കവിതകൊണ്ട് പെൺമൊഴി തിരഞ്ഞവൾ (ഗിരിജ.പി പാതേക്കരയുടെ കവിതകൾ - പഠനം)
**********
- സിമിത ലെനീഷ്
******
പുതുകവിതാ വഴിയിൽ സ്വതന്ത്രമായ തൻ്റെ വഴിയെ ഗിരിജ പി പാതേക്കര സ്വന്തം കവിതകളിലൂടെ അടയാളപ്പെടുത്തുന്നു. ഇന്നത്തെ കവിതാലോകത്ത് സ്വന്തം അനുഭവങ്ങളെ അനുഭവതീക്ഷ്ണതയോടെ ആവിഷ്കരിക്കുന്ന കവികൾ ധാരാളമാണ്. ഗിരിജ. പി .പാതേക്കരയും ആ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ ആണ്. പെൺകാഴ്ചകൾ വിപുലമായ ഇന്ന് കവിതകളിൽ പെണ്ണനുഭവങ്ങൾ പച്ചയായി ആവിഷ്കരിക്കുമ്പോൾ പാരമ്പര്യ അധീശത്വ നിലപാടുകൾ ചോദ്യം ചെയ്യപ്പെടുകയും പൊളിഞ്ഞു വീഴുകയും ചെയ്യുന്നുണ്ട്.
സ്ത്രീ ബാഹ്യമായും ആന്തരികമായും കടന്നു പോകുന്ന അനുഭവങ്ങളെ കവിതയിൽ ആവിഷ്കരിക്കുക എന്നത് ഗിരിജയുടെ ആഖ്യാനത്തിൻ്റെ പ്രത്യേകതയാണ്. അതിന് അവർ സ്വീകരിക്കുന്നത് തികച്ചും ജൈവീകമായതും മനുഷ്യർക്ക് അനുഭവവേദ്യമാകുന്നതുമായ സ്ത്രീ മനസ്സിൻ്റെ അടയാളപ്പെടുത്തലുകളാണ് . കവിതയിലെ ഭാഷ പെണ്ണനുഭവങ്ങളാൽ നനഞ്ഞു കുതിരുന്നു. കവിതയിൽ പെൺ ശരീരവും പെൺ മനസ്സും കൂടിച്ചേർന്ന് കാലം ഏൽപ്പിക്കുന്ന തീക്ഷ്ണമായ മുറിവുകളിലൂടെ പുതിയ ലോകത്തെ സ്വീകരിക്കുന്ന പെൺകാഴ്ചകൾ നിറയുന്നു.
ഒരു കുടുംബിനിയായിരിക്കുന്ന, അമ്മയായിരിക്കുന്ന എല്ലാ സ്ത്രീകളും ഈ കവിതകൾ ഏറ്റെടുക്കും. സ്വന്തം ഇടം നഷ്ടപ്പെട്ടു ഒന്നുമല്ലാതായി തീരുന്ന ഒരുപാട് സ്ത്രീകളുടെ മുഖമാണ് ഈ കവിതകളിൽ കാണുന്നത് . മറ്റൊന്നുകൂടിയുണ്ട് ഇക്കവിതകളിൽ അത് സ്ത്രീയായി ഇരിക്കുന്നതിൻ്റെ ആനന്ദമാണ് . എവിടെയും കൈവിട്ടു കളയാത്ത ആത്മവീര്യമാണ്. അതുകൊണ്ടുതന്നെയാണ്
"തിളയ്ക്കുന്ന എണ്ണയിലേക്ക് എന്നെയൊന്നെറിഞ്ഞു നോക്കൂ
അപ്പോൾ കാണാം ആത്മവീര്യത്തോടെ
തലയുയർത്തി ഞാൻ പൊങ്ങി പൊങ്ങി വരുന്നത് കടിച്ചാൽ പൊട്ടാത്തവണ്ണം മൊരിയുന്നത് " (കൊണ്ടാട്ടം)
എന്ന് പറയുന്നത്.
"ഞാനിപ്പോൾ പിറന്നതേയുള്ളൂ
പറഞ്ഞു തുടങ്ങുന്നതേയുള്ളൂ
നടന്നു പഠിക്കുന്നതേയുള്ളൂ
ഇനി ഊഴം എൻ്റെതാണ്" ( പെൺപിറവി)
എന്ന് പറയുന്നത്.
പുരുഷാധിപത്യ സമൂഹത്തിൽ പെണ്ണിൻ്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു എന്ന് ഈ കവിതയിലൂടെ കവി പറഞ്ഞുവയ്ക്കുന്നു .നടന്നു പഠിക്കുന്നതേയുള്ളൂ പക്ഷെ അതു കഴിഞ്ഞാൽ ഊഴം എൻ്റേതാണെന്ന ഉറച്ച പെൺ ശബ്ദം ഇക്കവിതകളിൽ കേൾക്കാം.
