുള്ള ജമദഗ്നിയുടെ തീർപ്പ്  സംശയമില്ലാതെ അനുസരിച്ച് പരശുരാമൻ അമ്മയായ രേണുകയെ കൊല്ലുന്നു. പിന്നീടും പല ഹിംസകളും ചെയ്ത പരശുരാമൻ്റെ ജീവിതം ഹിംസയ്ക്കും അഹിംസയ്ക്കുമിടയിലുള്ള അസ്ഥിരവും അശാന്തവുമായ സഞ്ചാരമായാണ് കവിതയിൽ അവതരിപ്പിക്കുന്നത്.

പരശുരാമൻ്റെ അസ്ഥിര സ്വഭാവം ബ്രാഹ്മണനായ ജമദഗ്നിയുടെയും ക്ഷത്രിയ സ്ത്രീയായ രേണുകയുടെയും സന്താനമായതിനാൽ കൂടിയാണ് എന്ന് കവിത പറയുന്നു. ബ്രാഹ്മണ്യം നിശ്ചലതയും തപസ്സും അനാസക്തിയുമായും ക്ഷത്രിയത്വം ചലനവും ആസക്തിയും ഹിംസയുമായും കവിതയിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ജാതീയ നില എന്നതിനപ്പുറം  മനോനിലകളായാണ് ഇവ കവിതയിൽ പ്രവർത്തിക്കുന്നത്.  പശ്ചാത്താപത്തോടെ അശാന്തനായി ജീവിക്കുന്ന തന്നെയല്ല താൻ കൊടുത്ത വാക്കിൽ നിന്ന് പിന്മാറാതെ  വിനയത്തോടെ തല കുനിച്ചു കൊടുത്ത മഹാബലിയെയാണ് താൻ സൃഷ്ടിച്ച കേരളം കാത്തിരിക്കുന്നത് എന്ന് പരശുരാമൻ ആശ്വാസത്തോടെ കവിതയ്ക്കൊടുവിൽ പറയുന്നിടത്ത് ഹിംസ / അഹിംസ എന്നത് ജാതീയനിലകളല്ല മനോനിലകളാണെന്ന് തെളിയുന്നുണ്ട്.

ജമദഗ്നിയേയോ പിതൃ അധികാരത്തെയോ കവിത നേരിട്ട് വിമർശിക്കുന്നില്ല. വെളിപ്പെടുത്തുന്നതിലേറെ കവിത ഒളിച്ചുവെക്കുന്നു. കവിത പ്രത്യക്ഷത്തിൽ രേണുകയുടെ ഭാഗത്ത് നിന്ന്  സംസാരിക്കുന്നില്ലെങ്കിലും പരശുരാമൻ്റെ അശാന്തിയുടെ കാരണം മാതൃഹത്യയും മാതൃപാരമ്പര്യത്തെ നിഷേധിക്കാനുള്ള ശ്രമവുമാണെന്ന് കാണാം. പിതാവിനോടുള്ള ഭക്തിയാലാണ് പരശുരാമൻ വീണ്ടും വീണ്ടും ഹിംസയിലേക്ക് പോകുന്നത്. സംഹാരത്തിനായല്ല നൃഷ്ടിക്കായാണ് ആത്മീയ സമ്പത്ത് ഉപയോഗിക്കേണ്ടത് എന്ന് മകനെ ഉപദേശിക്കുന്ന ജമദഗ്നി തന്നെയാണ് മകനെക്കൊണ്ട് മാതൃഹത്യ ചെയ്യിക്കുന്നത് എന്ന വിമർശനവും കവിത ഒളിച്ചുവെക്കുന്നു. അഹിംസയുടെ മുഖംമൂടിയണിഞ്ഞ ഹിംസയായി ജമദഗ്നി മാറുന്നു. ജമദഗ്നിക്കെതിരായി കവിതയിൽ രേണുകയുടെ ഒരു ദീർഘനിശ്വാസം മാത്രമാണുള്ളത്. അനാസക്തയാവാൻ ശീലിക്കേണ്ടി വരുന്ന രേണുകയോട് എന്നതുപോലെ പിതൃപാരമ്പര്യത്തെ നിഷേധിക്കാൻ കഴിയാത്ത പരശുരാമനോടും ബാലാമണിയമ്മ ഇക്കവിതയിലൂടെ താദാത്മ്യപ്പെടുന്നുണ്ട്. നീല വാനിനു താഴെ പച്ച നാക്കില വെച്ച പോലെ കാണപ്പെടുന്ന കേരളത്തിൻ്റെ കഥ കൂടിയാണ് മഴുവിൻ്റെ കഥ . അമ്മയെക്കൊന്ന മഴുവെറിഞ്ഞ് പരശുരാമൻ സൃഷ്ടിച്ച കേരളത്തിൻ്റെ കഥ. അത് പിതൃ അധികാരത്തിൻ്റെയും അതിനാൽ തീരുമാനിക്കപ്പെടുന്ന സ്വത്വനിലകളുടെയും കഥയാണ്. ജമദഗ്നി സവർണ പുരുഷാധികാരമായി വെളിപ്പെട്ടു വരുന്ന കേരളത്തിൻ്റെ കഥ .

Comments

(Not more than 100 words.)
Ullad
Jul 20, 2025

Super and divinity 

Ullad
Jul 20, 2025

Super and divinity