ലാൽ ദെദ് - വചനങ്ങൾ - വിവർത്തനം -സ്റ്റാലിന
(1)
പൊതുവഴിയിലൂടെ
ഞാനിവിടെയെത്തി
അതിലേക്കിനി
മടക്കമില്ല.
തീരത്ത്, യാത്രയുടെ
പാതിവഴിയിൽ
നിൽക്കുന്നു ഞാൻ
പകൽ കടന്നുപോയി.
രാവെത്തിക്കഴിഞ്ഞു.
കൈവശമാകെ തിരഞ്ഞിട്ടുമൊരു
കവടി പോലും കണ്ടില്ല.
കടത്തുവഞ്ചിക്കെന്ത്
കൊടുക്കും ഞാൻ?
(2)
അഭിനിവേശമുള്ളവളായിരുന്നു ഞാൻ
അതിയായ മോഹത്താൽ നിറഞ്ഞ്
അകലങ്ങളിൽ, അതിദൂരങ്ങളിൽ തിരഞ്ഞു ഞാനലഞ്ഞു
എന്നാൽ
സത്യരൂപനെന്നെ
തേടിയെത്തിയ ദിനത്തിൽ,
ഞാനെൻ്റെ ഗേഹത്തിലായിരുന്നു.
(3)
നിന്നിൽത്തന്നെ
മൂടിപ്പൊതിഞ്ഞിരുന്നു
നീയെന്നിൽ നിന്നുമൊളിഞ്ഞിരുന്നു
ദിനമത്രയും നിന്നെ
തേടുകയായിരുന്നു ഞാൻ
എന്നിലൊളിഞ്ഞിരിക്കുന്ന നിന്നെ കണ്ടുപിടിച്ചപ്പോൾ ഞാനോടിക്കളഞ്ഞു
ഇനി ഞാൻ, ഇനി നീ
എന്ന മട്ടിൽ കളിയായി.
ലാൽ ദെദ് :
കശ്മീർ സംസ്ക്കാരത്തിൻ്റെ, 'കാശ്മീരിയത്തി'ൻ്റെ അവിഭാജ്യഘടകമായി മാറിയ മിസ്റ്റിക് കവി. ജീവിതകാലഘട്ടം എ ഡി 1300- കളിലാണെന്ന് കണക്കാക്കപ്പെടുന്നു.ലാൽ ദെദിൻ്റെ വചനങ്ങൾ- 'വാഖ്' എന്നറിയപ്പെടുന്ന രചനകൾ - കശ്മീർ ജനതയുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായ മൊഴികളാണ്.
സ്റ്റാലിന
കവി, അദ്ധ്യാപിക. കവിതാ സമാഹാരം: വിരൽത്തുമ്പിലിറ്റുന്ന വിത്തുകൾ.വിവിധ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഗവേഷക വിദ്യാർത്ഥിയാണ്.