"കുളിമുറിയിൽ
മൂളിപ്പാട്ട് പാടിയതിന്
കണ്ണാടിയിലേറെ നേരം
നോക്കി നിന്നതിന്
കൃത്യ നേരം തെറ്റി
വീട് അണഞ്ഞതിന്
ഉറക്കെ ചിരിച്ചതിന്
ചിന്തിച്ചതിന്
ആ വാക്കെറിഞ്ഞ്
വീഴ്ത്താറുണ്ടായിരുന്നു അവളെ
അമ്മ അച്ഛൻ ആങ്ങളമാർ " (ഒരുമ്പെട്ടോൾ)
എന്ന് ഗിരിജ പാതേക്കര എഴുതുമ്പോൾ
പുരുഷകേന്ദ്രീകൃത വ്യവസ്ഥയിൽ അധിഷ്ഠിതമായ ഭാഷാപ്രയോഗങ്ങൾക്കെതിരെ കവിതയിലൂടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സ്ത്രീയെ ഏറ്റവും അധികം തളർത്തിയിട്ടുണ്ട് ഒരുമ്പെട്ടവൾ എന്ന വാക്ക് . പക്ഷേ ആ വാക്കിനെ പടിയ്ക്ക് പുറത്ത് നിർത്തി വിചാരണ ചെയ്യുമ്പോൾ കിട്ടുന്ന സുഖം എത്രയോ വലുതാണ്. ഭാഷാ പ്രയോഗങ്ങളോടുള്ള ഈ പോരാട്ടം തൊട്ടാവാടി എന്ന കവിതയിലും കടന്നുവരുന്നുണ്ട് .
"അതൊരജ്ഞയാണ് തൊടരുതെന്ന് ആയിരം മുള്ളുകളുള്ള ഒരു ആജ്ഞ . മുറിപ്പെടുത്തുമെന്ന ഒരു മുന്നറിയിപ്പ്. "
സ്ത്രീകൾ പൊതുവേ തൊട്ടാവാടികളാണ് എന്ന പൊതു സങ്കൽപ്പത്തോട് വളരെ കൃത്യമായി കവി എതിർപ്പ് രേഖപ്പെടുത്തുന്നു.
"കാലം ശരീരത്തിൽ
മായ്ക്കാനാവാത്ത കുറിപ്പുകളെഴുതുമ്പോൾ ഡയറിയിലെഴുതാൻ സമയവും
സൂക്ഷിക്കാനിടവുമില്ലാത്ത പെൺവിധിയിൽ
എന്തിന് വിലപിക്കണം" ( അടയാളങ്ങൾ )
എന്ന് നഷ്ടപ്പെട്ടുപോകുന്ന പെണ്ണിടങ്ങളെക്കുറിച്ചും അവളുടെ സ്വകാര്യതകളെ പറ്റിയും സ്വയംബോധത്തെ കുറിച്ചുമെല്ലാം കവി ചോദിക്കുമ്പോൾ വാക്കുകൾ മുറിഞ്ഞ് തീരുന്നു. എങ്ങനെയാണ് ഈ ലോകം ആണിന് മാത്രമായത് ? ഭോഗിക്കപ്പെടും മുറിവേൽപ്പിക്കപ്പെട്ടും കുടുംബമെന്ന ഭദ്രതയ്ക്കുള്ളിൽ സ്ത്രീ തളയ്ക്കപ്പെട്ടത്? ഏത് കാലത്തിൻ്റെ നിയമസംഹിതയിലുടെയാണത് ? ചരിത്രമാകാത്ത, ചരിത്രത്തിൽ ഇടം നേടാത്ത, പെൺ അനുഭവങ്ങളെ മുന്നിലേക്കിറക്കി നിർത്തി കവിത കൊരുക്കുമ്പോൾ ആ കവിതകൾ ചരിത്രമായി മാറുന്നു.
"പിടഞ്ഞുണരുക
തറകൾക്ക് തിളക്കമാവുക
വസ്ത്രങ്ങൾക്കു വർണ്ണമാവുക
അടുപ്പിൽ തിളച്ചു വേവുക
പാത്രങ്ങളിൽ നിറയുക
നിൻ്റെ പരുക്കുകളിൽ കുഴമ്പായ് പരക്കുക" ( ദിനചര്യകൾ)
വീട് അടുക്കള കുടുംബം എന്നിവയിൽ തളയ്ക്കപ്പെട്ട ശരീരവും മനസ്സും സ്വാതന്ത്ര്യവുമില്ലാത്ത പെണ്ണുങ്ങൾ ഉള്ള വീടുകളോട് ഇത് ചോദിക്കുമ്പോൾ എത്ര പെണ്ണുങ്ങൾ സ്വന്തം കാര്യങ്ങൾക്ക് സമയവും സന്ദർഭവുമില്ലാതെ ഒതുങ്ങി പോയിരിക്കാമെന്നത് കടുത്ത വേവ് തന്നെ. ആരാണ് പെണ്ണിന് ദിനചര്യകൾ സൃഷ്ടിച്ചത്?അടുക്കളയെന്ന ലോകമാണ് വലുതെന്ന് പഠിപ്പിച്ചത്? ദിനചര്യകളിൽ നിന്ന് പുരുഷൻ രക്ഷപ്പെട്ടതെങ്ങനെ? ഇത്തരം ചോദ്യങ്ങളിലേക്കുള്ള നടന്ന് കയറലാണ് ഗിരിജയുടെ കവിതകൾ
"തിരുവോണത്തിന്
കാളനായും ഓലനായും
ഇലകളിൽ തിരക്കാണ്
കുമിഞ്ഞുകൂടുന്ന പാത്രങ്ങൾ
തേച്ച് വെളുപ്പിക്കലാണ് " '
(ഓണമെന്നാൽ അവൾക്ക്)
എന്നെഴുതുന്നുണ്ട് ഗിരിജ പാതേക്കര .
ഓണമെന്നാൽ വിഭവങ്ങളും ആളും ആരവവും അഴുക്കുകളും ഒരുപോലെ കുമിഞ്ഞുകൂടുന്ന ഒന്നാണ്. അടുക്കള എന്നും ഒരു ഭാരം തന്നെയാണ്. ഓണമെന്നാൽ അടുക്കള മാത്രമാവുന്ന പെണ്ണുങ്ങളും ഉണ്ട്.
"എന്താണിങ്ങനെ ?
നീ കുതിരുന്ന മഴയിൽ ഞാൻ നനയാത്തത് കൊണ്ടോ
നിൻ്റ സമയങ്ങളെല്ലാം
എൻ്റെ അസമയങ്ങളായത്
കൊണ്ടോ "
എന്ന് 'രണ്ട് ലോകങ്ങൾ' എന്ന കവിതയിൽ ഗിരിജ എഴുതുന്നു.
ഒരിക്കലും ചേർത്തു വയ്ക്കാൻ കഴിയാത്ത ലോകം സ്ത്രീക്കും പുരുഷനും ഉണ്ടായിരിക്കുന്നു. അതുകൊണ്ടാണ് നിൻ്റെ വാക്കിൽ വിപ്ലവത്തിൻ്റെ കനൽ ജ്വലിക്കുമ്പോൾ ഞാൻ എഴുതുന്നതിൽ പാൽ നിറഞ്ഞ മുലകളുടെ വിങ്ങൽനിറയുന്നത് എന്ന്, എന്തുകൊണ്ടോ ഒരു ലോകം എനിക്കും നിനക്കും ഒരുമിച്ചുണ്ടാകുന്നില്ല എന്ന്, നിൻ്റെ ശബ്ദം കലാപത്തിൻ്റെ പൊട്ടിത്തെറിയാകുമ്പോൾ എൻ്റെത് ഇടിയുകയും പൊടിയുകയും കരയുകയും ചെയ്യുന്ന ശബ്ദം ആയി മാറുന്നു എന്ന് , എത്ര ലാഘവത്തോടെ നിഷേധിക്കപ്പെട്ട ഇടങ്ങളെ കവി ഓർമിപ്പിക്കുന്നു.
കവിതകളിൽ മുഴുവൻ പെണ്ണാണ്, പ്രണയമാണ് .നീയും ഞാനും ചേർന്നു പോകാത്ത ലോകത്തിലെ അസ്വസ്ഥതകളാണ്. പെണ്ണെന്ന രൂപത്തിനുള്ളിൽ മനസ്സിലാക്കാതെ പോയ ഹൃദയവേദനകളുടെ ആകെത്തുകയാണ്. കവിതയെ നിർവ്വചിക്കാൻ കഴിയാത്ത തരത്തിൽ ഗിരിജയുടെ കവിത പെൺജീവിതത്തെ നിർവ്വചിക്കുന്നു. തൻ്റെ കവിതകളിലൂടെ ഗിരിജ പെൺലോകത്തെ അവതരിപ്പിക്കുമ്പോൾ നിഷേധിക്കപ്പെട്ട മനുഷ്യരുടെ ഇടമായി ആ കവിതകൾ മാറുന്നു.